'പുതിയ പാര്‍ലമെന്റ് മന്ദിരം കൊള്ളില്ല, വെറും മോദി മള്‍ട്ടിപ്ലക്‌സ്'; പരിഹസിച്ച് ജയറാം രമേശ്‌

'പുതിയ പാര്‍ലമെന്റ് മന്ദിരം കൊള്ളില്ല, വെറും മോദി മള്‍ട്ടിപ്ലക്‌സ്'; പരിഹസിച്ച് ജയറാം രമേശ്‌

രമേശിന്റെ പരമാർശം 140 കോടി ഇന്ത്യക്കാരുടെ അഭിലാഷങ്ങളെ അപമാനിക്കലാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ

ഉദ്ഘാടനം കഴിഞ്ഞു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ പോരായ്മകള്‍ ചര്‍ച്ചയാക്കി കോണ്‍ഗ്രസ് എംപി ജയറാം രമേശ്. പുതിയ മന്ദിരത്തിന്റെ പോരായ്മകള്‍ എണ്ണിയെണ്ണി പറഞ്ഞ അദ്ദേഹം മന്ദിരത്തെ പാര്‍ലമെന്റ് എന്ന് വിളിക്കാനാകില്ലെന്നും വെറും 'മോദി മള്‍ട്ടിപ്ലക്‌സ്' മാത്രമാണതെന്നും പരിഹസിച്ചു. കൂടാതെ, ഇരുസഭകളിലും അർത്ഥവത്തായ ചർച്ചകൾ നടക്കാതെ പോകുന്നതിലും അദ്ദേഹം വളരെയധികം നിരാശ പ്രകടിപ്പിച്ചു.

വളരെയധികം ആവേശത്തോടെ ആരംഭിച്ച പുതിയ പാർലമെന്റ് മന്ദിരം യഥാർത്ഥത്തിൽ പ്രധാനമന്ത്രിയുടെ ലക്ഷ്യങ്ങളെയാണ് സാക്ഷാത്കരിക്കുന്നതെന്ന് ജയറാം രമേശ് ചൂണ്ടിക്കാട്ടി. കൂടാതെ, വാസ്തുവിദ്യയ്ക്ക് ജനാധിപത്യത്തെ കൊല്ലാൻ കഴിയുമെങ്കിൽ, ഭരണഘടന തിരുത്തിയെഴുതാതെ തന്നെ പ്രധാനമന്ത്രി ഇതിനകം വിജയിച്ചുവെന്നും അദ്ദേഹം വിമർശനമുയർത്തി.

പാർലമെന്റിന്റെ വാസ്തുവിദ്യയെ കടന്നാക്രമിച്ചു കൊണ്ടുളള വിമർശനമാണ് ജയറാം രമേശ് നടത്തിയിരിക്കുന്നത്. പാർലമെന്റിന്റെ ഹാളുകൾക്ക് ഒതുക്കമില്ലാത്തതിനാൽ സഭയിലെ അം​ഗങ്ങൾക്ക് പരസ്പരം കാണാൻ ബൈനോക്കുലറുകൾ ആവശ്യമാണെന്ന് അദ്ദേഹം പരിഹസിച്ചു. അംഗങ്ങൾ തമ്മിലുളള ഫലപ്രദമായ ആശയവിനിമയത്തിനും സൗഹൃദത്തിനും തടസ്സമാകുന്ന തരത്തിലാണ് പുതിയ പാർലമെന്റ് നിർമ്മിച്ചിരിക്കുന്നത്. ഇരു സഭകളും തമ്മിലുളള ഏകോപനം വളരെ ബുദ്ധിമുട്ടിലായിരിക്കുന്നു. പഴയ കെട്ടിടത്തിൽ നിന്ന് തികച്ചും വ്യത്യസ്തമായി, പുതിയ സമുച്ചയത്തിനുള്ളിലെ ഇടനാഴികൾ പല തരത്തിലുമുളള ബുദ്ധിമുട്ടികൾ സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്താക്കി. പുതിയ പാർലമെന്റിന്റെ ഘടനയെ അദ്ദേഹം 'ക്ലോസ്‌ട്രോഫോബിക്' (അടച്ചുമൂടിയ) എന്നാണ് വിശേഷിപ്പിച്ചത്. പഴയ പാർലമെന്റിന്റെ സാധ്യതകളെ മുൻ നിർത്തിയായിരുന്നു ജയറാം രമേശിന്റെ വിമർശനം.

പുതിയ കെട്ടിടത്തിന്റെ രൂപകല്പനയിൽ സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ആശങ്കകളും ജയറാം രമേശ് ശ്രദ്ധയിൽപ്പെടുത്തി. കെട്ടിടം ഉപയോഗിക്കുന്നവരുമായി കൂടിയാലോചന നടത്താത്തതാണ് നിലവിലെ പ്രശ്‌നങ്ങൾക്ക് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാൽ, ജയറാം രമേശിന്റെ വിമർശനത്തിനു പിന്നാലെ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ ഇതിനെതിരെ രം​ഗത്തുവന്നു. രമേശിന്റെ പരമാർശം 140 കോടി ഇന്ത്യക്കാരുടെ അഭിലാഷങ്ങളെ അപമാനിക്കലാണെന്നും കോൺഗ്രസ് പാർട്ടിയുടെ ദയനീയ മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം എക്സിൽ പോസ്റ്റ് ചെയ്തു. ഇതാദ്യമായല്ല കോൺഗ്രസ് പാർലമെന്റ് വിരുദ്ധ നിലപാട് സ്വീകരിക്കുന്നതെന്നും 1975ലും അതിനായി ശ്രമിച്ചിരുന്നുവെന്നും എന്നാൽ, അത് ദയനീയമായി പരാജയപ്പെട്ടുവെന്നും ജയറാം രമേശിനെ വിമർശിച്ച് അദ്ദേഹം എക്സിൽ എഴുതി.

logo
The Fourth
www.thefourthnews.in