ഡല്‍ഹി സേക്രഡ് ഹാർട്ട് പളളിയില്‍ നരേന്ദ്ര മോദി
ഡല്‍ഹി സേക്രഡ് ഹാർട്ട് പളളിയില്‍ നരേന്ദ്ര മോദി

'മതപരിവർത്തന നിരോധന നിയമം ക്രൈസ്തവരെ ഉപദ്രവിക്കാൻ ഉപയോഗിക്കുന്നു'; പ്രധാനമന്ത്രിക്ക് ഡൽഹി കാത്തോലിക് അസോസിയേഷന്റെ കത്ത്

കത്തിന്റെ വിശദാംശങ്ങൾ 'ദി വയറാ'ണ് പുറത്തുവിട്ടത്. ഏപ്രിൽ 21ന് നരേന്ദ്രമോദിക്കയച്ച കത്തിൽ പ്രധാനമായും മൂന്ന് വിഷയങ്ങളാണ് ചൂണ്ടികാട്ടിയിരിക്കുന്നത്

രാജ്യത്തെ ക്രൈസ്തവർ നേരിടുന്ന വിവേചനങ്ങൾ ഉന്നയിച്ച് പ്രധാനമന്ത്രിക്ക് കത്ത്. ഫെഡറേഷൻ ഓഫ് കത്തോലിക് അസോസിയേഷൻസ് ഓഫ് ഡൽഹി അതിരൂപതയും പ്രസിഡന്റും യുണൈറ്റഡ് ക്രിസ്ത്യൻ ഫോറവും സംയുക്തമായാണ് കത്തയച്ചത്. ക്രൈസ്തവ സമുദായത്തെ ഉപദ്രവിക്കാൻ മതപരിവർത്തന നിരോധന നിയമം ഉപയോഗിക്കുന്നുവെന്ന് കത്തിൽ ആരോപിക്കുന്നു.

54,000-ത്തിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നത് ക്രൈസ്തവരാണ്. ഈ സ്കൂളുകൾ നിലവിൽ ഭൂരിപക്ഷ ജനക്കൂട്ടത്തിന്റെ ആക്രമണങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്

കത്തിന്റെ വിശദാംശങ്ങൾ 'ദി വയറാ'ണ് പുറത്തുവിട്ടത്. ഏപ്രിൽ 21ന് നരേന്ദ്രമോദിക്കയച്ച കത്തിൽ പ്രധാനമായും മൂന്ന് വിഷയങ്ങളാണ് ചൂണ്ടികാട്ടിയിരിക്കുന്നത്. 'മതസ്വാതന്ത്ര്യ'ത്തിന് വേണ്ടിയെന്ന പേരിൽ ഇന്ത്യയിൽ പതിനൊന്ന് സംസ്ഥാനങ്ങളിൽ നടപ്പിലാക്കിയ മതപരിവർത്തന നിരോധന നിയമം ക്രൈസ്തവർക്ക് ഹാനികരമായി ഭവിച്ചിരിക്കുകയാണ്. ലവ് ജിഹാദിനെ നേരിടാനെന്നതിന്റെ മറവിൽ ബിജെപി സർക്കാരുകൾ ഈ നിയമത്തെ പ്രോത്സാഹിപ്പിക്കുകയാണ്. എന്നാൽ ശരിക്കും ഈ നിയമം ഭരണഘടനയുടെ അനുച്ഛേദം 25 ഉറപ്പ് നൽകുന്ന മതസ്വാതന്ത്ര്യത്തിന് എതിരാണ്. ഈ വകുപ്പുപയോഗിച്ച് വ്യാജ കേസുകൾ കെട്ടിച്ചമച്ച് സമുദായാംഗങ്ങളെ തടവിലിടുകയും ഉപദ്രവിക്കുകയും ചെയ്യുന്നുവെന്ന് കത്തിൽ ആരോപിക്കുന്നു.

