ഭാരത് ജോഡോ യാത്ര നടത്തുന്ന കോൺഗ്രസ് സ്വന്തം സംസ്ഥാനത്ത്  സിപിഐയുടെ ജാഥ നിരോധിച്ചത് എന്തിന്? വ്യാപക വിമർശനം

ഭാരത് ജോഡോ യാത്ര നടത്തുന്ന കോൺഗ്രസ് സ്വന്തം സംസ്ഥാനത്ത് സിപിഐയുടെ ജാഥ നിരോധിച്ചത് എന്തിന്? വ്യാപക വിമർശനം

ഛത്തീസ്ഗഡ് പോലീസ് ആദിവാസികൾക്കെതിരെ നടത്തുന്ന അതിക്രമങ്ങൾക്കെതിരെയായിരുന്നു സിൽഗർ മുതൽ സുക്മ വരെ 100 കിലോമീറ്റർ റാലി നടത്താനിരുന്നത്

ഭാരത് ജോഡോയാത്ര നടത്തുന്ന കോൺഗ്രസ് തങ്ങൾ ഭരിക്കുന്ന ഛത്തീസ്ഗഡില്‍+ സിപിഐയുടെ പദയാത്രയ്ക്ക് അനുമതി നിഷേധിച്ചതിനെതിരെ വ്യാപക വിമർശനം. ഇരട്ടത്താപ്പാണ് കോൺഗ്രസ് കാണിക്കുന്നതെന്ന് സിപിഐ ആരോപിച്ചു.

ഛത്തീസ്ഗഡ് പോലീസ് ആദിവാസികൾക്കെതിരെ നടത്തുന്ന അതിക്രമങ്ങൾക്കെതിരെയായിരുന്നു സിൽഗർ മുതൽ സുക്മ വരെ 100 കിലോമീറ്റർ റാലി നടത്താനിരുന്നത്. എന്നാൽ ഭൂപേഷ് ബെഗാളിന്റെ നേതൃത്വത്തിലുള്ള സർക്കാർ അനുമതി നിഷേധിക്കുകയായിരുന്നു.

ജനാധിപത്യ മാർഗങ്ങളിലൂടെ നടത്തുന്ന സമരങ്ങളെ അടിച്ചമർത്തുമ്പോഴാണ് ആളുകൾ ജനാധിപത്യേതര രീതികൾ സ്വീകരിക്കുന്നത്

ഛത്തീസ്ഗഡ് ഭരിക്കുന്ന കോൺഗ്രസ് സർക്കാരിന്റെ നടപടി ജനാധിപത്യ വിരുദ്ധവും ഭരണഘടനാ മൂല്യങ്ങൾക്ക് എതിരാണെന്നും സിപിഐ ദേശീയ സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറയുന്നു. ഇടതു പാർട്ടികൾ ഭരിക്കുന്ന കേരളത്തിലൂടെയാണ് ഭാരത് ജോഡോ യാത്ര കടന്നുപോകുന്നതെന്നും സിപിഐ കോണ്‍ഗ്രസിനെ ഓർമിപ്പിച്ചു.

ഛത്തീസ്ഗഡ് സർക്കാരിന്റെ നിലപാടിനെതിരെ സിപിഎം പോളിറ്റ് ബ്യുറോ അംഗം സുഭാഷിണി അലിയും രംഗത്ത് വന്നു. "കേരളത്തിലൂടെ ഭാരത് ജോഡോ യാത്ര കടന്നു പോകുന്നതിന് എൽഡിഎഫ് സർക്കാർ ഒരു തടസവും സൃഷ്ഠിച്ചിട്ടില്ല. എന്നാൽ കോൺഗ്രസ് സർക്കാർ ഭരിക്കുന്ന ഛത്തീസ്ഗഡിൽ സിപിഐ നടത്തുന്ന പദയാത്രയ്ക്ക് അവർ അനുമതി നിഷേധിച്ചു." സുഭാഷിണി അലി ട്വീറ്റ് ചെയ്തു.

ജനാധിപത്യ മാർഗങ്ങളിലൂടെ നടത്തുന്ന സമരങ്ങളെ അടിച്ചമർത്തുമ്പോഴാണ് ആളുകൾ ജനാധിപത്യേതര രീതികൾ സ്വീകരിക്കുന്നത്. ഈ രീതികള്‍ തീർച്ചയായും പുരോഗതിക്കും വികസനത്തിനും എതിരാണെന്നതില്‍ സംശയമില്ല. അതിനാൽ ഭൂപേഷ് ബാഗൽ സർക്കാർ, അനുമതി നിഷേധിച്ച തീരുമാനം പിൻവലിക്കണമെന്നും സിപിഐ ആവശ്യപ്പെട്ടു.

പുതിയ സുരക്ഷാ ക്യാമ്പിനെതിരെ പ്രതിഷേധിച്ച മൂന്ന് കർഷകരെ പോലീസ് കഴിഞ്ഞ വർഷം മെയ് 17ന് ചത്തീസ്ഗഡ് പോലീസ് വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. ഇതിൽ ഉൾപ്പെട്ട പോലീസ് ഓഫീസർമാർക്കെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് സിൽഗറിലുള്ള ആദിവാസി സമൂഹം വളരെക്കാലമായി സമരം നടത്തി വരികയാണ്. സുരക്ഷാ ക്യാമ്പുകളല്ല വേണ്ടതെന്നും വിദ്യാലയങ്ങളും ആശുപത്രികളുമാണ് ആവശ്യമെന്നും സമരക്കാർ പറയുന്നു. ഇവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ടായിരുന്നു സിപിഐയുടെ പദയാത്ര.

കോൺഗ്രസ് ഭാരത് ജോഡോ യാത്ര നടത്തുന്നുണ്ട്, എന്നാൽ അവർ നേതൃത്വം നൽകുന്ന ഛത്തീസ്ഗഡ് സർക്കാർ ആദിവാസികള്‍ക്ക് വേണ്ടി നടത്തുന്ന ജാഥയ്ക്ക് അനുമതി നിഷേധിക്കുകയാണെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ ട്വീറ്റ് ചെയ്തു. ജനാധിപത്യപരവും നിലപാട് സ്വീകരിക്കാൻ കോൺഗ്രസ് ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

logo
The Fourth
www.thefourthnews.in