ബിപോര്‍ജോയ് ചുഴലിക്കാറ്റ് മണിക്കൂറുകള്‍ക്കകം കരതൊടും;  ഗുജറാത്തിൽ ഒരുലക്ഷം പേരെ മാറ്റിപാര്‍പ്പിച്ചു

ബിപോര്‍ജോയ് ചുഴലിക്കാറ്റ് മണിക്കൂറുകള്‍ക്കകം കരതൊടും; ഗുജറാത്തിൽ ഒരുലക്ഷം പേരെ മാറ്റിപാര്‍പ്പിച്ചു

മണിക്കൂറില്‍ 115-125 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ്

ബിപോര്‍ജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേയ്ക്ക് അടുക്കുന്നു. മണിക്കൂറുകൾക്കം കാറ്റ് തീരം തൊടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മുന്നറിയിപ്പ് വന്നതോടെ ഗുജറാത്തിലെ തീരപ്രദേശങ്ങളിൽനിന്ന് ഒരു ലക്ഷത്തിലധികം പേരെ മാറ്റിപാര്‍പ്പിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ റെഡ് ഓറഞ്ച് അലെര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

നിലവില്‍ ഗുജറാത്ത് തീരത്ത് നിന്ന് 150 കിലോമീറ്റര്‍ അകലെയാണ് ബിപോര്‍ജോയ് ചുഴലിക്കാറ്റ്. സൗരാഷ്ട്ര-കച്ച് തീരങ്ങളിലും അതിനോട് ചേര്‍ന്നുള്ള മാണ്ഡവി-കറാച്ചി പ്രദേശത്തിനിടയിലെ പാകിസ്താന്‍ തീരത്തുമായി കാറ്റ് കരതൊടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

കാറ്റഗറി മൂന്നില്‍ ഉള്‍പ്പെടുത്തിയ ഏറ്റവും തീവ്രത കൂടിയ ചുഴലിക്കാറ്റാണ് ബിപോര്‍ജോയ് . മണിക്കൂറില്‍ 115-125 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. കുറച്ചുസമയത്തിനകം കാറ്റിന് വേഗത കൂടാന്‍ സാധ്യതയുണ്ട്. കാറ്റിന്റെ ശക്തികണക്കിലെടുത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. മുന്നറിയിപ്പ് കണക്കിലെടുത്ത് 76 ട്രെയിനുകള്‍ റദ്ദാക്കിയതായി പശ്ചിമ റെയില്‍വേ അറിയിച്ചു.

വരുംമണിക്കൂറില്‍ ഗുജറാത്തില്‍ കനത്ത കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചിട്ടുണ്ട്. ബിപോര്‍ജോയ് ചുഴലിക്കാറ്റ് തീരം തൊടുന്നതോടെ മഴയുടെ ശക്തിവര്‍ധിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കച്ച്, ദേവ്ഭൂമി ദ്വാരക, ജാംനഗര്‍ ജില്ലകളിലാകും താരമ്യേനെ കനത്തമഴയ്ക്ക് സാധ്യത. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ നേതൃത്വത്തില്‍ ഗാന്ധിനഗറിലെ സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററില്‍ ചുഴലിക്കാറ്റിനെ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്യാന്‍ യോഗം ചേര്‍ന്നു. കച്ച്, ജാംനഗര്‍, മോര്‍ബി, രാജ്കോട്ട്, ദേവ്ഭൂമി ദ്വാരക, ജുനഗഡ്, പോര്‍ബന്തര്‍, ഗിര്‍ സോമനാഥ് എന്നീ എട്ട് തീരദേശ ജില്ലകളില്‍ ഇതുവരെ ഒരു ലക്ഷത്തോളം പേരെ താല്‍ക്കാലിക അഭയകേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചതായി സര്‍ക്കാര്‍ അറിയിച്ചു.

മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി എന്‍ഡിആര്‍എഫിന്റെ 18 ടീമുകളേയും സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് 12 ടീമുകളേയും നിയോഗിച്ചു. ഗതാഗത വകുപ്പ് 115 ഉദ്യോഗസ്ഥരേയും വൈദ്യുതി വകുപ്പ് 397 പേരെയും ചേര്‍ത്ത് പ്രത്യേകദൗത്യ സേന രൂപീകരിച്ചു. കരസേന, നാവികസേന, വ്യോമസേന, കോസ്റ്റ് ഗാര്‍ഡ് എന്നിവയുള്‍പ്പെടെ എല്ലാ സായുധ സേനകളും സഹായം നല്‍കുന്നതിന് ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

logo
The Fourth
www.thefourthnews.in