വൃത്തിഹീനമായ ശുചിമുറി; ഇന്ത്യന്‍ റെയില്‍വെ 30,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമ്മീഷൻ

വൃത്തിഹീനമായ ശുചിമുറി; ഇന്ത്യന്‍ റെയില്‍വെ 30,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമ്മീഷൻ

സിറ്റിസൺ ചാർട്ടർ പ്രകാരം അടിസ്ഥാന സൗകര്യങ്ങളായ വൃത്തിയുള്ള ശുചിമുറിയും ആവശ്യത്തിന് വെള്ളവും ഒരുക്കുന്നതിൽ റെയിൽവേ പരാജയപ്പെട്ടുവെന്ന് ഉപഭോക്തൃ കമ്മീഷൻ അധ്യക്ഷ ദിവ്യ ജ്യോതി കുറ്റപ്പെടുത്തി

വൃത്തിഹീനമായ ശുചിമുറിയുടെ പേരില്‍ ഇന്ത്യന്‍ റെയില്‍വെയ്ക്ക് പിഴ ചുമത്തി ഡൽഹി ഉപഭോക്തൃ കമ്മീഷൻ. വൃത്തിഹീനമായ ശുചിമുറിയും ആവശ്യത്തിനുള്ള വെള്ളത്തിന്റെ ലഭ്യതക്കുറവും കാരണം ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ നേരിട്ടെന്ന യാത്രക്കാരന്‍റെ പരാതിയിലാണ് നടപടി. യാത്രക്കാരന് 30,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഡൽഹി ജില്ലാ ഉപഭോക്തൃ കമ്മീഷൻ ഇന്ത്യൻ റെയിൽവേയോട് നിർദ്ദേശിച്ചു.

ഡല്‍ഹി നോർത്ത് ഡിസ്ട്രിക്ട് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ-1 പ്രസിഡന്റ് ദിവ്യ ജ്യോതി ജയ്പുരിയാർ, കമ്മിറ്റി അംഗം ഹർപ്രീത് കൗർ ചാര്യ എന്നിവരടങ്ങിയ സംഘമാണ് നഷ്ട പരിഹാരം നൽകാൻ ഉത്തരവിട്ടത്.

വൃത്തിഹീനമായ ശുചിമുറി; ഇന്ത്യന്‍ റെയില്‍വെ 30,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമ്മീഷൻ
പ്രാണപ്രതിഷ്ഠ ചടങ്ങ്: അയോധ്യ വിധി പ്രസ്താവിച്ച ജഡ്ജിമാരില്‍ ഒരാള്‍ പങ്കെടുക്കും, ചീഫ് ജസ്റ്റിസ് വിട്ടുനില്‍ക്കും

യാത്രക്കാന്‍ നേരിട്ട ബുദ്ധിമുട്ടിന് 30,000 രൂപ പിഴയും വ്യവഹാര ചെലവായി 10,000 രൂപയും ഉള്‍പ്പെടെ 30 ദിവസത്തിനുള്ളിൽ ഇന്ത്യൻ റെയിൽവേ നഷ്ടപരിഹാരം നൽകണമെന്നാണ് നിര്‍ദേശം. നൽകാത്തപക്ഷം, 40,000 രൂപയും തുടർന്ന് നിർദ്ദേശം പാലിക്കുന്നത് വരെ ഏഴ് ശതമാനം പലിശയും ചേർന്ന് നൽകേണ്ടി വരുമെന്നും ഉത്തരവിലുണ്ട്.

ഡൽഹിയിൽ നിന്ന് ഇൻഡോറിലേക്ക് 3 എസി കംപാര്‍ട്ട്മെന്റില്‍ യാത്ര ചെയ്ത വ്യക്തിയാണ് പരാതിയുമായി രംഗത്തെത്തിയത്. 2021 സെപ്‌റ്റംബർ 3ന്, രാവിലെ 8 മണിക്ക് ശുചിമുറിയിലെത്തിയപ്പോള്‍ മാലിന്യം നിറഞ്ഞിരിക്കുന്ന നിലയായിരുന്നു. ആ സമയം ശുചിമുറിയില്‍ ഫ്ലഷ് ചെയ്യാനോ കൈകഴുകാനോ വെള്ളമില്ലായിരുന്നു. ട്രെയിനിലുണ്ടായിരുന്ന വാഷ്‌ബേസിനും മോശം അനുഭവമാണ് നല്‍കിയത് എന്നും പരാതിക്കാരന്‍ ആരോപിച്ചു.

