ബിബിസിക്ക് സമൻസ്; ആർ എസ്എസിനെയും വിഎച്ച്പിയെയും അപകീർത്തിപ്പെടുത്താൻ സംഘടിത ശ്രമമെന്ന് വാദം

ബിബിസിക്ക് സമൻസ്; ആർ എസ്എസിനെയും വിഎച്ച്പിയെയും അപകീർത്തിപ്പെടുത്താൻ സംഘടിത ശ്രമമെന്ന് വാദം

ബിബിസിക്ക് പുറമെ വിക്കിപീഡിയയ്ക്ക് ധനസഹായം നൽകുന്ന വിക്കിമീഡിയയ്ക്കും യുഎസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇന്റർനെറ്റ് ആർകൈവ്സ് ലൈബ്രറിക്കും ഡൽഹി അഡിഷണൽ ജില്ലാ ജഡ്‌ജി രുചിക സിംഗ്ല സമൻസ് അയച്ചു

'ഇന്ത്യ: ദ മോദി ക്വസ്റ്റിയൻ' എന്ന ഡോക്യുമെന്ററി നിർമിച്ച ബിബിസിക്ക് സമൻസയച്ച് ഡൽഹി കോടതി. ബിജെപി നേതാവ് ബിനയ് കുമാർ നൽകിയ അപകീർത്തിക്കേസിലാണ് കോടതിയുടെ നടപടി. ആർഎസ്എസ്, വിഎച്ച്പി, ബിജെപി തുടങ്ങിയ സംഘടനകളെ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടാണ് ബിബിസിയുടെ ഡോക്യുമെന്ററിയെന്ന് ഹർജിയിൽ പറയുന്നു. 30 ദിവസത്തിനകം രേഖാമൂലം മറുപടി നൽകണമെന്ന് സമൻസിൽ ആവശ്യപ്പെടുന്നു.

ബിബിസിക്ക് പുറമെ വിക്കിപീഡിയയ്ക്ക് ധനസഹായം നൽകുന്ന വിക്കിമീഡിയയ്ക്കും യുഎസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇന്റർനെറ്റ് ആർകൈവ്സ് ലൈബ്രറിക്കും ഡൽഹി അഡിഷണൽ ജില്ലാ ജഡ്‌ജി രുചിക സിംഗ്ല സമൻസ് അയച്ചു. ജാർഖണ്ഡിലെ ബിജെപിയുടെ സംസ്ഥാന എക്സ്ക്യൂട്ടീവ് അംഗവും ആർഎസ്എസ്, വിഎച്ച്പി എന്നീ സംഘടനകളുടെ സജീവ പ്രവർത്തകനുമാണ് ബിനയ് കുമാർ. ആർഎസ്എസിനും വിഎച്ച്പിക്കുമെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ സംഘടനകളെയും ദശലക്ഷക്കണക്കിന് സന്നദ്ധപ്രവർത്തകരെയും അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടതാണെന്ന് ഹർജിയിൽ ആരോപിക്കുന്നു. ഡോക്യുമെന്ററിയിലെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ബിനയ് വാദിക്കുന്നു.

ആർ‌എസ്‌എസിനും വിഎച്ച്‌പിക്കും എതിരെ ഡോക്യുമെന്ററിയോ മറ്റേതെങ്കിലും വിവരങ്ങളോ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് ബിബിസി, വിക്കിമീഡിയ, ഇന്റർനെറ്റ് ആർക്കൈവ് എന്നിവരെ വിലക്കണമെന്നാണ് ആവശ്യം

'ഇന്ത്യയുടെ സാംസ്കാരികവും സാമൂഹികവും ദേശീയവുമായ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ സ്വയം പ്രതിജ്ഞാബദ്ധരായ ആർഎസ്എസ്, വിഎച്ച്പി സംഘടനകളുടെ പ്രതിച്ഛായ തകർക്കാനും സാധ്യതയുള്ളതാണ് ഡോക്യുമെന്ററി' ഹർജിയിൽ പറയുന്നു. ഡോക്യുമെന്ററിയുടെ പ്രകാശനം വിവിധ ഗ്രൂപ്പുകളിലെ അംഗങ്ങൾക്കിടയിൽ ഭീതിയുടെയും ഭയത്തിന്റെയും അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ട്. രാജ്യത്തുടനീളം വീണ്ടും അക്രമണത്തിന് കാരണമാകാനും പൊതുക്രമം അപകടത്തിലാക്കാനും ശേഷിയുണ്ട്. കേസിലെ ഒന്നാം പ്രതിയായ ബിബിസി, അവകാശവാദങ്ങളുടെ ആധികാരികത പരിശോധിക്കാതെ അടിസ്ഥാനരഹിതമായ കിംവദന്തികൾ പ്രചരിപ്പിച്ചു. രാജ്യത്തിന്റെ പ്രതിച്ഛായ തകർക്കാൻ പരസ്പരം യോജിച്ചാണ് പ്രവർത്തിച്ചതെന്ന നിഗമനത്തിൽ എത്താവുന്നതാണ് ഈ സംഭവങ്ങളെന്നും ഹർജിയിൽ പറയുന്നു.

ഡോക്യുമെന്ററി ഇന്ത്യന്‍ സർക്കാർ നിരോധിച്ചിട്ടുണ്ടെങ്കിലും വിക്കിപീഡിയ പേജ് അത് കാണാനുള്ള ലിങ്കുകൾ നൽകുന്നുണ്ടെന്നും ഉള്ളടക്കം ഇന്റർനെറ്റ് ആർക്കൈവിൽ ഇപ്പോഴും ലഭ്യമാണെന്നും അഭിഭാഷകൻ മുകേഷ് ശർമ കോടതിയെ അറിയിച്ചു. അതിനാൽ, ആർ‌എസ്‌എസിനും വിഎച്ച്‌പിക്കും എതിരെ ഡോക്യുമെന്ററിയോ മറ്റേതെങ്കിലും വിവരങ്ങളോ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് ബിബിസി, വിക്കിമീഡിയ, ഇന്റർനെറ്റ് ആർക്കൈവ് എന്നിവരെ വിലക്കണമെന്നും അദ്ദേഹം കോടതിയോട് ആവശ്യപ്പെട്ടു. മെയ് 11ന് ഹർജിയിൽ വീണ്ടും വാദം കേൾക്കും.

ബിബിസിക്ക് സമൻസ്; ആർ എസ്എസിനെയും വിഎച്ച്പിയെയും അപകീർത്തിപ്പെടുത്താൻ സംഘടിത ശ്രമമെന്ന് വാദം
ബിബിസിക്കെതിരെ കേസ്; ഫെമ നിയമം ലംഘിച്ചെന്ന് ഇഡി

ഗുജറാത്ത് കലാപത്തെക്കുറിച്ച് ബ്രിട്ടീഷ് സർക്കാർ നടത്തിയ അന്വേഷണത്തിന്റെ രഹസ്യരേഖകൾ ഉൾപ്പെടുത്തിക്കൊണ്ടായിരുന്നു ബിബിസി ഡോക്യുമെന്ററി നിർമിച്ചത്. രണ്ടു ഭാഗങ്ങളിലായിട്ടാണ് ഡോക്യുമെന്ററി പുറത്തിറക്കിയത്. മുൻപ് ബിബിസിയുടെ ഇന്ത്യയിലെ ഓഫിസുകളിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.

logo
The Fourth
www.thefourthnews.in