'ആര്‍എസ്എസിനെ നിരോധിക്കാനും മടിക്കില്ല'; ഹിജാബ് നിരോധനമടക്കം പുനഃപരിശോധിക്കുമെന്ന് പ്രിയങ്ക് ഖാർഗെ

'ആര്‍എസ്എസിനെ നിരോധിക്കാനും മടിക്കില്ല'; ഹിജാബ് നിരോധനമടക്കം പുനഃപരിശോധിക്കുമെന്ന് പ്രിയങ്ക് ഖാർഗെ

സിദ്ധരാമയ്യക്കെതിരെ വിദ്വേഷ പ്രസംഗം, അശ്വത് നാരായണക്കെതിരെ കേസ്

കര്‍ണാടകയില്‍ മുൻ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന ജനോപദ്രവങ്ങളായ ബില്ലുകള്‍ പുനഃപരിശോധിക്കുമെന്നു കോണ്‍ഗ്രസ്. പാഠപുസ്തക പരിഷ്‌കരണം, കശാപ്പ് നിരോധനം, മതപരിവര്‍ത്തന വിരുദ്ധ നിയമം തുടങ്ങിയവ പുനഃപരിശോധിക്കുമെന്ന് മന്ത്രി പ്രിയങ്ക് ഖാര്‍ഗെ വ്യക്തമാക്കി. സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്‍ത്താല്‍ ആര്‍എസ്എസ് ആയാലും നിരോധിക്കാന്‍ മടിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഉദ്യോഗസ്ഥ തലത്തിലെടുത്ത നിരവധി തീരുമാനങ്ങളും വീണ്ടും പരിശോധിക്കും. സംസ്ഥാനത്തിന്റെ പ്രതിച്ഛായ മോശമാക്കുന്നതും സംസ്ഥാന താത്പര്യങ്ങള്‍ക്ക് വിരുദ്ധവുമായ നിരവധി ബില്ലുകളും ഉത്തരവുകളും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട് . വ്യക്തി സ്വാതന്ത്ര്യവും മൗലികാവകാശങ്ങളും ഹനിക്കുന്ന ബില്ലുകളും ഭരണഘടനാ വിരുദ്ധമായ ബില്ലുകളും ഉത്തരവുകളും റദ്ദാക്കുമെന്നും അദ്ദേഹം പറഞ്ഞു . മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്ത്യ ഹിജാബ് നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാരിനെ സാമീപിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു മറുപടി. എന്നാൽ ഹിജാബ് നിരോധനത്തിന്‌റെ കാര്യം മന്ത്രി പേരടുത്ത് പരാമര്‍ശിച്ചിട്ടില്ല.

സ്‌കൂള്‍ പാഠപുസ്തകത്തില്‍ ബിജെപി കൊണ്ടുവന്ന മാറ്റങ്ങളും ജയന്തി ആഘോഷങ്ങളും മാറ്റുമെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.'' സംസ്ഥാനത്തിന്‌റെ സാമ്പത്തിക പുരോഗതിയെയും അഭിവൃദ്ധിയും തടയുള്ള എല്ലാ ബില്ലുകളും ഉത്തരവുകളും പിന്‍വലിക്കും.''ഖാര്‍ഗെ പറഞ്ഞു. കര്‍ണാടകയെ രാജ്യത്തെ ഒന്നാം നമ്പര്‍ സംസ്ഥാനമാക്കുകയാണ് ലക്ഷ്യമെന്നും ഇതിനായി കോണ്‍ഗ്രസ് നടപടി സ്വീകരിക്കുമെന്നും ഖാര്‍ഗെ പറഞ്ഞു. കശാപ്പ് നിരോധന ബില്ലും മതപരിവര്‍ത്തന വിരുദ്ധ ബില്ലും അവ കൊണ്ടുവരുമ്പോള്‍ തന്നെ കോണ്‍ഗ്രസ് ശക്തമായി എതിര്‍ത്തിരുന്നു. കശാപ്പ് പൂര്‍ണമായും നിരോധിക്കുന്ന നിയമം 2021 ജനുവരിയിലാണ് സംസ്ഥാനത്ത് പ്രാബല്യത്തില്‍ വന്നത്. ഹിജാബ് നിരോധനമടക്കം പിന്‍വലിക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് പ്രിയങ്ക് ഖാര്‍ഗെയുടെ പ്രതികരണം വരുന്നത്.