ദീർഘദൂര യാത്രകൾക്ക് ട്രെയിൻ ടിക്കറ്റ് എടുക്കുന്ന യാത്രക്കാർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യം പോലും നൽകുന്നതിൽ ഇന്ത്യൻ റെയിൽവേ പരാജയപ്പെട്ടു

ഈ സമയം ട്രെയിനില്‍ കോച്ച് അറ്റൻഡർമാര്‍ ഇല്ലാതിരുന്നതിനാൽ, പരാതിക്കാരൻ ഇന്ത്യൻ റെയിൽവേയുടെ ഔദ്യോഗിക ഓൺലൈൻ പോർട്ടലായ 'റെയിൽ മദാദിൽ' രാവിലെ എട്ടു മണിയോടെ ചിത്രങ്ങൾ സഹിതം പരാതി നൽകുകയായിരുന്നു. രാവിലെ 10 മണിയോടെ ട്രെയിൻ ഇൻഡോർ സ്റ്റേഷനിൽ എത്തിയെങ്കിലും പരാതിക്ക് പരിഹാരമുണ്ടായില്ല. ടോയ്‌ലറ്റിൽ പോകാൻ രണ്ട് മണിക്കൂറിലധികം കാത്തിരിക്കേണ്ടി വന്നെന്നും ഇത് ശാരീരിക സമ്മർദ്ദവും തലവേദനയും ഉണ്ടാക്കിയെന്നും പരാതിയിൽ പറയുന്നുണ്ട്.

പരാതി പരിഗണിച്ച ഉപഭോക്തൃ കമ്മീഷൻ വലിയ തുക നൽകി ദീർഘദൂര യാത്രകൾക്ക് ട്രെയിൻ ടിക്കറ്റ് എടുക്കുന്ന യാത്രക്കാർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യം പോലും നൽകുന്നതിൽ ഇന്ത്യൻ റെയിൽവേ പരാജയപ്പെട്ടുവെന്ന് കുറ്റപ്പെടുത്തി. ടോയ്‌ലറ്റുകളും വെള്ളവും യാത്രക്കാർക്ക് നിഷേധിക്കാനാവാത്ത അടിസ്ഥാന സൗകര്യങ്ങളായതിനാൽ റെയിൽവേ മുന്നോട്ടുവെച്ച പ്രതികരണങ്ങൾക്ക് യാതൊരു അടിത്തറയുമില്ലെന്ന് കേസ് വാദിക്കവേ ഉപഭോക്തൃ കമ്മീഷൻ പറഞ്ഞു. സിറ്റിസൺ ചാർട്ടർ പ്രകാരം അടിസ്ഥാന സൗകര്യങ്ങളായ വൃത്തിയുള്ള ശുചിമുറിയും ആവശ്യത്തിന് വെള്ളവും ഒരുക്കുന്നതിൽ റെയിൽവേ പരാജയപ്പെട്ടുവെന്നും പ്രസിഡന്റ് ദിവ്യ ജ്യോതി കുറ്റപ്പെടുത്തി.

എന്നാല്‍, തങ്ങളുടെ ഭാഗത്ത് വീഴ്ചയില്ലെന്നും വിഷയത്തില്‍ നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യതയില്ല എന്നുമാണ് റെയില്‍വെയുടെ നിലപാട്. 2019ലെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം നിർവചിച്ചിരിക്കുന്ന 'സേവന'ങ്ങൾക്ക് കീഴിൽ ടോയ്‌ലറ്റ് സംബന്ധമായ പ്രശ്നങ്ങൾ ഉൾപ്പെടുന്നില്ലെന്നാണ് സംഭവത്തിൽ ഇന്ത്യൻ റെയിൽവേ വിശദീകരണം.

logo
The Fourth
www.thefourthnews.in