പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കുഞ്ഞിന് ജന്മം നല്‍കുന്നതില്‍ അമ്മയുടെ തീരുമാനം അന്തിമം; 33 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കി കോടതി

ഭ്രൂണത്തിന് മസ്തിഷ്ക വൈകല്യങ്ങളുണ്ടെന്ന് കണ്ടെത്തിയതിനാല്‍ ഗര്‍ഭച്ഛിദ്രം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 26കാരിയാണ് കോടതിയെ സമീപിച്ചത്

33 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ യുവതിക്ക് അനുമതി നല്‍കി ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്. ഗര്‍ഭച്ഛിദ്രത്തിന്‍റെ കാര്യത്തില്‍ അമ്മയുടെ തീരുമാനമാണ് അന്തിമമെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരം കേസുകളില്‍ മെഡിക്കല്‍ ബോര്‍ഡുകള്‍ ശരിയായ റിപ്പോര്‍ട്ടുകള്‍ നല്‍കണമെന്നും ഡല്‍ഹി ഹൈക്കോടതി പറഞ്ഞു. ജസ്റ്റിസ് പ്രതിഭ എം സിങ് അധ്യക്ഷയായ സിംഗിൾ ബെഞ്ചാണ് നിർണായക വിധി പുറപ്പെടുവിച്ചത്. ഭ്രൂണത്തിന് മസ്തിഷ്ക വൈകല്യങ്ങളുണ്ടെന്ന് കണ്ടെത്തിയതിനാല്‍ ഗര്‍ഭച്ഛിദ്രം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 26കാരിയാണ് കോടതിയെ സമീപിച്ചത്.

ഗർഭം ധരിച്ച കുഞ്ഞിന് ജന്മം നൽകണമോ വേണ്ടയോ എന്ന കാര്യത്തിൽ ആത്യന്തികമായ തീരുമാനമെടുക്കാനുള്ള അവകാശം അമ്മയ്ക്കാണ്. അത്തരം അവസരങ്ങളിൽ ഭ്രൂണത്തിന്റെ മെഡിക്കൽ അവസ്ഥയും കണക്കിലെടുക്കണം. അമ്മയുടെ തീരുമാനവും കുഞ്ഞിന് അന്തസ്സോടെ ജീവിക്കാനുള്ള സാധ്യതയുമാണ് ഇവിടെ കണക്കിലെടുത്തതെന്നും കോടതി വ്യക്തമാക്കി. ഹർജിക്കാരിക്ക് ഗർഭച്ഛിദ്രത്തിന്റെ അപകടസാധ്യതകളെക്കുറിച്ചും അതുണ്ടാക്കുന്ന മാനസിക ആഘാതത്തെക്കുറിച്ചും വ്യക്തമായി അറിയാമെന്നും കോടതി നിരീക്ഷിച്ചു.

ഡൽഹിയിലെ ലോക് നായക് ജയ് പ്രകാശ് നാരായൺ ആശുപത്രി സമർപ്പിച്ച മെഡിക്കൽ റിപ്പോർട്ടിലും കോടതി അതൃപ്തി അറിയിച്ചു. വൈകല്യങ്ങളുണ്ടെങ്കിലും കുഞ്ഞ് ജീവിക്കുമെന്നാണ് ആശുപത്രി മെഡിക്കൽ ബോർഡ് കോടതിയെ അറിയിച്ചത്. എന്നാൽ എത്രത്തോളം കുഴപ്പമുണ്ടെന്നോ ജനിച്ചു കഴിഞ്ഞാൽ കുഞ്ഞിന്റെ അവസ്ഥ എന്താകുമെന്നോ റിപ്പോർട്ടിൽ പറയുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ആശുപത്രി സമർപ്പിച്ച റിപ്പോർട്ട് അപൂർണമാണ്. മെഡിക്കൽ ബോർഡ് സ്ത്രീയോട് സൗഹാർദ്ദപരമായി ഇടപഴകണമെന്നും അവളുടെ ശാരീരികവും മാനസികവുമായ അവസ്ഥ വിലയിരുത്തണമെന്നും കോടതി കൂട്ടിച്ചേർത്തു.

ഗര്‍ഭച്ഛിദ്രം നടത്താനുള്ള സ്ത്രീകളുടെ അവകാശത്തെ കുറിച്ച് ലോകമെമ്പാടും ചർച്ച ചെയ്യുന്ന വിഷയമാണ്. യുവതിയ്ക്ക് സ്വന്തം ഇഷ്ടപ്രകാരം റാം മനോഹർ ലോഹ്യ ആശുപത്രിയിലോ മറ്റേതെങ്കിലും ആശുപത്രിയിലോ ഗർഭച്ഛിദ്രം നടത്താവുന്നതാണെന്നും കോടതി അറിയിച്ചു.

ഗർഭാവസ്ഥയുടെ തുടക്കം മുതൽ പലതരത്തിലുള്ള അൾട്രാസൗണ്ട് പരിശോധനകൾ നടത്തിയെങ്കിലും നവംബർ 12നാണ് ഗർഭസ്ഥ ശിശുവിൽ മസ്തിഷ്ക വൈകല്യം കണ്ടെത്തിയത്. നവംബർ 14ന് സ്വകാര്യ സ്ഥാപനത്തിൽ നടത്തിയ മറ്റൊരു അൾട്രാസൗണ്ട് പരിശോധനയിലാണ് അസ്വാഭാവികത സ്ഥിരീകരിച്ചതെന്ന് പരാതിക്കാരി സമർപ്പിച്ച ഹർജിയിൽ പറയുന്നു. എംടിപി നിയമത്തിലെ സെക്ഷൻ 3(2ബി), 3(2ഡി) എന്നീ വകുപ്പുകൾ പ്രകാരം ഭ്രൂണം നീക്കം ചെയ്യാൻ അനുമതി നൽകാമെന്ന ബോംബെ ഹൈക്കോടതിയുടെയും കൊല്‍ക്കത്ത ഹൈക്കോടതിയുടെയും വിധി യുവതിക്ക് വേണ്ടി ഹാജരായ അഭിഭാഷകർ ചൂണ്ടിക്കാട്ടിയിരുന്നു.

logo
The Fourth
www.thefourthnews.in