ഇന്ത്യയുടെ വൈവിധ്യവും ഊർജ്ജസ്വലതയും തകർക്കാൻ ആരെയും അനുവദിക്കരുതെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

ന്യൂനപക്ഷ സ്കൂളുകളെ സംബന്ധിക്കുന്ന വിഷയമാണ് രണ്ടാമതായി ഉന്നയിക്കുന്നത്. "54,000-ത്തിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നത് ക്രൈസ്തവരാണ്. ഈ സ്കൂളുകൾ നിലവിൽ ഭൂരിപക്ഷ ജനക്കൂട്ടത്തിന്റെ ആക്രമണങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. അക്രമാസക്തമായ ആൾക്കൂട്ട ആക്രമണങ്ങളും കല്ലേറും കനത്ത സ്വത്ത് നാശവും നേരിടേണ്ടി വരുന്നുണ്ട്. പ്രിൻസിപ്പൽമാരും അധ്യാപകരും നിർബന്ധിത മതപരിവർത്തനം നടത്തുന്നുവെന്ന് കുറ്റപ്പെടുത്തുകയും രാവിലെകളിൽ നടത്തുന്ന അസംബ്ലികൾ തടസപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ വിദ്യാഭ്യാസ നയങ്ങൾ സ്കൂളുകളുടെ സ്വയംഭരണാധികാരത്തെ തുരങ്കം വയ്ക്കുകയും ചെയ്യുന്നു" കത്തിൽ പറയുന്നു.

കൂടാതെ ദളിത് ക്രൈസ്തവരെ ഇപ്പോഴും അരികുവത്കരിക്കുന്ന പ്രശ്നത്തെക്കുറിച്ചും കത്തിൽ ഉന്നയിക്കുന്നു. പട്ടികജാതിക്കാർക്ക് നൽകുന്ന സംവരണത്തിന്റെ യാതൊരാനുകൂല്യങ്ങളും ഈ വിഭാഗത്തിലുള്ളവർക്ക് ലഭിക്കുന്നില്ല. അതേസമയം, പട്ടികജാതി വിഭാഗങ്ങളിൽ നിന്ന് SC സംവരണത്തിന് അർഹരല്ലാത്ത സമുദായങ്ങളിലേക്ക് പരിവർത്തനം നടത്തിയവർക്ക് ആനുകൂല്യങ്ങൾ നൽകുന്നതിനെ കുറിച്ച് പഠിക്കാൻ മുൻ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിൽ കമ്മിഷനെ നിയമിച്ചത് അംഗീകരിക്കുന്നുവെന്നും കത്തിൽ പറയുന്നു. "മുൻ ചീഫ് ജസ്റ്റിസ് രംഗനാഥ് മിശ്രയുടെ നേതൃത്വത്തിലുള്ള കമ്മിഷൻ, ജോലിയിലും ഉന്നത വിദ്യാഭ്യാസത്തിലും ന്യൂനപക്ഷങ്ങൾക്ക് ഒരു നിശ്ചിത ശതമാനം സംവരണം ശുപാർശ ചെയ്തിരുന്നു. സ്വന്തം ഇഷ്ടപ്രകാരം ഇസ്ലാം മതത്തിലേക്കും ക്രിസ്ത്യാനിയിലേക്കും പരിവർത്തനം ചെയ്യുന്ന ദലിതർക്ക് പട്ടികജാതി സംവരണ ക്വാട്ടയിൽ സംവരണ ആനുകൂല്യങ്ങൾ ലഭിക്കാൻ അനുവദിക്കണം" പ്രധാനമന്ത്രിക്കയച്ച കത്തിൽ പറയുന്നു.

ഇന്ത്യയുടെ വൈവിധ്യവും ഊർജ്ജസ്വലതയും തകർക്കാൻ ആരെയും അനുവദിക്കരുതെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഊർജ്ജസ്വലമായ ജനാധിപത്യം എന്നാൽ നമ്മുടെ രാജ്യത്തെ ഓരോ വ്യക്തിയുടെയും സമാധാനപരമായ സഹവർത്തിത്വമാണ്. ഇന്ത്യയുടെ ഈ മഹത്തായ വൈവിധ്യത്തെ നമ്മൾ ഉൾക്കൊള്ളണം. ഏതാനും ആളുകൾ അത് നശിപ്പിക്കാന്‍ അനുവദിക്കരുതെന്നും കത്തിൽ കൂട്ടിച്ചേർത്തു.

കത്തിനുള്ള പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പ്രതികരണമായി പബ്ലിക് ഗ്രീവൻസ് പോർട്ടലിന്റെ അറിയിപ്പ് ലഭിച്ചതായി ഏപ്രിൽ 27-ന് എഫ്സിഎഎഡി പത്രക്കുറിപ്പും ഇറക്കിയിരുന്നു.

logo
The Fourth
www.thefourthnews.in