സാമുദായിക സൗഹാര്‍ദം തകര്‍ത്താര്‍ ആര്‍എസ്എസിനെയും നിരോധിക്കാൻ ‍ മടിക്കില്ലെന്നും പ്രിയങ്ക് ഖാര്‍ഗെ വ്യക്തമാക്കി. ബജ്രംഗ് ദള്‍ പോലെ പി എഫ് ഐ പോലെ ആര്‍ എസ് എസിനെ നിരോധിക്കാന്‍ നീക്കമുണ്ടോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു പ്രിയങ്ക് ഖാര്‍ഗെയുടെ മറുപടി. ''ഏതെങ്കിലും മതസംഘടനകളോ രാഷ്ട്രീയ പ്രസ്ഥാനമോ സാമുദായിക വിദ്വേഷ പ്രചാരണത്തിന് ശ്രമിച്ചാല്‍ നിയമനടപടി സ്വീകരിക്കാനോ അവയെ നിരോധിക്കാനോ സര്‍ക്കാര്‍ മടിക്കില്ല. അത് ആര്‍എസ്എസോ മറ്റ് ഏത് സംഘടനയോ ആയാലും'' പ്രിയങ്ക് ഖാര്‍ഗെ ട്വീറ്റ് ചെയ്തു. നേരത്തെ തിരഞ്ഞെടുപ്പ് ബജ്രംഗ്ദളിനെ നിരോധിക്കുമെന്ന കോണ്‍ഗ്രസിന്‌റെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രഖ്യാപനം പ്രചാരണവേളയില്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.

അതേസമയം, മൈസൂരുവില്‍ സിദ്ധരാമയ്യയ്ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയ മുന്‍ ഉപമുഖ്യമന്ത്രി അശ്വത് നാരായണയ്ക്കെതിരെ ദേവരാജ് പോലീസ് സ്റ്റേഷനില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു . സിദ്ധരാമയ്യയെ ടിപ്പു സുല്‍ത്താനെ പോലെ തല്ലണം എന്നായിരുന്നു അശ്വത് നാരായണ പ്രസംഗിച്ചത്. ''നാവും തലച്ചോറും തമ്മില്‍ ബന്ധമില്ലാതെ സംസാരിക്കുന്നവരാണ് ബിജെപിക്കാര്‍. ഇനി സംസാരിക്കുന്ന കാര്യങ്ങളില്‍ നല്ല ജാഗ്രത വേണം, മുന്‍പ് രക്ഷപ്പെട്ടത് പോലെ ഇനി അവര്‍ക്ക് രക്ഷപ്പെടാനാവില്ല.'' പ്രിയങ്ക് ഖാര്‍ഗെ ഓര്‍മിപ്പിച്ചു.

കോണ്‍ഗ്രസിന് അധികാരം തലയ്ക്ക് പിടിച്ചിരിക്കുകയാണെന്ന് അശ്വത് നാരായന്റെ പ്രതികരണം. ജനങ്ങള്‍ കോൺഗ്രസിനെ പാഠം പഠിപ്പിക്കും. കോണ്‍ഗ്രസിന്റെ പ്രീണന രാഷ്ട്രീയത്തിന് തിരിച്ചടി കിട്ടും. കോണ്‍ഗ്രസിനെ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

പ്രിയങ്ക് ഖാർഗെ
പ്രിയങ്ക് ഖാർഗെ

തോന്നിയത് പോലെ ആരെയും എന്തും പറയുകയും അധിക്ഷേപിക്കുകയും കേസില്‍ കുടുക്കുകയും ചെയ്യുന്ന പഴയ രീതി ഇനി നടക്കില്ലെന്ന സൂചനയാണ് കര്‍ണാടക സര്‍ക്കാര്‍ നല്‍കുന്നത്. പോലീസിലെ കാവിവത്കരണം തടയാനും സംഘപരിവാര്‍ സംഘടനകളുടെ സദാചാര പോലീസിങ് തടയാനും സര്‍ക്കാര്‍ ശ്രമങ്ങള്‍ തുടങ്ങി കഴിഞ്ഞു . കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സിദ്ധരാമയ്യ വിളിച്ചു ചേര്‍ത്ത പോലീസിന്റെ ഉന്നത തല യോഗത്തില്‍ ഈ വിഷയത്തില്‍ കര്‍ശന നിര്‍ദേശമാണ് നല്‍കിയത്. പൊതുജനങ്ങളോട് മതത്തിന്റെയോ ജാതിയുടെയോ രാഷ്ട്രീയ ചായ്വിന്റെയോ പേരില്‍ ഒരു വിവേചനവും കാണിക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in