രാജ്യസഭ: യുപിയിലും ക്രോസ് വോട്ടിങ്; എട്ട് സീറ്റില്‍ ബിജെപിക്ക് വിജയം, 'മാറ്റി കുത്തിയത്' ഏഴ് എസ് പി എംഎല്‍എമാര്‍

രാജ്യസഭ: യുപിയിലും ക്രോസ് വോട്ടിങ്; എട്ട് സീറ്റില്‍ ബിജെപിക്ക് വിജയം, 'മാറ്റി കുത്തിയത്' ഏഴ് എസ് പി എംഎല്‍എമാര്‍

ഇന്ത്യ'സഖ്യം ഉപേക്ഷിച്ച ആര്‍എല്‍ഡിയുടെ 9 എംഎല്‍എമാര്‍ ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്തു

രാജ്യസഭ തിരഞ്ഞെടുപ്പില്‍ ഉത്തര്‍ പ്രദേശിലും ക്രോസ് വോട്ടിങ്. എട്ട് സീറ്റുകളില്‍ ബിജെപിക്ക് വിജയം. സമാജ് വാദി പാര്‍ട്ടിയുടെ ഒരു സ്ഥാനാര്‍ഥിയെ അട്ടിമറിയിലൂടെ തോല്‍പ്പിച്ചു. രണ്ട് സീറ്റിലാണ് എസ് പി വിജയിച്ചത്. എസ് പിയിലെ ഏഴ് എംഎല്‍എമാര്‍ ബിജെപിക്ക് ക്രോസ് വോട്ട് ചെയ്തതായാണ് റിപ്പോര്‍ട്ട്. 'ഇന്ത്യ'സഖ്യം ഉപേക്ഷിച്ച ആര്‍എല്‍ഡിയുടെ 9 എംഎല്‍എമാര്‍ ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്തു.

മുന്‍ കേന്ദ്രമന്ത്രി ആര്‍പിഎന്‍ സിങ്, മുന്‍ മന്ത്രി ചൗധരി തേജ്‌വീര്‍ സിങ്, ബിജെപി യുപി ജനറല്‍ സെക്രട്ടറി അമ്രപാല്‍ മൗര്യ, മുന്‍ മന്ത്രി സംഗീത ബല്‍വാന്ത്, പാര്‍ട്ടി വക്താവ് സുധാന്ഷു ത്രിവേദി, മുന്‍ എംഎല്‍എ സധ്‌ന സിങ്, ആഗ്ര മുന്‍ മേയര്‍ നവീന്‍ ജയിന്‍, വ്യവസായി സഞ്ജയ് സേത് എന്നിവരാണ് ബിജെപി ടിക്കറ്റില്‍ വിജയിച്ചത്. സമാജ്‌വാദി പാര്‍ട്ടിയുടെ ജയ ബച്ചന്‍, അലോക് രഞ്ജന്‍ എന്നിവരും വിജയിച്ചു.

നേരത്തെ, ഹിമാചല്‍ പ്രദേശിലും കര്‍ണാടകയിലും ക്രോസ് വോട്ടിങ് നടന്നിരുന്നു. ഹിമാചലിലെ ആകെയുണ്ടായിരുന്ന ഒരു സീറ്റില്‍ ബിജെപി സ്ഥാനാര്‍ഥി ഹര്‍ഷ് മഹാജന്‍ വിജയിച്ചു. കോണ്‍ഗ്രസിന്റെ അഭിഷേക് സിങ്‌വി തോറ്റു. ഇരു സ്ഥാനാര്‍ഥികളും 34 സീറ്റ് വീതം നേടിയപ്പോള്‍, ടോസ് ഇടലിലൂടെയാണ് ബിജെപി ജയിച്ചത്. ബിജെപിക്ക് 25 സീറ്റുണ്ട്. രാജ്യസഭയിലേക്കുള്ള ഒരു സീറ്റിലാണ് തിരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസ് വിജയിക്കേണ്ട സീറ്റായിരുന്നു ഇത്. എന്നാല്‍ ബിജെപിയും സ്ഥാനാര്‍ഥിയെ നിര്‍ത്തി. ഇതോടെ, അട്ടിമറി നടക്കുമെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. സംസ്ഥാന സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടെന്നും ബജറ്റ് അവതരണത്തിന് ശേഷം എന്താണ് വേണ്ടതെന്ന് തീരുമാനിക്കും എന്നും ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ജയ്‌റാം താക്കൂര്‍ പറഞ്ഞു. നാളെയാണ് ഹിമാചല്‍ പ്രദേശില്‍ സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നത്.

