ഇന്ത്യൻ പാര്‍ലമെന്റിലെ 'അഖണ്ഡ് ഭാരത്' ചുമര്‍ ചിത്രത്തെച്ചൊല്ലി  
നേപ്പാളില്‍ പ്രതിഷേധം

ഇന്ത്യൻ പാര്‍ലമെന്റിലെ 'അഖണ്ഡ് ഭാരത്' ചുമര്‍ ചിത്രത്തെച്ചൊല്ലി നേപ്പാളില്‍ പ്രതിഷേധം

അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, മാലിദ്വീപ്, ശ്രീലങ്ക, മ്യാന്‍മര്‍, ബംഗ്ലാദേശ്, ഇന്ത്യ എന്നീ രാജ്യങ്ങളെ ഒരു രാഷ്ട്രമായി ചിത്രീകരിക്കാന്‍ ഹിന്ദു ദേശീയ സംഘടനകള്‍ ഉപയോഗിക്കുന്ന പദമാണ് അഖണ്ഡ ഭാരതം

പുതിയ പാര്‍ലമെന്റ് മന്ദിരത്തിൽ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ ഭൂപടം ചുമര്‍ ചിത്രമാക്കിയതിനെ ചൊല്ലി നേപ്പാളില്‍ വന്‍ പ്രതിഷേധം. ചുമര്‍ചിത്രം അഖണ്ഡ ഭാരതത്തിന്റേതായും അവിഭക്ത ഇന്ത്യയുടെ ഭൂപടമായും ഒക്കെ വ്യാഖ്യാനിക്കപ്പെട്ടതോടെയാണ് നേപ്പാളിലെ രാഷ്ട്രീയ നേതാക്കളും പാര്‍ട്ടികളും ഇതിനെതിരെ ശക്തമായി രംഗത്തുവന്നത്. വലിയ പ്രതിഷേധങ്ങളാണ് ഇന്ത്യൻ പാർലമെന്റിലെ ചുമർചിത്രത്തെച്ചൊല്ലി ഇപ്പോൾ നേപ്പാളിൽ നടക്കുന്നത്.

ഗൗതമ ബുദ്ധന്റെ ജന്മസ്ഥലമായ ലുംബിനി, കപിൽവസ്തു തുടങ്ങിയ സ്ഥലങ്ങളും ഈ ഭൂപടത്തിലുണ്ട്. ഈ പ്രദേശങ്ങൾക്ക് മേല്‍ ഇന്ത്യക്കുള്ള അവകാശവാദത്തെയാണ് മാപ്പ് സൂചിപ്പിക്കുന്നതെന്നാണ് പ്രതിഷേധക്കാരുടെ വാദം. പുരാതന ഇന്ത്യന്‍ ചിന്തയുടെ സ്വാധീനം ചിത്രീകരിക്കുന്ന ചുവര്‍ചിത്രത്തെ ചില ഇന്ത്യന്‍ രാഷ്ട്രീയക്കാര്‍ 'അഖണ്ഡഭാരതം' അല്ലെങ്കില്‍ ഏകീകൃത ഇന്ത്യയുടെ പ്രതിനിധാനം എന്നാണ് വിശേഷിപ്പിച്ചത്.

അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, മാലിദ്വീപ്, ശ്രീലങ്ക, മ്യാന്‍മര്‍, ബംഗ്ലാദേശ്, ഇന്ത്യ എന്നീ രാജ്യങ്ങളെ ഒരു രാഷ്ട്രമായി ചിത്രീകരിക്കാന്‍ ഹിന്ദു ദേശീയവാദികളും സംഘടനകളും ഉപയോഗിക്കുന്ന പദമാണ് അഖണ്ഡഭാരത്. ഒരുകാലത്ത് ബ്രിട്ടീഷ് ഇന്ത്യയുടെയോ പുരാതന ഇന്ത്യയുടെയോ ഭാഗമായിരുന്ന പ്രദേശങ്ങളുടെ 'പുനരേകീകരണം' എന്ന രാഷ്ട്രീയത്തെ പ്രതിനിധീകരിക്കുന്നതിനാലാണ് ചുമർചിത്രത്തിനെതിരെ മറ്റ് രാജ്യങ്ങളിൽ നിന്ന് പ്രതിഷേധം ഉയരുന്നത്.

ആര്‍എസ്എസ്, ഹിന്ദു മഹാസഭ തുടങ്ങിയ ഹിന്ദു ദേശീയ സംഘടനകള്‍ 'അഖണ്ഡ ഭാരത'ത്തിന് പിന്തുണയും അറിയിച്ചിരുന്നു. ബോധ്മല പോലുള്ള വിവിധ പ്രസിദ്ധീകരണങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ആര്‍എസ്എസ് ഈ ആശയം പ്രചരിപ്പിച്ചിട്ടുണ്ട്. ഹിന്ദുമതാടിസ്ഥാനത്തിലുള്ള രാഷ്ട്രം എന്നതാണ് ഇവരുടെ സ്വപ്നം.

