കടുവകൾക്ക് ഗർഭനിരോധനം;
എണ്ണം നിയന്ത്രിക്കാൻ കേന്ദ്രം 
കണ്ടെത്തിയ വഴി

കടുവകൾക്ക് ഗർഭനിരോധനം; എണ്ണം നിയന്ത്രിക്കാൻ കേന്ദ്രം കണ്ടെത്തിയ വഴി

2022 ലെ കണക്കനുസരിച്ച് 3167 കടുവകളാണ് രാജ്യത്തുള്ളത്

കടുവകളുടെ എണ്ണം പരിമിതപ്പെടുത്താന്‍ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. കടുവകളെ തായ്‌ലന്‍ഡിലേയ്ക്ക് മാറ്റുന്നതിനും പദ്ധതിയുണ്ട്. 2006 മുതലാണ് രാജ്യത്ത് കടുവകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാവാന്‍ തുടങ്ങിയത്. 2006ലെ സെന്‍സസ് അനുസരിച്ച് 1411 കടുവകളായിരുന്നു രാജ്യത്തുണ്ടായിരുന്നത്. 2018 ല്‍ അത് 2967ആയി. പ്രധാനമന്ത്രി പുറത്തുവിട്ട പുതിയ കണക്കനുസരിച്ച് നിലവില്‍ മൊത്തം 3167 കടുവകളാണുള്ളത്. നാലു വർഷം കൊണ്ട് വർധിച്ചത് 200 എണ്ണം.

കടുവകളുടെ എണ്ണം നിയന്ത്രിക്കുന്നതിനായി ഗര്‍ഭ നിരോധന മാര്‍ഗങ്ങളുപയോഗിക്കുന്നതിനും തായ്‌ലന്‍ഡിലേക്ക് ചില കടുവകളെ മാറ്റുന്നതും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. ആഫ്രിക്കയില്‍ നടപ്പിലാക്കിയത് പോലെ ട്രോഫി ഹണ്ടിങ് ഇന്ത്യയില്‍ നടപ്പിലാക്കാന്‍ സാധിക്കില്ലെന്നും കടുവകളെ മറ്റ് രാജ്യങ്ങളിലെ റിസര്‍വ്ഡ് വനങ്ങളിലേയ്ക്ക് മാറ്റുന്ന രീതിയാണ് സ്വീകരിക്കുന്നതെന്നുമാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നതെന്ന് വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ മുന്‍ ഡീനും കടുവ വിദഗ്ധനുമായ ഡോ. വൈ വി ജാല വ്യക്തമാക്കി.

2002ല്‍ രാജസ്ഥാനിലെ സരിസ്‌ക കടുവ സങ്കേതത്തില്‍നിന്നും പിന്നീട് പന്ന കടുവ സങ്കേതത്തില്‍നിന്നും നിരവധി കടുവകള്‍ അപ്രത്യക്ഷമായി. അങ്ങനെയാണ് കടുവകളെ സംരക്ഷിക്കുന്നതിനായി ഒരു പാനല്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്. 2006 മുതലാണ് കടുവകളെ സംരക്ഷിക്കുന്നതിനായി ആധുനിക മാര്‍ഗങ്ങള്‍ ഉപയോഗിച്ചുവരുന്നത്. കടുവകളുടെ എണ്ണത്തില്‍ വര്‍ധന വന്നതും 2006 മുതലാണ്.

logo
The Fourth
www.thefourthnews.in