തേജസ്വി യാദവ്
തേജസ്വി യാദവ്Google

ഐആർസിടിസി അഴിമതി : തേജസ്വി യാദവിന്റെ ജാമ്യം റദ്ദാക്കണമെന്ന സിബിഐ ആവശ്യം കോടതി തള്ളി

പൊതുയിടത്തില്‍ സംസാരിക്കുമ്പോള്‍ ശരിയായ വാക്കുകൾ തിരഞ്ഞെടുക്കണമെന്ന് തേജസ്വി യാദവിനോട് കോടതി

ഐആർസിടിസി അഴിമതിക്കേസിൽ ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെ ജാമ്യം റദ്ദാക്കാൻ സിബിഐ നൽകിയ ഹർജി, ഡൽഹി റൗസ്‌ അവന്യൂ കോടതി തള്ളി. ജാമ്യ വ്യവസ്ഥ ലംഘിച്ചിട്ടില്ലെന്ന തേജസ്വി യാദവിന്റെ വാദം കോടതി അംഗീകരിച്ചു. എന്നാല്‍ മര്യാദയുള്ള വാക്കുകള്‍ പ്രയോഗിക്കണമെന്നും മാന്യമായ പെരുമാറ്റമുണ്ടാകണമെന്നും കോടതി തേജസ്വി യാദവിന് മുന്നറിയിപ്പ് നല്‍കി. ഉദ്യോഗസ്ഥര്‍ക്ക് നേരെ തേജസ്വി യാദവ് വധഭീഷണി മുഴക്കിയെന്ന സിബിഐയുടെ ആരോപണം പരിശോധിച്ച ശേഷമായിരുന്നു നടപടി.

" പൊതുയിടത്തില്‍ സംസാരിക്കുമ്പോള്‍ ശരിയായ വാക്കുകൾ തിരഞ്ഞെടുക്കുക" - സിബിഐ കോടതി ജഡ്ജി ഗീതാഞ്ജലി ഗോയൽ തേജസ്വി യാദവിനോട് നിര്‍ദേശിച്ചു. " സിബിഐ ഉദ്യോഗസ്ഥർക്ക് അമ്മയും സഹോദരിമാരും കുഞ്ഞുങ്ങളുമില്ലേ .. അവർ എന്നും സിബിഐ ഉദ്യോഗസ്ഥരായിരിക്കുമോ ? " എന്നിങ്ങനെ ഭീഷണി സ്വരത്തില്‍ തേജസ്വി യാദവ് പ്രസ്താവനകള്‍ നടത്തിയെന്ന് സിബിഐ ചൂണ്ടിക്കാട്ടിയതോടെയാണ് കോടതി ഇടപെട്ടത്. ഇക്കാര്യം ഉന്നയിച്ചാണ് ജാമ്യം റദ്ദാക്കണമെന്നും സിബിഐ ആവശ്യപ്പെട്ടത്. കേസ് അന്വേഷണം അവസാനിക്കുന്നത് വരെ ആര്‍ജെഡി നേതാവിനെ ജയിലിലടയ്ക്കണമെന്നും സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടു. മുന്‍പ് ഉത്തര്‍പ്രദേശില്‍ സിബിഐ ഉദ്യോഗസ്ഥന് നേരെ നടന്ന വധശ്രമവും സിബിഐ പരാമര്‍ശിച്ചു.

ബിജെപി പ്രതിപക്ഷ പാര്‍ട്ടികളോട് സ്വീകരിക്കുന്ന നിലപാട് മാത്രമാണ് സിബിഐയുടെ വാദങ്ങളെന്ന് തേജസ്വി യാദവ് കോടതിയില്‍ അറിയിച്ചു. " ഞാൻ പ്രതിപക്ഷ പാർട്ടിയില്‍പ്പെട്ടയാളാണ്. തെറ്റിനെ ചോദ്യം ചെയ്യുക എന്നത് എന്റെ കടമയാണ്. ഇ ഡിയെയും സിബിഐയെയും കേന്ദ്ര സർക്കാർ ദുരുപയോഗം ചെയ്യുന്നു. എല്ലാ പ്രതിപക്ഷ പാർട്ടികളെയും അവർ ആക്രമിക്കുകയാണ്''. - തേജസ്വി യാദവ് പറഞ്ഞു. ചോദ്യങ്ങൾ ചോദിക്കാനുള്ള തന്റെ അവകാശം ഇല്ലാതാക്കാന്‍ ആര്‍ക്കുമാകില്ലെന്നും തേജസ്വി വ്യക്തമാക്കി.

ലാലു പ്രസാദ് യാദവ് റെയിൽവെ മന്ത്രിയായിരിക്കെ നല്‍കിയ കരാറുമായി ബന്ധപ്പെട്ടാണ് കേസ്. ഐആർസിടിസിക്ക് കീഴിലുള്ള രണ്ട് ഹോട്ടലുകളുടെ കരാർ നൽകിയതില്‍ അഴിമതി നടത്തിയെന്നാണ് കേസ്.

logo
The Fourth
www.thefourthnews.in