എന്നാല്‍ ചുമര്‍ചിത്രത്തിനെതിരെ ഹിന്ദു ഭൂരിപക്ഷ രാജ്യം കൂടിയായ നേപ്പാളില്‍ നിന്ന് ആദ്യത്തെ അന്താരാഷ്ട്ര പ്രതിഷേധം ഉണ്ടായിരിക്കുന്നുവെന്നത് ഏറെ ശ്രദ്ധേയം. മുന്‍ പ്രധാനമന്ത്രിയും നേപ്പാള്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ നേതാവുമായ ബാബുറാം ഭട്ടാറായി ചുമര്‍ചിത്രത്തെ വിവാദപരമാണെന്ന് വിശേഷിപ്പിക്കുകയും ഇന്ത്യയോട് അയൽ രാജ്യങ്ങൾക്കുള്ള വിശ്വാസത്തിൽ കുഴപ്പങ്ങൾ ഉണ്ടാക്കാൻ പോന്നതാണ് ഈ ചിത്രമെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു.

ട്വിറ്ററില്‍ ചിത്രവുമായി ബന്ധപ്പെട്ട് വലിയ ആശയ സംവാദങ്ങളാണ് നടക്കുന്നത്

''അടുത്തിടെ ഉദ്ഘാടനം ചെയ്ത ഇന്ത്യയുടെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ 'അഖണ്ഡ് ഭാരത്' എന്ന വിവാദ ചുമർ ചിത്രം നേപ്പാള്‍ ഉള്‍പ്പെടെയുള്ള അയല്‍രാജ്യങ്ങളില്‍ അനാവശ്യവും ദോഷകരവുമായ നയതന്ത്ര തര്‍ക്കത്തിന് കാരണമായേക്കാം. ഇന്ത്യയുടെ ഏറ്റവും അടുത്ത അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ തന്നെ നശിപ്പിക്കാനും കൂടുതല്‍ വഷളാക്കാനുള്ള സാധ്യത ഇതിന് ഉണ്ട്. ഈ ചുവര്‍ചിത്രത്തിന്റെ യഥാര്‍ത്ഥ ഉദ്ദേശത്തെക്കുറിച്ചും അനന്തരഫലത്തെക്കുറിച്ചും ഇന്ത്യ വിശദീകരിക്കണം.'' പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മെന്‍ഷന്‍ ചെയ്തുകൊണ്ട് അദ്ദേഹം ട്വീറ്റ് ചെയ്തു.

ട്വിറ്ററില്‍ ചിത്രവുമായി ബന്ധപ്പെട്ട് വലിയ ആശയ സംവാദങ്ങളാണ് നടക്കുന്നത്. ഇന്ത്യയെ അഖണ്ഡഭാരതമാക്കുന്നതിനുള്ള മോദിയുടെ ആദ്യത്തെ ചുവടുവെപ്പായിട്ടാണ് ചില ഹിന്ദുത്വ പ്രൊഫൈലുകള്‍ ഇതിനെ വിശേഷിപ്പിച്ചത്. 'അഖണ്ഡ് ഭാരത്' എന്ന ചുവര്‍ചിത്രം പ്രകോപനപരമാണെന്നും ബിജെപി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് നടത്തുന്ന നീക്കമാണെന്നും വലിയൊരു വിഭാഗം വിമർശനം ഉയർത്തുന്നു.

മെയ് 28 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്തപ്പോഴാണ് ചുവര്‍ചിത്രം ശ്രദ്ധയാകര്‍ഷിച്ചത്. പാര്‍ലമെന്ററി കാര്യമന്ത്രി പ്രൾഹാദ് ജോഷിയാണ് ചുമര്‍ചിത്രത്തെ 'അഖണ്ഡ് ഭാരത്' എന്ന് ആദ്യം വിശേഷിപ്പിച്ചത്. നേപ്പാള്‍ പ്രധാനമന്ത്രി പ്രചണ്ഡയുടെ ഇന്ത്യ സന്ദര്‍ശനത്തിന് പിന്നാലെയാണ് നേപ്പാള്‍ മാധ്യമങ്ങളില്‍ വിഷയം ചര്‍ച്ചയായത്.

2019 നവംബറില്‍ കാലാപാനി പ്രദേശം ഉത്തരാഖണ്ഡിന്റെ ഭാഗമായി കാണിച്ച് ഇന്ത്യ ഒരു രാഷ്ട്രീയ ഭൂപടം പ്രസിദ്ധീകരിച്ചപ്പോള്‍ പൊട്ടിപ്പുറപ്പെട്ട കാലാപാനി തര്‍ക്കത്തിന് സമാനമായ ഒന്നാണ് ഇതും.ഇതിന് മറുപടിയായി നേപ്പാള്‍ കാലാപാനിയില്‍ തങ്ങളുടെ ആധിപത്യം അടിവരയിടുന്ന ഭൂപടം പ്രസിദ്ധീകരിച്ചിരുന്നു.

logo
The Fourth
www.thefourthnews.in