അഞ്ഞൂറിലേറെ സീറ്റുകളില്‍ മത്സരിച്ച പാരമ്പര്യം ഇനി പഴങ്കഥ; ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സീറ്റില്‍ മത്സരിക്കാന്‍
കോണ്‍ഗ്രസ്

അഞ്ഞൂറിലേറെ സീറ്റുകളില്‍ മത്സരിച്ച പാരമ്പര്യം ഇനി പഴങ്കഥ; ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സീറ്റില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ്

കഴിഞ്ഞതവണ മത്സരിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കാനാണ് ഇത്തവണ ബിജെപി കണക്കുകൂട്ടുന്നത്

പ്രതാപം കുറയുമ്പോള്‍ വിട്ടുവീഴ്ചകള്‍ക്ക് വഴങ്ങേണ്ടി വരുന്നത് സ്വാഭാവികമാണ്, അതാണ് ഇപ്പോള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സ്ഥിതി. ഒരുകാലത്ത് ഇച്ഛിച്ച സീറ്റിലെല്ലാം മത്സരിച്ച പാരമ്പര്യമുണ്ടായിരുന്നു കോണ്‍ഗ്രസിന്. രണ്ടരപ്പതിറ്റാണ്ട് മുമ്പ് 540 അംഗ ലോക്‌സഭയിലെ 529 സീറ്റുകളിലും അവര്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നു. ഇപ്പോള്‍ അതെല്ലാം പഴങ്കഥ. ബിജെപിയുടെയും മോദി പ്രഭാവത്തിന്റെയും മുന്നില്‍ പതറി രാഷ്ട്രീയ നിലനില്‍പുപോലും അപകടാവസ്ഥയിലായ കോണ്‍ഗ്രസ് തങ്ങളുടെ വാശിയെല്ലാം മാറ്റിവച്ചേതീരൂ. മൂന്നാമൂഴം ലക്ഷ്യമിടുന്ന ബിജെപിയെ പരാജയപ്പെടുത്താന്‍ സഖ്യകക്ഷികളുടെ താത്പര്യം സംരക്ഷിച്ചും വിട്ടുവീഴ്ച ചെയ്തും നില്‍ക്കേണ്ടി വരുന്ന അവര്‍ ഇക്കുറി തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും കുറവ് സീറ്റില്‍ മാത്രമാണ് മത്സരിക്കാന്‍ ഒരുങ്ങുന്നത്. അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ പോലും 400 സീറ്റില്‍ താഴെ മത്സരിക്കാത്ത കോണ്‍ഗ്രസ് ഇക്കുറി 255 സീറ്റില്‍ മാത്രം ഫോക്കസ് ചെയ്ത് കളത്തിലിറങ്ങാന്‍ തീരുമാനിക്കുമ്പോള്‍ കഴിഞ്ഞതവണ മത്സരിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കാനാണ് ഇത്തവണ ബിജെപി കണക്കുകൂട്ടുന്നത്.

സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം 1951-ല്‍ നടന്ന ആദ്യ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 479 സീറ്റില്‍ മത്സരിക്കുകയും 364 സീറ്റില്‍ ജയിക്കുകയും ചെയ്തു. 2004-ല്‍ ആണ് കോണ്‍ഗ്രസ് ഇതിന് മുന്‍പ് ഏറ്റവും കുറവ് സീറ്റുകളില്‍ മത്സരിച്ചത്. 417 സീറ്റിലായിരുന്നു അന്ന് പാര്‍ട്ടി മത്സരിച്ചത്. 1996-ലെ തിരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസ് ഏറ്റവും കൂടുതല്‍ സീറ്റുകളില്‍ മത്സരിച്ചത്. 529 സീറ്റില്‍ മത്സരിച്ച പാര്‍ട്ടിക്ക് അന്ന് 140 സീറ്റ് കിട്ടി. 471 സീറ്റില്‍ മത്സരിച്ച ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി. 161 സീറ്റിലാണ് ബിജെപി വിജയിച്ചത്. എബി വാജ്‌പേയിയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചെങ്കിലും രണ്ടാഴ്ചയ്ക്ക് ശേഷം ഭൂരിപക്ഷം തെളിയിക്കാനാകാതെ രാജിവച്ചു. തുടര്‍ന്ന് യുണൈറ്റഡ് ഫ്രണ്ട് രൂപീകരിച്ച് എച്ച് ഡി ദേവെഗൗഡ പ്രധാനമന്ത്രിയായി. കോണ്‍ഗ്രസ് പുറത്തുനിന്നു പിന്തുണച്ചു.

