കോറമണ്ഡല്‍ എക്‌സപ്ര്‌സിന് പച്ചക്കൊടി; വീണ്ടും കുതിച്ച് ട്രെയിന്‍

കോറമണ്ഡല്‍ എക്‌സപ്ര്‌സിന് പച്ചക്കൊടി; വീണ്ടും കുതിച്ച് ട്രെയിന്‍

ജൂണ്‍ രണ്ടിന് നടന്ന അപകടത്തിന് ശേഷം ആദ്യമായാണ് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്

രാജ്യത്തെ നടുക്കിയ ഒഡീഷയിലെ ട്രെയിന്‍ ദുരന്തത്തിന്റെ പാളത്തിലൂടെ വീണ്ടും കുതിച്ച് കോറമണ്ഡല്‍ എക്സ്പ്രസ്. പശ്ചിമ ബംഗാളിലെ ഷാലിമാര്‍ സ്റ്റേഷനില്‍ നിന്ന് വീണ്ടും ചെന്നൈയിലേക്ക് യാത്ര തിരിക്കുകയായിരുന്നു കോറമണ്ഡല്‍ എക്‌സപ്ര്‌സ്. ജൂണ്‍ രണ്ടിന് നടന്ന അപകടത്തിന് ശേഷം ആദ്യമായാണ് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. യശ്വന്ത്പുർ ഹൗറ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്, ഒരു ചരക്കു ട്രെയിന്‍, കോറമണ്ഡല്‍ എക്സ്പ്രസ് എന്നിവയാണ് അപകടത്തില്‍പെട്ടത്.

പശ്ചിമ ബംഗാളിലെ ഷാലിമാര്‍ സ്റ്റേഷനില്‍ നിന്ന വീണ്ടും ചെന്നൈയിലേക്ക് യാത്ര തിരിച്ചപ്പോള്‍
പശ്ചിമ ബംഗാളിലെ ഷാലിമാര്‍ സ്റ്റേഷനില്‍ നിന്ന വീണ്ടും ചെന്നൈയിലേക്ക് യാത്ര തിരിച്ചപ്പോള്‍

കഴിഞ്ഞ ദിവസമാണ് ട്രെയിന്‍ ദുരന്തമുണ്ടായ ഒഡിഷയിലെ ബാലസോറിലെ ട്രാക്കില്‍ 51 മണിക്കൂറിന് ശേഷം ഗതാഗതം പുനഃസ്ഥാപിച്ചത്. ഇരുഭാഗത്തേക്കുമുള്ള ട്രാക്ക് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയതായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചതിന് പിന്നാലെ, ഞായറാഴ്ച രാത്രിയാണ് ആദ്യ ട്രെയിന്‍ ട്രാക്കിലൂടെ കടന്നുപോയത്. ട്രാക്കിലെ ഇലക്ട്രിഫിക്കേഷന്‍ നടപടികള്‍ വൈകാതെ തന്നെ പൂര്‍ത്തിയാക്കുമെന്നും റെയില്‍വേ അറിയിച്ചിരുന്നു.

ട്രാക്ക് പുനഃസ്ഥാപിച്ച ശേഷം ആദ്യ ട്രെയിന്‍ മന്ത്രിയുടേയും ഉന്നത ഉദ്യോഗസ്ഥരുടേയും സാന്നിധ്യത്തിലാണ് കടന്നുപോയത്. നൂറുകണക്കിന് തൊഴിലാളികളും ഉദ്യോഗസ്ഥരും ചേര്‍ന്നാണ് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയത്. 140 ടണ്‍ റെയില്‍വേ ക്രെയിന്‍, റോഡ് ക്രെയിനുകള്‍, പോക്കറ്റിങ് മെഷീന്‍ എന്നിവയെല്ലാം ഉപയോഗിച്ചാണ് ഗതാഗതം പുനഃസ്ഥാപിക്കാനായത്. ആദ്യം ചരക്കുതീവണ്ടിയാണ് കടന്നുപോയത്. തിങ്കളാഴ്ച രാവിലെ മുതല്‍ പാസഞ്ചര്‍ ട്രെയിനുകളുള്‍പ്പെടെ ട്രാക്കിലൂടെ കടന്നുപോയി

ഷാലിമാറില്‍ നിന്ന് (കൊല്‍ക്കത്ത)-ചെന്നൈ സെന്‍ട്രലിലേക്ക് പോകുകയായിരുന്ന കോറമണ്ഡല്‍ എക്സ്പ്രസും (12841) യശ്വന്ത്പുരില്‍നിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന യശ്വന്ത്പുര്‍ - ഹൗറ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസും (12864 ) ഒരു ചരക്ക് തീവണ്ടിയുമാണ് അപകടത്തില്‍ പെട്ടത്. പാളം തെറ്റിയ ചരക്കുവണ്ടിയിലേക്ക് കോറമണ്ഡല്‍ എക്സ്പ്രസ് ഇടിച്ചു കയറിയതാണ് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചത്. അപകടത്തില്‍ 288 പേര്‍ മരിച്ചെന്നായിരുന്നു ഔദ്യോഗിക വിശദീകരണം .

സിഗ്നലിങ്ങ് തകരാറുമൂലമാണ് ട്രെയിന്‍ അപകടത്തില്‍പ്പെട്ടതെന്നായിരുന്നു റെയില്‍വേയുടെ നിഗമനം. നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിച്ചുകൊണ്ടാണ് യാത്ര ചെയ്തതെന്ന് ചികിത്സയിലിരിക്കുന്ന കോറമണ്ഡല്‍ എക്‌സ്പ്രസിന്റെ ലോക്കോ പൈലറ്റ് റെയില്‍വേയ്ക്ക് മൊഴി നല്‍കിയിരുന്നു. അനുവദനീയമായ വേഗതയിലൂടെയായിരുന്നു സഞ്ചരിച്ചതെന്നും ലോക്കോ പൈലറ്റ് മൊഴി നല്‍കി. ട്രെയിന്‍ അപകടത്തെ കുറിച്ചന്വേഷിക്കാന്‍ സിബിഐയെ ചുമതലപ്പെടുത്താന്‍ റെയില്‍വേ ശുപാര്‍ശ ചെയ്‌തെന്നും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയിരുന്നു.

logo
The Fourth
www.thefourthnews.in