ഡൽഹിയിൽ വായുമലിനീകരണം അതിരൂക്ഷം: നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെച്ചു

ഡൽഹിയിൽ വായുമലിനീകരണം അതിരൂക്ഷം: നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെച്ചു

നിർമാണ തൊഴിലാളികൾക്ക് പ്രതിമാസം 5000 രൂപ സാമ്പത്തിക സഹായം നൽകാൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നിര്‍ദേശം

കനത്ത വായുമലിനീകരണത്തിന്റെ സാഹചര്യത്തില്‍ ഡൽഹിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെയ്ക്കാൻ ഉത്തരവിട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഇക്കാലയളവിൽ ഡൽഹിയിലെ നിർമാണ തൊഴിലാളികൾക്ക് 5000 രൂപ വീതം പ്രതിമാസം സാമ്പത്തിക സഹായം നൽകാൻ തൊഴിൽ മന്ത്രി മനീഷ് സിസോദിയക്ക് മുഖ്യമന്ത്രി നിർദേശം നൽകി. ഡൽഹിയിലെ വായു ഗുണനിലവാര സൂചിക ഉയർന്നതിന്റെ ഭാഗമായാണ് നടപടി. ഇന്ന് ഡൽഹിയിലെ വായു ഗുണനിലവാര സൂചിക 376 ഉം നോയിഡയിൽ 406 ഉം ആണ്.

നവംബര്‍ ആദ്യംവരെ ഡല്‍ഹിയില്‍ വായുവിന്റെ ഗുണനിലവാരം മോശമായി തുടരുമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ കാലാവസ്ഥാ ഗുണനിലവാര വിഭാഗം നേരത്തെ അറിയിപ്പ് നൽകിയിരുന്നു. ഒക്ടോബര്‍ 28ന് ഡല്‍ഹിയിലെ വായു ഗുണനിലവാര സൂചിക (എക്യൂഐ) 357 പോയിന്റിലായിരുന്നു. ഒരു ദിവസം കൊണ്ട് ഇത് ഗണ്യമായി വർധിച്ച് 402ൽ എത്തിയിരുന്നു. ജനുവരിക്ക് ശേഷം തലസ്ഥാനത്തെ ഏറ്റവും ഉയർന്ന മലിനീകരണ തോതാണിത്. ഡല്‍ഹിയുടെ തൊട്ടടുത്ത നഗരങ്ങളായ ഗാസിയാബാദ്, ഗ്രേറ്റര്‍ നോയിഡ, ഗുരുഗ്രാം, ഫരീദാബാദ്, എന്നിവിടങ്ങളിലും വായു ഗുണനിലവാരം വളരെ മോശം നിലയിലാണ്.

പൂജ്യത്തിനും 50നും ഇടയിലാണ് എക്യൂഐ പോയിന്റ് എങ്കില്‍ വായുമലിനീകരണത്തിന്റെ തോത് വളരെ കുറവാണ് എന്നാണ് അര്‍ത്ഥമാക്കുന്നത്. 101 നും 200 നും ഇടയിലാണെങ്കില്‍ അല്‍പ്പം കൂടി ഉയര്‍ന്ന നിലയിലാണ്. 201നും 300 ഇടിയിലാണെങ്കില്‍ മോശവും 401 നും 500 നും ഇടയിലാണെങ്കില്‍ വളരെ മോശവുമാണെന്നാണ് സൂചിപ്പിക്കുന്നത്.

ദീപാവലി ആഘോഷത്തിന്‍റെ ഭാഗമായി നിരോധനം മറികടന്ന് പടക്കം പൊട്ടിച്ചതും അയൽ സംസ്ഥാനങ്ങളിൽ വൈക്കോൽ കത്തിക്കുന്നതുമുള്‍പ്പെടെയാണ് മലിനീകരണ തോത് ഉയർത്തിയതെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ റിപ്പോർട്ട്. അയൽ സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിലും വായുമലിനീകരണം രൂക്ഷമാണ്. മലിനീകരണത്തിന്റെ പേരില്‍ ബിജെപി-ആംആദ്മി പോരും ഡല്‍ഹിയില്‍ ശക്തമാണ്.

logo
The Fourth
www.thefourthnews.in