200 കോടി രൂപ വരെ പിഴ: ഡാറ്റാ സംരക്ഷണ ബിൽ പുതുക്കി കേന്ദ്രം

200 കോടി രൂപ വരെ പിഴ: ഡാറ്റാ സംരക്ഷണ ബിൽ പുതുക്കി കേന്ദ്രം

കമ്പനികളുടെ നിലപാട് കൂടി കേട്ടശേഷമാകും ബില്‍ സംബന്ധിച്ച തുടര്‍ നടപടി

നിയമലംഘനങ്ങള്‍ തടയാന്‍ നിര്‍ണായക മാറ്റങ്ങളുമായി ഡാറ്റ സംരക്ഷണ ബില്‍ പുതുക്കി അവതരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ഉപഭോക്താക്കളുടെ സ്വകാര്യ ഡാറ്റ കൈകാര്യം ചെയ്യുന്നതില്‍ പിഴവ് വരുത്തുന്ന കമ്പനികള്‍ക്ക് 200 കോടി രൂപ വരെ പിഴ ചുമത്താമെന്ന വ്യവസ്ഥയുമായാണ് കരട് ബില്‍ തയ്യാറായിരിക്കുന്നത്. പുതിയ വ്യവസ്ഥകളിന്മേല്‍ കമ്പനികളുടെ നിലപാട് കൂടി കേട്ടശേഷമാകും ബില്‍ സംബന്ധിച്ച തുടര്‍നടപടികളിലേക്ക് നീങ്ങുക. പുതിയ വ്യവസ്ഥകള്‍ സംബന്ധിച്ച് ആദ്യഘട്ടത്തില്‍ തന്നെ കമ്പനികള്‍ എതിര്‍നിലപാട് സ്വീകരിക്കുന്നതിനാല്‍ പിഴ സംബന്ധിച്ച വ്യവസ്ഥ റദ്ദാക്കാനുള്ള സാധ്യത കൂടുതലാണ്.

ബില്‍ ഭരണഘടന പൗരന് നല്‍കുന്ന സ്വകാര്യത സംബന്ധിച്ച അവകാശങ്ങള്‍ ലംഘിക്കുന്നതാണ് എന്നാണ് ഉയര്‍ന്ന പ്രധാന ആക്ഷേപം

സ്വകാര്യതയുമായി ബന്ധപ്പെട്ട് കമ്പനികള്‍ വരുത്തുന്ന വീഴ്ചയുടെ സ്വഭാവമനുസരിച്ച് പിഴകളില്‍ വ്യത്യാസമുണ്ടാകും. വ്യക്തികളുടെ സ്വകാര്യ ഡാറ്റാ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയാല്‍ 200 കോടിയും കുട്ടികളുമായി ബന്ധപ്പെട്ട ഡാറ്റാ വീഴ്ചകള്‍ക്ക് 100 കോടി രൂപയുമാകും പിഴ ചുമത്തുക. ബില്ലിന്റെ മുന്‍ പതിപ്പില്‍ നിയമം ലംഘിക്കുന്ന കമ്പനികള്‍ക്ക് 15 കോടി രൂപയോ, വിറ്റുവരവിന്റെ നാല് ശതമാനമോ, ഏതാണോ കൂടൂതലെങ്കില്‍ അത് പിഴയായി ചുമത്തുമെന്നായിരുന്നു വ്യവസ്ഥ. പരിഷ്‌കരിച്ച വ്യക്തിഗത ബില്ലിന്റെ കരട് ഈ ആഴ്ച തന്നെ ലഭ്യമാകുമെന്നാണ് സൂചന.

2019 ല്‍ ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരുന്നു

കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു ഡാറ്റാ സംരക്ഷണ ബില്‍ നേരത്തെ പിന്‍വലിച്ചത്. കാലോചിതവും ഭാവിയിലേയ്ക്ക് ഉതകുന്നതുമായ ഡിജിറ്റല്‍ സ്വകാര്യതാ നിയമങ്ങള്‍ ഉള്‍പ്പെടെയുള്ള പുതിയ നിയമം തയ്യാറാക്കുമെന്ന് ഐടി മന്ത്രാലയം അന്ന് തന്നെ സൂചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നിയമങ്ങള്‍ കൊണ്ടുവരാനുള്ള കേന്ദ്ര തീരുമാനം.

ഏതൊരു വ്യക്തിയുടേയും സ്വകാര്യമോ അല്ലാത്തതോ ആയ വിവരങ്ങള്‍ പരിശോധിക്കാനും വിലയിരുത്താനും പ്രത്യേക സാഹചര്യങ്ങളില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരം നല്‍കുന്നതായിരുന്നു ആദ്യ ബില്ലിലെ പ്രധാന വ്യവസ്ഥ. ബില്‍ ഭരണഘടന പൗരന് നല്‍കുന്ന സ്വകാര്യത സംബന്ധിച്ച അവകാശങ്ങള്‍ ലംഘിക്കുന്നതാണ് എന്നായിരുന്നു പ്രധാന ആക്ഷേപം. രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത, സുരക്ഷ, വിദേശ ബന്ധങ്ങള്‍ എന്നിവയുടെ പേരില്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ഉള്‍പ്പെടെ അധികാരം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനെ ചുമതലപ്പെടുത്തുന്നത് ഉള്‍പ്പെടെ ബില്‍ വ്യവസ്ഥ ചെയ്തിരുന്നു.

ബില്‍ പരിശോധിച്ച പാര്‍ലമെന്റി കമ്മിറ്റി 81 ഭേദഗതികള്‍ നിര്‍ദേശിച്ച പശ്ചാത്തലത്തിലായിരുന്നു പിന്‍വലിക്കാനുള്ള കേന്ദ്ര തീരുമാനം. ഇത് ലോക്സഭ ശബ്ദവോട്ടോടെയാണ് പാസാക്കിയത്. നിലവില്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ നിയമം പ്രാബല്യത്തില്‍ വന്നാല്‍ ജനങ്ങളുടെ ഡാറ്റ കമ്പനികള്‍ ദുരുപയോഗം ചെയ്യുന്നത് കുറയുമെന്നാണ് കേന്ദ്രം ഉയര്‍ത്തുന്ന വാദം.

logo
The Fourth
www.thefourthnews.in