അഞ്ഞൂറിലേറെ സീറ്റുകളില്‍ മത്സരിച്ച പാരമ്പര്യം ഇനി പഴങ്കഥ; ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സീറ്റില്‍ മത്സരിക്കാന്‍
കോണ്‍ഗ്രസ്
'സോണിയയോ ഖാര്‍ഗെയോ വന്നുചോദിച്ചാല്‍ ഒരു സീറ്റ് കൂടി തരാം'; പകവീട്ടുകയാണോ ദീദി?, 'ഇന്ത്യ'ക്ക് 'ബംഗാള്‍ ക്ഷാമം'

1984-ല്‍ 229 സീറ്റില്‍ മത്സരിച്ചുകൊണ്ടായിരുന്നു ബിജെപിയുടെ കടന്നുവരവ്. വെറും രണ്ട് സീറ്റ് ജയിച്ച ബിജെപി 2019-ല്‍ എത്തിയപ്പോള്‍ 436 സീറ്റില്‍ മത്സരിക്കുകയും 303 ഇടത്ത് വിജയിക്കുകയും ചെയ്തു. 422 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് 52 സീറ്റിലേക്ക് ഒതുങ്ങി. 2014-ല്‍ 464 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് ജയിച്ചത് 44 സീറ്റിലാണ്. 428 സീറ്റില്‍ മത്സരിച്ച ബിജെപി 282 സീറ്റ് നേടി. 1991-ന് ശേഷം പൊളിറ്റിക്കല്‍ ഗ്രാഫ് മുകളിലേക്ക് മാത്രം പോകുന്ന ബിജെപി 300 സീറ്റില്‍ താഴെ മത്സരിച്ചിട്ടില്ല.

2019-ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 29 സീറ്റുകളില്‍ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. 160 സീറ്റുകളില്‍ പാര്‍ട്ടി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മൂന്നാം സ്ഥാനത്തേക്ക് പോയ സീറ്റുകളില്‍ സഖ്യകക്ഷികള്‍ക്ക് വിട്ടുനല്‍കി പിന്തുണ നല്‍കിയാല്‍ ഇവിടങ്ങളില്‍ മുന്നണിക്ക് വിജയിക്കാനാകുമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. കോണ്‍ഗ്രസ് 255 സീറ്റുകള്‍ മാത്രം ഫോക്കസ് ചെയ്യുകയും ബാക്കിയുള്ള 288 സീറ്റുകളില്‍ സഖ്യകക്ഷികള്‍ മത്സരിക്കുകയും ചെയ്താല്‍ ബിജെപിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്താന്‍ സാധിക്കും.

സ്‌ട്രൈക്ക് റേറ്റ് താഴേക്ക് പോകുന്ന കോണ്‍ഗ്രസ്

മത്സരിച്ച സീറ്റുകളുടെ എണ്ണവും വിജയ ശതമാനവും തമ്മില്‍ നോക്കിയാല്‍ ബിജെപി ശക്തരാകുന്നതിന് മുന്‍പ് തന്നെ കോണ്‍ഗ്രസ് താഴേക്കു പോയി തുടങ്ങിയിട്ടുണ്ടെന്ന് മനസിലാക്കാം. ആദ്യ രണ്ട് തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച 75 ശതമാനം സീറ്റുകളില്‍ ജയിക്കാന്‍ കഴിഞ്ഞ കോണ്‍ഗ്രസിന് പക്ഷേ 1984-ലെ തിരഞ്ഞെടുപ്പ് ഒഴിച്ചാല്‍ 'സ്‌ട്രൈക്ക് റേറ്റ'് അതുപോലെ നിലനിര്‍ത്താന്‍ സാധിച്ചിട്ടില്ല. 1984-ല്‍ ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പെന്ന നിലയില്‍ കോണ്‍ഗ്രസ് 80 ശതമാനം സീറ്റുകളില്‍ വിജയിച്ചു. 2014-ല്‍ 9.48 ശതമാനനമാണ് പാര്‍ട്ടിയുടെ സ്‌ട്രൈക്ക് റേറ്റ്. 2019-ല്‍ സ്‌ട്രൈക്ക് റേറ്റ് 12.5 ശതമാനം.

ഇപ്പോള്‍ ഇന്ത്യ മുന്നണിയിലുള്ള പാര്‍ട്ടികളില്‍ 2019-ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സീറ്റുകളില്‍ മത്സരിച്ചത് സിപിഎം ആണ്. 69 സീറ്റിലാണ് സിപിഎം മത്സരിച്ചത്. മൂന്ന് സീറ്റ് മാത്രം വിജിച്ച സിപിഎമ്മിന്റെ സ്‌ട്രൈക്ക് റേറ്റ് 4.35 ശതമാനമാണ്. തൃണമൂല്‍ കോണ്‍ഗ്രസ് 62 സീറ്റില്‍ മത്സരിച്ച് 22 എണ്ണം നേടി.35.48 ശതമാനമാണ് ടിഎംസിയുടെ സ്‌ട്രൈക്ക് റേറ്റ്. മത്സരിച്ച 24 സീറ്റിലും ജയിച്ച് ഏറ്റവും വലിയ മൂന്നാമത്തെ കക്ഷിയായി ഡിഎംകെയ്ക്ക് 100 ശതമാനം സ്‌ട്രൈക്ക് റേറ്റുണ്ട്. 25 സീറ്റില്‍ മത്സരിച്ച ജെഡിയു 16 എണ്ണത്തില്‍ വിജയിച്ചു. 64 ശതമാനമാണ് ജെഡിയുവിന്റെ സ്‌ട്രൈക്ക് റേറ്റ്.

logo
The Fourth
www.thefourthnews.in