സ്വതന്ത്രര്‍ ഉള്‍പ്പെടെ 9 എംഎല്‍എമാര്‍ തങ്ങളുടെ ബാലറ്റ് പേപ്പര്‍ കാണിച്ചില്ലെന്നും ഇവര്‍ ബിജെപിക്ക് ക്രോസ് വോട്ട് ചെയ്തതായി സംശയിക്കുന്നു എന്നും കോണ്‍ഗ്രസ് ആരോപിച്ചു. തങ്ങളുടെ ആറ് എംഎല്‍എമാരെ കാണാനില്ലെന്ന് മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിങ് സുഖു പറഞ്ഞു. കോണ്‍ഗ്രസ് എംഎല്‍എമാരെ സിആര്‍പിഎഫും ഹരിയാന പോലീസും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി എന്നാണ് മുഖ്യമന്ത്രി ആരോപിച്ചത്. പോളിങ് ഓഫീസറെ പ്രതിപക്ഷ എംഎല്‍എമാര്‍ ഭീഷണിപ്പെടുത്തിയെന്നും മുഖ്യമന്ത്രി ആരോപിച്ചു. ചാക്കിട്ടുപിടിത്തം ഭയന്ന് തങ്ങള്‍ക്കൊപ്പമുള്ള എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റാനുള്ള നീക്കം കോണ്‍ഗ്രസ് ആരംഭിച്ചിട്ടുണ്ട്.

കര്‍ണാടകയില്‍ ബിജെപി എംഎല്‍എ കോണ്‍ഗ്രസിന് ക്രോസ് വോട്ട് ചെയ്തു. ഒരു ബിജെപി എംഎല്‍എ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ഇതോടെ കോണ്‍ഗ്രസിന്റെ അജയ് മാക്കന്‍ ( 47 വോട്ടുകള്‍) സയിദ് നസീര്‍ ഹുസ്സൈന്‍ (47 വോട്ടുകള്‍ ) ജെ സി ചന്ദ്രശേഖര്‍ (45 വോട്ടുകള്‍) എന്നിവര്‍ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ബിജെപിയുടെ നാരായണ ഭണ്ഡഗേയും (47 വോട്ടുകള്‍) രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

രാജ്യസഭ: യുപിയിലും ക്രോസ് വോട്ടിങ്; എട്ട് സീറ്റില്‍ ബിജെപിക്ക് വിജയം, 'മാറ്റി കുത്തിയത്' ഏഴ് എസ് പി എംഎല്‍എമാര്‍
പൗരത്വ ഭേദഗതി നിയമം അടുത്ത മാസം നടപ്പാക്കും; വിജ്ഞാപനം മാർച്ച് ആദ്യ വാരമെന്ന് റിപ്പോർട്ട്

എന്‍ഡിഎ മുന്നണി നിര്‍ത്തിയ ജെഡിഎസ് സ്ഥാനാര്‍ഥി കുപേന്ദ്ര റെഡ്ഢിക്ക് കിട്ടിയത് 36 വോട്ടുകള്‍ മാത്രം. മുന്നണിക്ക് ആകെ ഉണ്ടായിരുന്ന 85 എംഎല്‍എമാരില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാന്‍ 45 വോട്ടുകള്‍ മതി. എന്നാല്‍ ബാക്കി വരുന്ന വോട്ടുകള്‍ മുഴുവന്‍ ജെഡിഎസിന് നല്‍കാന്‍ ബിജെപി അംഗങ്ങള്‍ വിമുഖത കാണിച്ചെന്നു വ്യക്തമാകുന്നതാണ് ജെഡിഎസ് സ്ഥാനാര്‍ഥി കുപെന്ദ്ര റെഡ്ഢിക്കു കിട്ടിയ വോട്ടുകള്‍. രണ്ടുപേര്‍ വിപ്പ് ലംഘിക്കുകയും രണ്ടുപേര്‍ ജെഡിഎസിന് വോട്ടു കൊടുക്കാതെ ബിജെപി സ്ഥാനാര്‍ഥിക്കു തന്നെ വോട്ടു രേഖപ്പെടുത്തിയെന്നും വ്യക്തം. കര്‍ണാടകയിലെ ബിജെപി - ജെഡിഎസ് ബാന്ധവത്തെ പാര്‍ട്ടി എംഎല്‍എമാര്‍ പോലും അംഗീകരിക്കുന്നില്ല എന്നതിന്റെ തെളിവാണ് ഇതെന്ന് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ ചൂണ്ടിക്കാട്ടി.

