അറസ്റ്റ് ഒഴിവാക്കാനുള്ള അവസാന വഴിയും അടഞ്ഞു; പ്രജ്വലിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ കോടതി തള്ളി 

അറസ്റ്റ് ഒഴിവാക്കാനുള്ള അവസാന വഴിയും അടഞ്ഞു; പ്രജ്വലിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ കോടതി തള്ളി 

മുൻ‌കൂർ ജാമ്യ ഹർജി അടിയന്തിരമായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്ന് ജനപ്രതിനിധികളുടെ കോടതി വ്യക്തമാക്കി

ലൈംഗികാതിക്രമ കേസിൽ അറസ്റ്റ് ഒഴിവാക്കാൻ പ്രജ്വൽ രേവണ്ണ എംപി സമർപ്പിച്ച മുൻ‌കൂർ ജാമ്യാപേക്ഷ കോടതി തള്ളി. അപേക്ഷ അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്നും ശനിയാഴ്ച വാദം കേൾക്കാമെന്നും അറിയിച്ചാണ് ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ ഹർജി പരിഗണിച്ചത്. ഹർജിയിൽ മറുപടി നൽകാൻ പ്രത്യേക അന്വേഷണ സംഘം കോടതിയിൽ കൂടുതൽ സമയം ചോദിച്ചു. ഹർജി വേഗത്തിൽ തീർപ്പാക്കണമെന്നു പ്രജ്വലിന്റെ അഭിഭാഷകൻ അഭ്യർഥിച്ചെങ്കിലും അടിയന്തരമായി കേസ് പരിഗണിക്കാൻ കോടതി വിസമ്മതിക്കുകയായിരുന്നു. മേയ് 31നു മാത്രമേ കേസ് പരിഗണിക്കാനാവൂ എന്ന് കോടതി വ്യക്തമാക്കി.

കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ട സഹചര്യത്തിൽ മേയ് 31ന് പുലർച്ചെ ജർമനിയിൽ നിന്ന് ബെംഗളൂരുവിൽ എത്തിച്ചേരുന്ന പ്രജ്വലിന്റെ അറസ്റ്റ് ഉറപ്പായി കഴിഞ്ഞു. വ്യാഴാഴ്ച ഉച്ചക്ക് മ്യുണിക്കില്‍ നിന്ന് പുറപ്പെടുന്ന ലുഫ്താൻസ വിമാനത്തിലാണ് പ്രജ്വൽ ടിക്കറ്റെടുത്തിരിക്കുന്നത്. ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പ്രജ്വലിനെ അറസ്റ്റ് ചെയ്ത് പോലീസ് ആസ്ഥാനത്തേക്ക് കൊണ്ട് പോകാനുള്ള എല്ലാ ഒരുക്കങ്ങളും അന്വേഷണ സംഘം നടത്തി കഴിഞ്ഞു. പ്രജ്വൽ കബളിപ്പിച്ചു മുങ്ങാതിരിക്കാൻ വേണ്ട മുൻകരുതൽ നടപടികളും പ്രത്യേക അന്വേഷണ സംഘം സ്വീകരിച്ചിട്ടുണ്ട്.

അറസ്റ്റ് ഒഴിവാക്കാനുള്ള അവസാന വഴിയും അടഞ്ഞു; പ്രജ്വലിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ കോടതി തള്ളി 
'1982ന് മുന്‍പ് ഗാന്ധിയെ അംഗീകരിക്കാതിരുന്ന ഏത് ലോകത്താണ് മോദി ജീവിക്കുന്നത്'; പ്രധാനമന്ത്രിക്ക് കോണ്‍ഗ്രസിന്റെ മറുപടി

വിമാനം ഇറങ്ങിയ ഉടൻ പ്രജ്വലിനെ പിടികൂടി പുറത്തേക്കു കടക്കാനുള്ള പദ്ധതിയാണ് എസ്‌ഐറ്റിയുടേത്. മുൻകരുതൽ എന്ന നിലക്ക് രാജ്യത്തെ മറ്റു വിമാനത്താവളങ്ങൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. നാല്‍പ്പത്തിയേഴുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയയത് ഉൾപ്പടെ പ്രജ്വലിനെതിരെ മൂന്നു കേസുകളാണ് നിലവിൽ രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ഏപ്രിൽ 27ന് ആയിരുന്നു പ്രജ്വൽ ജർമനിയിലേക്ക് പറന്നത്. ഹാസനിലെ ഹൊള നരസിപുര പോലീസ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യപ്പെട്ടതിനെ തുടർന്നായിരുന്നു രാജ്യം വിടൽ. തുടർന്ന് ഒരു മാസക്കാലം ജർമനിയിൽ ഒളിവിൽ കഴിഞ്ഞ പ്രജ്വൽ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കുമെന്ന ഘട്ടം വന്നതോടെയാണ് കീഴടങ്ങാൻ തീരുമാനിച്ചത്.

അതേസമയം, ലൈംഗിക പീഡനക്കേസിലെ അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രജ്വലിന്റെ പിതാവ് എച്ച് ഡി രേവണ്ണയുടെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ടു കർണാടക ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് എസ്‌ ഐ റ്റി . രേവണ്ണ ഇരകളേയും സാക്ഷികളേയും സ്വാധീനിക്കാൻ ശ്രമിക്കുന്നതായി എസ്‌ ഐ റ്റി ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു . ഇതേ കേസിൽ രേവണ്ണയുടെ ഭാര്യ ഭവാനി രേവണ്ണ നൽകിയ മുൻ‌കൂർ ജാമ്യ ഹർജി ജനപ്രതിനിധികളുടെ കോടതി 31ന് പരിഗണിക്കും. അതിജീവിതയെ തട്ടിക്കൊണ്ടു പോകാൻ ഭവാനി സ്വന്തം ഡ്രൈവറെ ചുമതലപ്പെടുത്തി എന്ന മൊഴി അതിജീവിത നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അറസ്റ്റിനു സാധ്യതയുണ്ടെന്നു കണ്ടാണ് ഭവാനിയുടെ മുൻ‌കൂർ ജാമ്യ ഹർജി.

logo
The Fourth
www.thefourthnews.in