നിയമസഭയിലെ സവര്‍ക്കര്‍ ചിത്രം നീക്കം ചെയ്യാന്‍ കോണ്‍ഗ്രസ്, നേരിടാന്‍ ബിജെപി; വീണ്ടും സവര്‍ക്കര്‍ പോരില്‍ കര്‍ണാടക

നിയമസഭയിലെ സവര്‍ക്കര്‍ ചിത്രം നീക്കം ചെയ്യാന്‍ കോണ്‍ഗ്രസ്, നേരിടാന്‍ ബിജെപി; വീണ്ടും സവര്‍ക്കര്‍ പോരില്‍ കര്‍ണാടക

ശൈത്യകാല സമ്മേളനം നടക്കുന്ന ബെലഗാവിയിലെ സുവര്‍ണ വിധാന്‍ സൗധയില്‍ കഴിഞ്ഞ ബി ജെ പി സര്‍ക്കാര്‍ ആയിരുന്നു സവര്‍ക്കറിന്റെ ഛായാചിത്രം സ്ഥാപിച്ചത്

ഹിന്ദുത്വവാദി വി ഡി സവര്‍ക്കറിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് ശമനമില്ലാതെ കര്‍ണാടക നിയമസഭ. നിയമസഭയുടെ ശൈത്യകാല സമ്മേളനം നടക്കുന്ന ബെലഗാവിയിലെ സുവര്‍ണ വിധാന്‍ സൗധയിലെ സവര്‍ക്കറിന്റെ ഛായാചിത്രത്തെ ചൊല്ലിയാണ് പുതിയ തര്‍ക്കം. ബിജെപി സര്‍ക്കാരിന്റെ കാലത്ത് കഴിഞ്ഞ ഡിസംബര്‍ മാസത്തിലായിരുന്നു സവര്‍ക്കറിന്റെ പൂര്‍ണകായ ഛായാചിത്രം നിയമസഭാ സമ്മേളന വേദിയില്‍ ഇടംപിടിച്ചത്.

ഭരണം മാറിയതോടെ ചിത്രം നീക്കം ചെയ്യാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍. മഹാത്മാ ഗാന്ധി, ബി ആര്‍ അംബേദ്കര്‍, സ്വാമി വിവേകാനന്ദന്‍, ബസവണ്ണ എന്നിവരുടെ ചിത്രങ്ങള്‍ക്കൊപ്പമാണ് വി ഡി സവര്‍ക്കറിന്റെ ചിത്രം നിയമസഭാ ഹാളില്‍ എം എല്‍ എമാര്‍ക്ക് അഭിമുഖമായി തൂക്കിയിരിക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടായിരുന്നു ബസവരാജ് ബൊമ്മെ സര്‍ക്കാര്‍ നിയമസഭാ ഹാളില്‍ സവര്‍ക്കറിന്റെ ചിത്രം അനാച്ഛാദനം ചെയ്തത്. അന്നത്തെ പ്രതിപക്ഷമായിരുന്ന കോണ്‍ഗ്രസ്, ബിജെപി സര്‍ക്കാരിന്റെ നീക്കത്തെ എതിര്‍ത്തിരുന്നു. എന്ത് പുണ്യം ചെയ്തിട്ടാണ് സവര്‍ക്കറിന്റെ ചിത്രം നിയമസഭാ ഹാളില്‍ തൂക്കിയതെന്നു ബിജെപി വ്യക്തമാക്കണമെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ ആവശ്യപ്പെട്ടിരുന്നു. ബിജെപി നീക്കത്തില്‍ പ്രതിഷേധിച്ച് നിയമസഭക്ക് മുന്നില്‍ കോണ്‍ഗ്രസ് കുത്തിയിരിപ്പു സമരം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍, ഇപ്പോള്‍ പന്ത് കോണ്‍ഗ്രസിന്റെ കോര്‍ട്ടിലാണ്.

നിയമസഭാ ഹാളില്‍ നിന്ന് സവര്‍ക്കറിന്റെ ചിത്രം മാറ്റി പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ ചിത്രം തൂക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ് എന്നാണ് റിപ്പോര്‍ട്ട്. ഡിസംബര്‍ നാലിനാണ് ബെലഗാവിയിലെ നിയമസഭയില്‍ ശൈത്യകാല സമ്മേളനം ചേരുക. അതിനു മുന്നോടിയായി നിയമസഭാ ഹാളില്‍ ഛായാചിത്രങ്ങള്‍ പുന:ക്രമീകരിക്കും. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഈ നീക്കത്തിനെതിരെ പ്രക്ഷോഭം നടത്താനൊരുങ്ങുകയാണ് ഇപ്പോഴത്തെ പ്രതിപക്ഷമായ ബിജെപി. സവര്‍ക്കറുടെ ചിത്രം നീക്കിയാല്‍ ദൂരവ്യാപക പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് സര്‍ക്കാരിന് പ്രതിപക്ഷ നേതാവ് ആര്‍ അശോക് . സവര്‍ക്കര്‍ ധീര ദേശാഭിമാനിയാണെന്നും ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ ഇന്ത്യന്‍ യുവതയെ നയിച്ചയാളാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

വി ഡി സവര്‍ക്കറെ മഹത്വ വത്കരിക്കാനുള്ള കഴിഞ്ഞ ബിജെപി സര്‍ക്കാരിന്റെ ശ്രമങ്ങളെ നഖശിഖാന്തം എതിര്‍ത്തവരാണ് കര്‍ണാടക കോണ്‍ഗ്രസ്. കര്‍ണാടകയിലെ സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ ബിജെപി തിരുകി കയറ്റിയ സവര്‍ക്കറെ മഹത്വ വത്കരിക്കുന്ന ഭാഗങ്ങള്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നതോടെ പിന്‍വലിച്ചിരുന്നു. മൈസൂര്‍ രാജാവായിരുന്ന ടിപ്പു സുല്‍ത്താന്റെയും സാമൂഹ്യ പരിഷ്‌കര്‍ത്താവായ ശ്രീ നാരായണ ഗുരുവിന്റെയും പാഠഭാഗങ്ങള്‍ ഒഴിവാക്കിയായിരുന്നു ബിജെപിയുടെ പാഠപുസ്തക പരിഷ്‌കരണം. പാഠപുസ്തകത്തിലെ സവര്‍ക്കര്‍ അധ്യായം പഠിപ്പിക്കേണ്ടതില്ലെന്നു നിലപാടെടുത്തതിന് സമാനമായി നിയമസഭയില്‍ നിന്നും 'സവര്‍ക്കറെ' തുരത്താന്‍ തന്നെയാണ് കോണ്‍ഗ്രസ് നീക്കമെന്നറിയുന്നു. അങ്ങനെയെങ്കില്‍ കര്‍ണാടക നിയമസഭയുടെ ഇത്തവണത്തെ ശൈത്യകാല സമ്മേളനം ബഹളമയമാകുമെന്നുറപ്പാണ്.

logo
The Fourth
www.thefourthnews.in