പണം കൊടുത്ത് എംഎല്‍എമാരെ വിലയ്ക്ക് വാങ്ങി എക്കാലവും തിരഞ്ഞെടുപ്പ് പ്രക്രിയയെ ഹൈജാക്ക് ചെയ്യാമെന്നുള്ള ബിജെപിയുടെ വ്യാമോഹത്തിനേറ്റ തിരിച്ചടിയാണ് കര്‍ണാടകയില്‍ കണ്ടതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജേവാല മാധ്യമങ്ങളോട് പറഞ്ഞു.

രാജ്യസഭയിലേക്ക് ഒഴിവു വന്ന നാല് സീറ്റുകളില്‍ മത്സരിക്കാന്‍ എന്‍ഡിഎ മുന്നണി രണ്ടാം സ്ഥാനാര്‍ത്ഥിയെ കളത്തിലിറക്കിയതോടെ ചാക്കിട്ടു പിടുത്തം ഭയന്ന് കോണ്‍ഗ്രസ് അവരുടെ എംഎല്‍എമാരെ തിങ്കളാഴ്ച സ്വകാര്യ ഹോട്ടലിലേക്ക് മാറ്റിയിരുന്നു. ഒരു വോട്ടു പോലും കുറഞ്ഞാല്‍ കോണ്‍ഗ്രസിന്റെ മൂന്നാം ലോക്‌സഭാ സീറ്റ് കൈവിട്ടു പോകുമെന്ന അവസ്ഥയിലായിരുന്നു നിയമസഭയിലെ അംഗബലം.

അട്ടിമറി പ്രതീക്ഷിച്ചു എത്തിയ എന്‍ഡിഎ സഖ്യത്തെ അമ്പരപ്പിക്കുന്ന കാര്യങ്ങളായിരുന്നു നിയമസഭയില്‍ സജ്ജീകരിച്ച പോളിംഗ് ബൂത്തില്‍ അരങ്ങേറിയത്. ബിജെപി എംഎല്‍എ എസ് ടി സോമശേഖര്‍ കോണ്‍ഗ്രസിന് ക്രോസ് വോട്ടു ചെയ്തതും മറ്റൊരു എംഎല്‍എ ശിവറാം ഹെബ്ബാര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കുകയും ചെയ്തതോടെ നേതാക്കളുടെ ചങ്കിടിപ്പേറി. രണ്ടാം സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാന്‍ കോണ്‍ഗ്രസില്‍ നിന്ന് എംഎല്‍എമാരെ ചാക്കിട്ടു പിടിക്കാനുളള നീക്കമൊക്കെ ഉപേക്ഷിക്കേണ്ടി വന്നു ബിജെപിക്ക്.

സംസ്ഥാനത്ത് ബിജെപി - ജെഡിഎസ് തിരഞ്ഞെടുപ്പ് സഖ്യം നിലവില്‍ വന്ന ശേഷം നടക്കുന്ന രണ്ടാമത്തെ തിരഞ്ഞെടുപ്പാണ് രാജ്യസഭയിലേക്ക് നടന്നത്. നേരത്തെ ലെജിസ്ലേറ്റീവ് കൗണ്‍സിലിലെ ബാംഗ്ലൂര്‍ ടീച്ചേര്‍സ് മണ്ഡലത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ സഖ്യസ്ഥാനാര്‍ഥി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെട്ടിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഈ രണ്ടു തിരിച്ചടികള്‍ ബിജെപിയെയും ജെഡിഎസിനെയും സംബന്ധിച്ച് ക്ഷീണമാണ്.

logo
The Fourth
www.thefourthnews.in