'ഇന്ത്യയില്‍ ജനാധിപത്യത്തെ കൂച്ചുവിലങ്ങിടാനുള്ള ശ്രമങ്ങള്‍ നടക്കുന്നു': കേംബ്രിഡ്ജില്‍ രാഹുല്‍ ഗാന്ധി

'ഇന്ത്യയില്‍ ജനാധിപത്യത്തെ കൂച്ചുവിലങ്ങിടാനുള്ള ശ്രമങ്ങള്‍ നടക്കുന്നു': കേംബ്രിഡ്ജില്‍ രാഹുല്‍ ഗാന്ധി

ഇന്ത്യയുടെ പ്രതിഛായ തകര്‍ക്കാനുള്ള നീക്കമാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് കേന്ദ്ര മന്ത്രി

ഇന്ത്യന്‍ ജനാധിപത്യം നേരിടുന്നത് സമാനതകളില്ലാത്ത വെല്ലുവിളിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേംബ്രിഡ്ജ് സര്‍വകലാശാലയിലെ പ്രഭാഷണത്തിനിടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ രൂക്ഷ വിമര്‍ശനം. ഇസ്രായേല്‍ ചാര സോഫ്റ്റ് വെയറായ പെഗാസസ് ഉപയോഗിച്ച് രാജ്യത്തെ രാഷ്ട്രീയക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തുകയാണ്, തന്റെ ഫോണും പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തിയെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. മൊബൈല്‍ ഫോണില്‍ സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നും നിങ്ങളുടെ കോളുകള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്നുണ്ടെന്നും മുതിര്‍ന്ന ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ തന്നോട് വെളിപ്പെടുത്തിയതായും രാഹുല്‍ പറഞ്ഞു. '21ാം നൂറ്റാണ്ടില്‍ കേള്‍ക്കേണ്ടതും പഠിക്കേണ്ടതും' എന്ന വിഷയത്തിലായിരുന്നു രാഹുല്‍ ഗാന്ധി കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ സംസാരിച്ചത്.

എന്റെ ഫോണില്‍ പെഗാസസ് ഉണ്ടായിരുന്നു, രാജ്യത്തെ രാഷ്ട്രീയ പ്രവര്‍ത്തകരുടെ ഫോണിലും പെഗാസസ് ഉണ്ടായിരുന്നു. ഇതാണ് ഇന്ത്യയില്‍ പ്രതിപക്ഷത്തിരിക്കുന്ന ഞങ്ങള്‍ നിലവില്‍ അനുഭവിക്കുന്ന സമ്മര്‍ദമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. തനിക്കെതിരെയും നിരവധി ക്രിമിനില്‍ കേസുകള്‍ നിലനല്‍ക്കുന്നുണ്ടെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.

രാജ്യത്ത് പാര്‍ലമെന്റിനും മാധ്യമങ്ങള്‍ക്കും ജുഡീഷ്യറിയ്ക്കും കൂച്ചുവിലങ്ങിടാനുള്ള നീക്കങ്ങള്‍ നടക്കുകയാണ് എന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ഞാന്‍ ഇന്ത്യയിലെ ഒരു പ്രതിപക്ഷ നേതാവാണ്, ഇവിടെ ജനാധിപത്യത്തിന് ആവശ്യമായ വ്യവസ്ഥാപിത ചട്ടക്കൂടായ പാര്‍ലമെന്റ്, സ്വതന്ത്ര മാധ്യമങ്ങള്‍, ജുഡീഷ്യറി, എന്നീ ആശയങ്ങളെല്ലാം പരിമിതപ്പെടുത്തുകയാണ്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടനയ്ക്കെതിരായ ആക്രമണമാണ് ഞങ്ങള്‍ നേരിടുന്നത്' രാഹുല്‍ ഗാന്ധി പറഞ്ഞു.

'ഭരണഘടനയില്‍ ഇന്ത്യയെ സംസ്ഥാനങ്ങളുടെ യൂണിയനെന്നാണ് വിശേഷിപ്പിക്കുനത്. ആ യൂണിയനില്‍ ചര്‍ച്ചകളും സംഭാഷണങ്ങളും ആവശ്യമാണ്, ആ അവകാശമാണ് ആക്രമണത്തിനും ഭീഷണിയ്ക്കും വിധേയമാകുന്നത്. ചില വിഷയങ്ങളെക്കുറിച്ച് സംസാരിക്കാന്‍ പാര്‍ലമെന്റ് മന്ദിരത്തിന് മുന്നില്‍ നിന്നതിന് പ്രതിപക്ഷ നേതാക്കളെ ജയിലിലടച്ചു. ന്യൂനപക്ഷങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കുമെതിരായ അധിക്രമങ്ങളുടെ വാര്‍ത്തകള്‍ രാജ്യത്ത് എന്ത് സംഭവിക്കുന്നു എന്നതിന്റെ ഉദാഹണമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.'

അതേസമയം, രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍ രംഗത്തെത്തി. തന്റെ ഫോണില്‍ പെഗാസസ് ഉണ്ടെന്ന് ആരോപണം എന്ത് കൊണ്ട് അന്വേഷിക്കാന്‍ തയ്യാറായില്ലെന്ന് ചോദിച്ച അദ്ദേഹം, ഇന്ത്യയുടെ പ്രതിഛായ തകര്‍ക്കാനുള്ള നീക്കമാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്നും ആരോപിച്ചു.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലായിരുന്നു കേന്ദ്രസര്‍ക്കാര്‍ വിവരങ്ങള്‍ ചോര്‍ത്തുന്നതിനായി പെഗാസസ് ഉപയോഗിച്ചുവെന്നത് പരിശേധിക്കാന്‍ സുപ്രീകോടതി സമിതിയെ നിയോഗിച്ചത്. അവര്‍ നടത്തിയ പരിശോധനയില്‍ 29 ഫോണുകളില്‍ സ്‌പൈവെയറിന്റെ സാന്നിധ്യം കണ്ടെത്താന്‍ സാധിച്ചില്ലെങ്കിലും അഞ്ച് ഫോണുകളില്‍ മാല്‍വെയര്‍ സാന്നിധ്യം കണ്ടെത്തിയിരുന്നു.

logo
The Fourth
www.thefourthnews.in