മധ്യപ്രദേശ് കൈപ്പിടിയിലാക്കാമെന്ന പ്രതീക്ഷയിൽ കോൺഗ്രസ്; 150 സീറ്റുകൾ നേടുമെന്ന് രാഹുൽ ​ഗാന്ധി

മധ്യപ്രദേശ് കൈപ്പിടിയിലാക്കാമെന്ന പ്രതീക്ഷയിൽ കോൺഗ്രസ്; 150 സീറ്റുകൾ നേടുമെന്ന് രാഹുൽ ​ഗാന്ധി

2018ൽ, സംസ്ഥാനത്ത് ഭരിക്കാനായി ഒരു പാർട്ടിക്കും കേവലഭൂരിപക്ഷമായ 115 സീറ്റുകൾ നേടാൻ കഴിഞ്ഞിരുന്നില്ല.

ഈ വർഷം നടക്കാനിരിക്കുന്ന മധ്യപ്രദേശ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 150 സീറ്റുകൾ നേടുമെന്ന് രാഹുൽ ​ഗാന്ധി. ഇന്ന് നടന്ന സംസ്ഥാന നേതൃത്വവുമായുളള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. കർണാടകയിൽ വൻഭൂരിപക്ഷത്തോടെ കോൺ​ഗ്രസ് അധികാരത്തിലെത്തിയതിന് പിന്നാലെയാണ് മധ്യപ്രദേശിലും അധികാരത്തിൽ തിരിച്ചെത്തുമെന്ന സൂചന രാഹുൽ നൽകിയിരിക്കുന്നത്.

കർണാടകയിൽ 136 സീറ്റുകൾ ലഭിച്ചുവെന്നാണ് പാർട്ടിയുടെ വിലയിരുത്തലെന്നും മധ്യപ്രദേശിൽ 150 സീറ്റുകൾ ലഭിക്കുമെന്നും ചർച്ചയ്ക്ക് ശേഷം രാഹുൽ ​ഗാന്ധി വ്യക്തമാക്കി. കർണാടകയിൽ ചെയ്തത്, മധ്യപ്രദേശിൽ ആവർത്തിക്കാൻ പോകുന്നുവെന്നും യോഗത്തിന് ശേഷം അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്‌ക്കൊപ്പം രാഹുലും മധ്യപ്രദേശിൽ നിന്നുള്ള ഉന്നത പാർട്ടി നേതാക്കളുമായി നടത്തിയ യോഗത്തിൽ, എല്ലാ സംസ്ഥാന നേതാക്കളും പാർട്ടിക്കുള്ളിലെ ഐക്യത്തിനാണ് ഊന്നൽ നൽകിയത്. മുൻ മുഖ്യമന്ത്രിയും മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷനുമായ കമൽനാഥ്, എഐസിസി ചുമതലയുള്ള പി അഗർവാൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

എല്ലാ നേതാക്കളും ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും സംസ്ഥാനത്ത് പാർട്ടിയെ വിജയിപ്പിക്കുകയും ചെയ്യണമെന്ന് യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും തോന്നിയെന്ന് അഗർവാൾ പറഞ്ഞു. അതേസമയം, വരുന്ന തിരഞ്ഞെടുപ്പിൽ, പാർട്ടി സ്വീകരിക്കേണ്ട തന്ത്രങ്ങളെക്കുറിച്ചും വിഷയങ്ങളെക്കുറിച്ചും എല്ലാവരും ചർച്ച ചെയ്തുവെന്നും ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നതാണ് എല്ലാവരുടെയും അഭിപ്രായമെന്നും കമൽനാഥ് പറഞ്ഞു. തിരഞ്ഞെടുപ്പിന് നാല് മാസത്തിലധികം ബാക്കിയുണ്ടെന്ന് സൂചിപ്പിച്ച അദ്ദേഹം, എല്ലാ മുതിർന്ന നേതാക്കളും പങ്കെടുത്ത വളരെ പ്രധാനപ്പെട്ട യോഗമാണിതെന്നും പറഞ്ഞു.

