പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഉത്തരം തെറ്റി; യുപിയില്‍ ദളിത് വിദ്യാർത്ഥിയെ അധ്യാപകൻ മർദിച്ചുകൊന്നു

തെറ്റായ ഉത്തരം എഴുതിയതിനാണ് അധ്യാപകന്‍ പത്താംക്ലാസുകാരനെ ക്രൂരമായി മർദിച്ചത്

പരീക്ഷയ്ക്ക് തെറ്റായ ഉത്തരം എഴുതിയതിന്റെ പേരിൽ അധ്യാപകന്‍ മർദിച്ച ദളിത് വിദ്യാർത്ഥി മരിച്ചു. ഉത്തർപ്രദേശിലെ ഔറയ്യ ജില്ലയിലെ അച്ചൽഡയിലുള്ള ആദർശ് ഇന്റർ കോളേജിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ചത്. സെപ്തംബർ 7 നാണ് തെറ്റുത്തരം എഴുതിയെന്ന് ആരോപിച്ച് സോഷ്യൽ സയൻസ് അധ്യാപകനായ അശ്വിനി സിങ് കുട്ടിയെ മർദിച്ചത്. ആന്തരിക അവയവങ്ങൾക്ക് അടക്കം പരിക്കേറ്റ് ചികിത്സയിലിരിക്കെ ഇന്ന് രാവിലെ കുട്ടി മരിക്കുകയായിരുന്നു.

വിദ്യാർത്ഥിയുടെ മരണത്തെതുടർന്ന് വലിയ പ്രതിഷേധമാണ് ജന്മനാട്ടിലടക്കം ഉയരുന്നത്. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ജില്ലാ ഭരണകൂടം ഗ്രാമത്തിൽ കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. ദലിത് അവകാശ സംഘടനയായ ഭീം ആർമി പ്രവർത്തകർ വിദ്യാർത്ഥിയുടെ വീട് സന്ദർശിച്ചു.

വിദ്യാർത്ഥിയുടെ മരണത്തിൽ ഉടൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടിയായ ബഹുജൻ സമാജ് പാർട്ടി(ബിഎസ്പി) രംഗത്തെത്തി. ബിജെപി ഭരണത്തിന് കീഴിൽ ദലിത് സമുദായത്തിനെതിരായ അതിക്രമങ്ങൾ വർധിക്കുന്നുവെന്നും ബിഎസ്പി ആരോപിച്ചു. കുറ്റാരോപിതനായ അധ്യാപകനെ ഉടൻ ജയിലിലേക്ക് അയയ്ക്കണമെന്നും ഇത്തരം സംഭവങ്ങൾ തടയാൻ ഉത്തർപ്രദേശ് പോലീസ് കർശന നടപടി സ്വീകരിക്കണമെന്നും രാജ്യസഭാംഗം റാംജി ഗൗതം ട്വീറ്റ് ചെയ്തു. സംസ്ഥാനത്ത് ദിനംപ്രതി വർധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ തടയാൻ യോഗി സർക്കാർ കൃത്യമായ നയം നടപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, മരിച്ച വിദ്യാർത്ഥിയുടെ കുടുംബത്തിന്റെ പരാതിയിൽ അച്ചൽഡ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. പ്രതിയായ അധ്യാപകനെ പിടികൂടാൻ പോലീസ് തിരച്ചിൽ ആരംഭിച്ചു. വിദ്യാർത്ഥി മരിച്ചതോടെ നിലവിൽ ഇന്റർ കോളേജ് അടച്ചിട്ടിരിക്കുകയാണ്.

logo
The Fourth
www.thefourthnews.in