സ്വാതന്ത്ര്യദിന സന്ദേശത്തില്‍ നെഹ്‌റുവില്ല; ട്വിറ്റർ പോരടിച്ച് മമതയും കോണ്‍ഗ്രസും
സ്വാതന്ത്ര്യദിന സന്ദേശത്തോടൊപ്പം പോസ്റ്റ് ചെയ്ത ചിത്രത്തില്‍ നെഹ്‌റുവിനെ ഉള്‍പ്പെടുത്താതെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മമത ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രത്തില്‍ നിന്നാണ് ജവഹര്‍ലാല്‍ നെഹ്‌റുവിനെ ഒഴിവാക്കിയത്. ഇതോടെ, മമതക്കെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. നെഹ്‌റുവിന്റെ പ്രസിദ്ധമായ '' വിധിയുമായി നാമൊരു കരാറുണ്ടാക്കി '' എന്ന സ്വാതന്ത്ര്യദിന പ്രസംഗം, വരയിലൂടെ അവതരിപ്പിച്ച ഒരു കുട്ടിയുടെ ചിത്രം റീട്വീറ്റ് ചെയ്താണ് ബംഗാള്‍ കോണ്‍ഗ്രസ് മമതയ്ക്ക് മറുപടി നല്‍കിയത്. നെഹ്റുവിനെ ഒഴിവാക്കി കർണാടക സർക്കാർ നൽകിയ പരസ്യം നേരത്തെ വിവാദമായിരുന്നു.
'' ആദ്യ സ്വാതന്ത്ര്യദിനത്തിലെ അമൂല്യ നിമിഷം വരച്ചു കൊണ്ട് നമ്മുടെ അടിസ്ഥാന ചരിത്ര പാഠങ്ങള്‍ ഓര്‍മ്മിപ്പിക്കുകയാണ് എന്റെ മകള്‍ '', ചിത്രം പങ്കു വെച്ചു കൊണ്ട് കുട്ടിയുടെ അച്ഛനായ അഭിഷേക് ബാനര്‍ജി ട്വിറ്ററില്‍ കുറിച്ചു. ഈ ട്വീറ്റാണ് പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക അക്കൗണ്ടിലൂടെ മമത ബാനര്‍ജിയെയും തൃണമൂല്‍ കോണ്‍ഗ്രസിനെയും ടാഗ് ചെയ്ത് റീട്വീറ്റ് ചെയ്തത്. രാഷ്ട്രീയ യജമാനന്‍മാരെ തൃപ്തിപ്പെടുത്താനായി സ്വാതന്ത്ര്യ സമര സേനാനികളില്‍ നിന്ന് നെഹ്‌റുവിനെ മനഃപ്പൂര്‍വം ഒഴിവാക്കിയ മമതയ്ക്കും തൃണമൂലിനും ഒരു കുട്ടിയില്‍ നിന്ന് ചരിത്ര പാഠം എന്ന അടിക്കുറിപ്പോടെയാണ് കോണ്‍ഗ്രസ് ചിത്രം പങ്ക് വെച്ചത്. '' നിങ്ങളുടെ യജമാനന്‍ മോദിയെ തൃപ്തിപ്പെടുത്താന്‍ നിങ്ങള്‍ക്ക് കഴിയുമായിരിക്കും. പക്ഷേ ചരിത്രത്തില്‍ നിന്ന് നെഹ്‌റുവിനെ ഒഴിവാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കില്ല '', കോണ്‍ഗ്രസ് വ്യക്തമാക്കി.
കര്‍ണാടക സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച സ്വാതന്ത്ര്യദിന പരസ്യത്തിലും നെഹ്‌റുവിനെ ഉള്‍പ്പെടുത്താഞ്ഞത് വിവാദമായിരുന്നു. സംഭവത്തില്‍ കടുത്ത എതിര്‍പ്പ് രേഖപ്പെടുത്തിയ കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ വിശദീകരണം നൽകണമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയോട് ആവശ്യപ്പെട്ടു. പൊതുജനങ്ങളുടെ പണം ചെലവാക്കി നിര്‍മിച്ച പരസ്യത്തിലൂടെ നെഹ്‌റുവിനെ അപമാനിക്കുന്നത് അസഹനീയമെന്നും മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണമെന്നും സിദ്ധരാമയ്യ പറഞ്ഞു. ഹര്‍ ഘര്‍ തിരംഗ ക്യാമ്പെയിനിന്റെ ഭാഗമായി മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച സർക്കാർ പരസ്യമാണ് വിവാദമായത്.
സമീപകാലത്ത് മമത ബാനർജിയുടെ രാഷ്ട്രീയ നിലപാടുകൾ കോൺഗ്രസിനെയും പ്രതിപക്ഷത്തെയും ചൊടിപ്പിച്ചിരുന്നു. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ ഐക്യ സ്ഥാനാർഥിക്കൊപ്പം നിൽക്കാൻ മമത തയ്യാറായില്ല. കേന്ദ്ര സർക്കാരിനെതിരെ കടുത്ത ഭാഷയിൽ വിമർശനമുന്നയിച്ചിരുന്ന തൃണമൂൽ കോൺഗ്രസ് നിലപാടിൽ അയവ് വരുത്തിയെന്നാണ് ഉയരുന്ന ആരോപണം. ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചതും ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് നെഹ്രുവിനെ ഒഴിവാക്കിയുള്ള ട്വീറ്റ്.