കൂടാതെ, സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്നിൽക്കണ്ട്, നാരീ സമ്മാൻ പദ്ധതിക്ക് തുടക്കമിട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി. അധികാരത്തിലെത്തിയാൽ സ്ത്രീകൾക്കായി പ്രതിമാസം 1500 രൂപയും ഗാർഹിക ഗ്യാസ് സിലിണ്ടറിന് 500 രൂപയും വാഗ്ദാനം ചെയ്ത് കോൺഗ്രസ് ‘നാരീ സമ്മാൻ യോജന’യുടെ രജിസ്ട്രേഷൻ ഈ മാസമാദ്യം ആരംഭിച്ചിരുന്നു. കർണാടകയിൽ കോൺ​ഗ്രസ് അധികാരത്തിലെത്തുന്നതിനു മുൻപ് ജനങ്ങൾക്കായി ചില വാ​ഗ്ദാനങ്ങൾ മുന്നോട്ട് വച്ചിരുന്നു. സിദ്ധരാമയ്യ അധികാരത്തിലെത്തിയതിന് പിന്നാലെ ഇവ നടപ്പാക്കുകയും ഉണ്ടായി. ഇതിനെ മുൻ നിർത്തി മാധ്യമപ്രവർത്തകർ മധ്യപ്രദേശിൽ എന്തെങ്കിലും വാ​ഗ്ദാനങ്ങൾ നൽകുമോയെന്ന് ചോദിച്ചതിന് മറുപടിയായാണ് കമൽനാഥ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, സംസ്ഥാനത്തിനായി ചിലത് ചെയ്തിട്ടുണ്ടെന്നും ചിലത് ഭാവിയിൽ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വെടിയുണ്ടകളും ഒറ്റയടിക്ക് എടുത്ത് വെടിവയ്ക്കാൻ കഴിയില്ലെന്നാണ് കമൽനാഥ് ഇതേപ്പറ്റി പറഞ്ഞത്.

അതേസമയം, രാഹുലിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ, പ്രതികരണവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ രം​ഗത്തെത്തി. വരുന്ന തിരഞ്ഞെടുപ്പിൽ മധ്യപ്രദേശിൽ ബിജെപി 200-ലധികം സീറ്റുകൾ നേടുമെന്നായിരുന്നു ശിവരാജ് സിംഗിന്റെ വാദം. കോൺ​ഗ്രസ് പകൽ സ്വപ്നത്തിൽ കഴിയട്ടെയെന്നും അദ്ദേഹം പരിഹസിച്ചു.

കർണാടകയിലെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മധ്യപ്രദേശിൽ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. അധികാരത്തിലെത്താൻ കോൺ​ഗ്രസ് ദീർഘകാലമായി ആഗ്രഹിക്കുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. 230 സീറ്റുകളുളള മണ്ഡലങ്ങളുളള മധ്യപ്രദേശിൽ, ഈ വർഷം അവസാനമാണ് തിരഞ്ഞെടുപ്പ് നടക്കുക. 2018ൽ, ഭരിക്കാനായി ഒരു പാർട്ടിക്കും കേവലഭൂരിപക്ഷമായ 115 സീറ്റുകൾ നേടാൻ കഴിഞ്ഞിരുന്നില്ല. കോൺ​ഗ്രസ് 114ഉം ബിജെപി 109 സീറ്റുകളും ആണ് നേടിയത്. നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോൺ​ഗ്രസ് ഒരു ബിഎസ്പി എംഎൽഎയുടെയും, ഒരു എസ്പി എംഎൽഎയുടെയും, നാലു സ്വതന്ത്ര എംഎൽഎമാരുടെയും പിന്തുണയോടെ കമൽനാഥ് സർക്കാർ അധികാരത്തിലെത്തി. എന്നാൽ, ആ സർക്കാരിന്റെ ആയുസ് വെറും 15 മാസങ്ങൾ മാത്രമായിരുന്നു.

2020 മാർച്ചിൽ, കോൺഗ്രസ് പാർട്ടിയുടെ 22 സിറ്റിംഗ് എംഎൽഎമാർ സംസ്ഥാന നിയമസഭയിൽ നിന്ന് രാജിവച്ചതോടെ സംസ്ഥാന രാഷ്ട്രീയത്തിൽ പ്രതിസന്ധി ഉടലെടുത്തു. പിന്നാലെ, ജ്യോതിരാദിത്യ സിന്ധ്യ പാർട്ടി വിടുകകൂടി ചെയ്തതോടെ കോൺഗ്രസ് സർക്കാർ കൂപ്പുക്കുത്തുന്ന കാഴ്ചയാണ് കണ്ടത്. തുടർന്ന്, 2020 മാർച്ച് 23ന് ശിവരാജ് സിങ് ചൗഹാൻ മധ്യപ്രദേശിൽ വീണ്ടും അധികാരത്തിലെത്തി. സിന്ധ്യ പാർട്ടി വിട്ടതിനു ശേഷമുളള ആദ്യ തിരഞ്ഞെടുപ്പ് കൂടിയാണ് ഇനി നടക്കാൻ പോകുന്നത്.

logo
The Fourth
www.thefourthnews.in