'കൊറിയര്‍ വഴി മയക്കുമരുന്ന്'; സൈബര്‍ തട്ടിപ്പിലൂടെ കോടികള്‍ നഷ്ടപ്പെട്ട് മലയാളികള്‍ അടക്കം നിരവധിപേര്‍

'കൊറിയര്‍ വഴി മയക്കുമരുന്ന്'; സൈബര്‍ തട്ടിപ്പിലൂടെ കോടികള്‍ നഷ്ടപ്പെട്ട് മലയാളികള്‍ അടക്കം നിരവധിപേര്‍

ഫെഡെക്‌സ് കൊറിയറില്‍ നിന്നാണെന്ന് അവകാശപ്പെട്ട് മുംബൈയില്‍ നിന്നെത്തിയ ഒരു ഫോണ്‍ കോളിലൂടെയായിരുന്നു തട്ടിപ്പിന്റെ തുടക്കം

കൊറിയര്‍ സേവന ദാതാക്കളായ ഫെഡെക്‌സിന്റെയും നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യുറോയുടെയും പേരില്‍ സൈബര്‍ തട്ടിപ്പ് വ്യാപകമാകുന്നു. ഏറ്റവും ഒടുവിലായി കഴിഞ്ഞ ദിവസം ബംഗളുരുവിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയായ എഴുപതുകാരിക്ക് നഷ്ടമായത് 1.20കോടി രൂപ. ഫെഡെക്‌സ് കൊറിയറില്‍ നിന്നാണെന്ന് അവകാശപ്പെട്ട് മുംബൈയില്‍ നിന്നെത്തിയ ഒരു ഫോണ്‍ കോളിലൂടെയായിരുന്നു തട്ടിപ്പിന്റെ തുടക്കം.

തന്റെ പേരില്‍ വന്നിരിക്കുന്ന ഒരു പാര്‍സലില്‍ എംഡിഎം എ മയക്കുമരുന്ന് കണ്ടെത്തിയെന്നും നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യുറോ കേസ് രെജിസ്റ്റര്‍ ചെയ്യാന്‍ പോവുകയാണെന്നും പറഞ്ഞായിരുന്നു മാധ്യമ പ്രവര്‍ത്തകയെ വിളിച്ചത്. എംഡിഎംഎക്കൊപ്പം അനധികൃതമായി തായ്വാനിലേക്ക് കടത്താന്‍ ശ്രമിച്ച എസ്ബിഐ ക്രെഡിറ്റ് കാര്‍ഡുകളും കിട്ടിയിട്ടുണ്ടെന്നും അന്ധേരി പോലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രെജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കൂടി ഫോണ്‍ വിളിച്ചയാള്‍ പറഞ്ഞു. നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യുറോ ഉദ്യോഗസ്ഥര്‍ക്ക് കേസിന്റെ വിശദശാംശങ്ങള്‍ സംസാരിക്കുന്നതിനായി സ്‌കൈപ് കോളില്‍ വരാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് സ്‌കൈപ് ആപ്പ് വഴി അവര്‍ നല്‍കിയ യൂസര്‍ ഐഡിയില്‍ മാധ്യമ പ്രവര്‍ത്തക ബന്ധപ്പെടുകയായിരുന്നു.

'സൈബര്‍ ക്രൈം' പേരും ലോഗോയുമുള്ള തംബ് നെയില്‍ ഉപയോഗിച്ചായിരുന്നു സ്‌കൈപ് ഐഡി. വീഡിയോ ഓണ്‍ ചെയ്യാതെ ഈ ഐഡിയില്‍ നിന്ന് ' നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യുറോ ഉദോഗസ്ഥര്‍' മാധ്യമ പ്രവര്‍ത്തകയെ ചോദ്യം ചെയ്യാന്‍ തുടങ്ങി. ആധാര്‍ കാര്‍ഡ് നമ്പര്‍, ആധാര്‍ കാര്‍ഡിലെ വിലാസം മറ്റു വിവരങ്ങള്‍, മാധ്യമപ്രവര്‍ത്തകയ്ക്ക് ഉണ്ടായിരുന്ന ബാങ്ക് അക്കൗണ്ടുകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ഇങ്ങോട്ടു പറഞ്ഞു ഉറപ്പു വരുത്തി വിശ്വാസം നേടിയെടുത്തായിരുന്നു ചോദ്യം ചെയ്യല്‍.

