'ഉത്തരം തയ്യാറാക്കി വച്ചോളൂ';
അദാനി വിഷയത്തില്‍ 
മോദിയുടെ മൗനം ചോദ്യം ചെയ്ത് കോൺഗ്രസ്

'ഉത്തരം തയ്യാറാക്കി വച്ചോളൂ'; അദാനി വിഷയത്തില്‍ മോദിയുടെ മൗനം ചോദ്യം ചെയ്ത് കോൺഗ്രസ്

വിഷയത്തിൽ മോദി സർക്കാരിന്റെ മൗനം ഒത്തുകളിയാണെന്നാണ് കോൺഗ്രസിന്റെ ആരോപണം

അദാനി ഗ്രൂപ്പിന്റെ ഓഹരി ഇടിവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനം ചോദ്യം ചെയ്ത് കോൺഗ്രസ്. വിഷയത്തിൽ മോദി സർക്കാരിന്റെ മൗനം ഒത്തുകളിയാണെന്നാണ് കോൺഗ്രസിന്റെ ആരോപണം. ചോദ്യങ്ങൾക്ക് സർക്കാർ മറുപടി നൽകണമെന്നും പാർട്ടി ആവശ്യപ്പെട്ടു. സംഭവത്തിൽ സർക്കാരിന്റെ പ്രതികരണം അറിയാൻ ഞായറാഴ്ച തുടങ്ങി ഒരു ദിവസം മൂന്ന് ചോദ്യങ്ങൾ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഉന്നയിക്കുമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.

സാമ്പത്തിക കുറ്റവാളികളുടെ താവളങ്ങൾ ഇല്ലാതാക്കുന്നതിനും ബാങ്കിംഗ് രഹസ്യങ്ങളുടെ വല തകർക്കാനും തുടങ്ങി അഴിമതികൾക്കെതിരെ നമ്മൾ ഒരുമിച്ച് പ്രവർത്തിക്കണമെന്ന് 2016 സെപ്റ്റംബർ 5ന് ചൈനയിൽ നടന്ന ജി20 ഉച്ചകോടിയിൽ മോദി പറഞ്ഞിരുന്നു. നമ്മൾ അദാനിയുടെ ആരാണ് (ഹം അദാനി കെ ഹെ കോൻ) എന്ന് ചോദിക്കുന്നതിൽ നിന്ന് മോദി സർക്കാരിന് മറച്ചുവയ്ക്കാൻ കഴിയാത്ത ചില ചോദ്യങ്ങളിലേക്കുള്ള വഴിയാണ് തെളിയുന്നത് എന്നും ജയറാം രമേശ് പറഞ്ഞു.

മോദിയുടെ സുഹൃത്ത് ഗൗതം അദാനി ലോകത്തിലെ ഏറ്റവും വലിയ അഴിമതിവീരനാണ്. എന്നാൽ പ്രധാനമന്ത്രി മൗനം പാലിക്കുകയാണ്. സംഭവത്തിൽ ഒരു അന്വേഷണവും നടന്നിട്ടില്ലെന്നും നിയമനടപടികൾ സ്വീകരിച്ചിട്ടില്ലെന്നും കോൺഗ്രസ് ട്വീറ്റ് ചെയ്തു. ചോദ്യങ്ങൾക്കുള്ള ഉത്തരം തയ്യാറാക്കി വച്ചോളൂ, തിങ്കളാഴ്ച രാജ്യ വ്യാപകമായി പ്രതിഷേധം നടത്താനാണ് തീരുമാനമെന്നും ട്വീറ്റിൽ പറയുന്നു.

ജനുവരി 24ന് യുഎസ് ആസ്ഥാനമായ ധനകാര്യ ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ അദാനി ഗ്രൂപ്പിനെതിരെ ഗുരുതരമായ ആരോപണങ്ങളാണുള്ളത്. ഇതിനെ തുടർന്ന് ഓഹരി വിപണിയിൽ കമ്പനി വൻ തിരിച്ചടി നേരിട്ടിരുന്നു. ഹിൻഡൻബർഗ് റിപ്പോർട്ടിന് ശേഷം കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി 10 കമ്പനികളിൽ നിന്നായി 8.76 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് കമ്പനിക്ക് ഉണ്ടായത്.

ഹിൻഡൻബർഗ് റിപ്പോർട്ടിനെ വിമർശിച്ചുകൊണ്ട് അദാനി ഗ്രൂപ്പ് ഒന്നിലധികം പ്രസ്താവനകളാണ് പുറത്തിറക്കിയത്. നിക്ഷേപകരുടെ താൽപര്യം പരമപ്രധാനമാണെന്നും അദാനി എന്റർപ്രൈസസിലെ 20,000 കോടി രൂപയുടെ ഓഹരി വിൽപ്പന റദ്ദാക്കിയതായും ഗൗതം അദാനി കഴിഞ്ഞയാഴ്ച പ്രസ്താവനയിൽ പറഞ്ഞിരുന്നു. എന്നാൽ ദേശസ്നേഹം കാണിച്ചതുകൊണ്ടോ ആരോപണങ്ങളെ അവഗണിച്ചതുകൊണ്ടോ ചെയ്ത അഴിമതികൾ ഇല്ലാതാകില്ല എന്നാണ് ഹിൻഡൻബർഗ് പ്രതികരിച്ചത്.

logo
The Fourth
www.thefourthnews.in