'ഇന്ത്യക്ക്' വഴങ്ങാന്‍ കോണ്‍ഗ്രസ്; സീറ്റുകളിൽ പിടിവാശി ഇല്ല,  ഫോക്കസ് ചെയ്യുന്നത് 255 മണ്ഡലങ്ങളില്‍, ചര്‍ച്ചകള്‍ ഉടന്‍

'ഇന്ത്യക്ക്' വഴങ്ങാന്‍ കോണ്‍ഗ്രസ്; സീറ്റുകളിൽ പിടിവാശി ഇല്ല, ഫോക്കസ് ചെയ്യുന്നത് 255 മണ്ഡലങ്ങളില്‍, ചര്‍ച്ചകള്‍ ഉടന്‍

അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പിലേറ്റ വലിയ തിരിച്ചടിക്ക് പിന്നാലെയാണ് കോണ്‍ഗ്രസ് നിലപാട് മയപ്പെടുത്തിയിരിക്കുന്നത്

പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണിക്ക് 'വഴങ്ങി' മുന്നോട്ടുപോകാന്‍ കോണ്‍ഗ്രസ്. സീറ്റ് പങ്കിടലിന്റെ കാര്യത്തില്‍ കടുംപിടിത്തം വേണ്ടെന്ന് കോണ്‍ഗ്രസ് നേതൃയോഗത്തില്‍ തീരുമാനം. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍, നാഷണല്‍ അലയന്‍സ് കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചര്‍ച്ച നടന്നു. മുന്നണിയിലെ കക്ഷികളുമായി സീറ്റ് പങ്കിടല്‍ ചര്‍ച്ചകള്‍ ആരംഭിക്കാന്‍ നേതൃത്വം കമ്മിറ്റിക്ക് നിര്‍ദേശം നല്‍കി. 255 സീറ്റുകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.

മുന്നണിയില്‍ ആവശ്യപ്പെടാനുള്ള സീറ്റുകളെ സംബന്ധിച്ച് സംസ്ഥാന നേതൃത്വങ്ങള്‍ ലിസ്റ്റ് നല്‍കിയെങ്കിലും വിജയ സാധ്യതകളുള്ള സീറ്റുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്, മറ്റിടങ്ങളില്‍ ബിജെപി വിരുദ്ധ ചേരിക്ക് ശക്തിപകരണമെന്ന നിര്‍ദേശമാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ മുന്നോട്ടുവച്ചത്. അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പിലേറ്റ വലിയ തിരിച്ചടിക്ക് പിന്നാലെയാണ് കോണ്‍ഗ്രസ് നിലപാട് മയപ്പെടുത്തിയിരിക്കുന്നത്.

2019-ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 421 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ്, വെറും 52 ഇടത്ത് മാത്രമാണ് വിജയിച്ചത്. ബിഹാറില്‍ 12 സീറ്റില്‍ മത്സരിക്കണമെന്നാണ് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. ആര്‍ജെഡിയുമായും ജെഡിയുമായും വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്നും ബിഹാര്‍ ഘടകം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 9 സീറ്റിലാണ് ബിഹാറില്‍ പാര്‍ട്ടി മത്സരിച്ചത്.

ഉത്തര്‍പ്രദേശില്‍ ആകെയുള്ള 80 സീറ്റുകളില്‍ എസ്പിയുമായി ധാരണയിലെത്തിയാല്‍, 40 സീറ്റാണ് സംസ്ഥാന ഘടകം ആവശ്യപ്പെടുന്നത്. 20 ഇടത്ത് വിജയപ്രതീക്ഷയുണ്ടെന്നും സംസ്ഥാന നേതാക്കള്‍ അവകാശപ്പെട്ടു. എന്നാല്‍, രണ്ട് സീറ്റില്‍ കൂടുതല്‍ കോണ്‍ഗ്രസിന് നല്‍കില്ലെന്ന് നേരത്തെ തന്നെ അഖിലേഷ് യാദവ് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 70 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് ആകെ ലഭിച്ചത് സോണിയ ഗാന്ധി മത്സരിച്ച റായ്ബറേലി മാത്രമാണ്.

'ഇന്ത്യക്ക്' വഴങ്ങാന്‍ കോണ്‍ഗ്രസ്; സീറ്റുകളിൽ പിടിവാശി ഇല്ല,  ഫോക്കസ് ചെയ്യുന്നത് 255 മണ്ഡലങ്ങളില്‍, ചര്‍ച്ചകള്‍ ഉടന്‍
രാജ്യസഭയില്‍ നിന്ന് ഈ വർഷം പടിയിറങ്ങുന്നത് 68 എംപിമാര്‍; 60 പേരും ബിജെപി അംഗങ്ങള്‍, കേരളത്തില്‍ നിന്ന് മൂന്നുപേര്‍

ബംഗാളില്‍ ആറ് സീറ്റ് ചോദിക്കണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യം. നാല് സീറ്റില്‍ ജയിക്കാന്‍ സാധിക്കുമെന്നും ബംഗാള്‍ ഘടകം അവകാശപ്പെടുന്നു. എന്നാല്‍, രണ്ട് സീറ്റില്‍ കൂടുതല്‍ നല്‍കാനാകില്ല എന്നാണ് മമത ബാനര്‍ജിയുടെ നിലപാട്.

പഞ്ചാബില്‍ എഎപിയുമായി സഖ്യം സാധ്യമല്ലെന്നും എല്ലാ സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കണമെന്നുമാണ് സംസ്ഥാന ഘടകം ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ അലയന്‍സ് കമ്മിറ്റി നിലപാട് വ്യക്തമാക്കിയിട്ടില്ല. ഉത്തര്‍പ്രദേശ്, ബംഗാള്‍, പഞ്ചാബ്, ഡല്‍ഹി സംസ്ഥാനങ്ങളില്‍ സീറ്റ് പങ്കിടല്‍ ചര്‍ച്ചകള്‍ സങ്കീര്‍ണമാകും എന്ന വിലയിരുത്തലിലാണ് അലയന്‍സ് കമ്മിറ്റി.

പഞ്ചാബിലും ഡല്‍ഹിയിലും സഖ്യത്തിന് തയ്യാറാണെന്ന് എഎപി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, ഇരു പാര്‍ട്ടികളുടേയും സംസ്ഥാന ഘടകങ്ങള്‍ എതിരുനില്‍ക്കുകയാണ്. പഞ്ചാബിലും ഡല്‍ഹിയിലും എഎപി വിട്ടുവീഴ്ചയ്ക്ക് തയ്യാറായാല്‍, ഹരിയാനയിലും ഗുജറാത്തിലും സീറ്റ് വിട്ടുനല്‍കുന്ന കാര്യം പരിഗണിക്കാമെന്നാണ് കോണ്‍ഗ്രസ് ദേശീയനേതൃത്വത്തിന്റെ നിലപാട്. യുപിയിൽ ആകെയുള്ള 80 സീറ്റില്‍ 65 ഇടത്ത് മത്സരിക്കാനാണ് എസ് പി ആലോചിക്കുന്നത്. ബാക്കി 15 സീറ്റില്‍ ഭൂരിഭാഗവും ആര്‍എല്‍ഡിക്ക് നല്‍കിയേക്കും.

logo
The Fourth
www.thefourthnews.in