പാര്‍സലുമായി ബന്ധമില്ലെന്ന് 'ചോദ്യം ചെയ്യലില്‍' അവര്‍ പറഞ്ഞെങ്കിലും ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്തതായി മനസിലാക്കുന്നു എന്നായിരുന്നു 'എന്‍സിബി ഉദ്യോഗസ്ഥരുടെ 'മറുപടി. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം( PMLA ) കേസുടുക്കാന്‍ പോവുകയാണെന്നും കേസ് ചുമത്താതിരിക്കാന്‍ ഒന്നര കോടി നല്‍കണമെന്നും ആവശ്യപ്പെട്ടു. ഇത് സെക്യൂരിറ്റി ഡെപ്പോസിറ്റ് ആണെന്നും അന്വേഷണം പൂര്‍ത്തിയായാല്‍ പണം തിരികെ ഇടാമെന്നുമുള്ള ഉറപ്പില്‍ മാധ്യമ പ്രവര്‍ത്തക പണം കൈമാറ്റം ചെയ്യുകയായിരുന്നു. 1,20,36246 രൂപയാണ് രണ്ടു മണിക്കൂര്‍ നേരം ചോദ്യം ചെയ്തു സംഘം തട്ടിയെടുത്തത്. പണം അവര്‍ നല്‍കിയ അക്കൗണ്ടിലേക്കു ട്രാന്‍സ്ഫര്‍ ചെയ്തു കഴിഞ്ഞും ഇരയെ സ്‌കൈപ് കോളില്‍ 'എന്‍സിബി ഉദ്യോഗസ്ഥര്‍' ചോദ്യം ചെയ്യല്‍ തുടര്‍ന്നു. ഇര സൈബര്‍ തട്ടിപ്പിനിരയായി എന്ന് തിരിച്ചറിഞ്ഞു പണമിടപാട് നിര്‍ത്തി വെക്കാന്‍ ബാങ്കിനോട് ആവശ്യപ്പെടാതിരിക്കാനായിരുന്നു ഒരുമണിക്കൂര്‍ കൂടി പിടിച്ചിരുത്തിയത്.

'കൊറിയര്‍ വഴി മയക്കുമരുന്ന്'; സൈബര്‍ തട്ടിപ്പിലൂടെ കോടികള്‍ നഷ്ടപ്പെട്ട് മലയാളികള്‍ അടക്കം നിരവധിപേര്‍
പെട്രോള്‍, ഡീസല്‍ വില കുറഞ്ഞേക്കും; ലിറ്ററിന് 10 രൂപ വരെ ഇളവിന് സാധ്യത

ബംഗളുരുവിലെ മലയാളി ഐടി ജീവനക്കാരനെയും സമാന രീതിയില്‍ കുരുക്കി സംഘം 5 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. രണ്ടു തവണകളായാണ് ഇദ്ദേഹത്തില്‍ നിന്നും പണം കൈക്കലാക്കിയത്. 'എന്റെ ആധാര്‍ വിവരങ്ങള്‍ അവര്‍ കൃത്യമായി പറഞ്ഞു. നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യുറോ കേസെടുത്താല്‍ ഈ ജന്മം പുറം ലോകം കാണില്ലെന്ന് പറഞ്ഞു വൈകാരികമായി തളര്‍ത്തി. പിടിക്കപ്പെട്ടാല്‍ കയ്യാമം വെച്ച് അറസ്റ്റു ചെയ്തു കൊണ്ട് പോകുന്നത് ടെലിവിഷന്‍ ചാനലുകളിലൂടെ സ്വന്തം മക്കള്‍ കണ്ടാലുള്ള അവസ്ഥ എന്താകുമെന്നൊക്കെ ഓര്‍മിപ്പിച്ചു. ഞാന്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന് അറിയാമെന്നും എന്നെ അതുകൊണ്ടു തന്നെ അറസ്റ്റു ചെയ്യാതെ പ്രശ്‌നം പരിഹരിക്കാനാണ് പണമെന്നും അവര്‍ പറഞ്ഞു. ഞാന്‍ അതില്‍ വീണു പോയി' തട്ടിപ്പിനിരയായ യുവാവ് ദ ഫോര്‍ത്തിനോട് പറഞ്ഞു.

പണം നഷ്ടപ്പെട്ട വിവരം തിരിച്ചറിഞ്ഞതോടെ ബംഗളുരു സൈബര്‍ ക്രൈം വിഭാഗത്തില്‍ ഇദ്ദേഹം പരാതി നല്‍കി. മുംബൈ, ബെംഗളുരു, ഹൈദരബാദ്, ഡല്‍ഹി എന്നീ വന്‍ നഗരങ്ങളില്‍ നിന്നായി അഞ്ഞൂറോളം കേസുകള്‍ സമാനരീതിയിലുള്ള തട്ടിപ്പുനടന്നതുമായി ബന്ധപ്പെട്ടു രെജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ പോലീസിന് ഇതുവരെയും ഈ സംഘത്തെ പിടിക്കാനായിട്ടില്ല. ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ ഇത്തരം കേസുകള്‍ അന്വേഷിക്കുന്നതിനായി പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തട്ടിപ്പിനിരയായവര്‍ പണം അയച്ചു കൊടുത്ത ബാങ്ക് അക്കൗണ്ട് ഇപ്പോഴും ആക്റ്റീവ് ആയിരുന്നിട്ടും തട്ടിപ്പ് സംഘത്തെ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ബാങ്ക് അക്കൗണ്ടുകളില്‍ ലക്ഷങ്ങളും കോടികളും ഉള്ളവരെയാണ് തട്ടിപ്പ് സംഘം ലക്ഷ്യമിടുന്നത്. ഒരിക്കലും ചോരില്ലെന്നും ഭദ്രമാണെന്നും സര്‍ക്കാരുകള്‍ അവകാശപ്പെടുന്ന പൗരന്റെ യഥാര്‍ത്ഥ ആധാര്‍ വിവരങ്ങള്‍ തട്ടിപ്പ് സംഘത്തിന്റെ കയ്യിലുണ്ടെന്നതാണ് ഏറ്റവും ഗൗരവമേറിയ വിഷയം.

logo
The Fourth
www.thefourthnews.in