'ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ': ബിബിസിക്ക് ഡൽഹി ഹൈക്കോടതിയുടെ സമൻസ്

'ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ': ബിബിസിക്ക് ഡൽഹി ഹൈക്കോടതിയുടെ സമൻസ്

കേസ് സെപ്റ്റംബറിൽ വാദം കേൾക്കാൻ ലിസ്റ്റ് ചെയ്തു

ഗുജറാത്ത് കലാപത്തിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ പങ്ക് ആരോപിക്കുന്ന ഡോക്യുമെന്ററി 'ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ' സംപ്രേഷണം ചെയ്തത് സംബന്ധിച്ച മാനനഷ്ടക്കേസിൽ ബിബിസിക്ക് ഡൽഹി ഹൈക്കോടതിയുടെ സമൻസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ജുഡീഷ്യറിയുടെയും ഉൾപ്പെടെ രാജ്യത്തിന്റെ യശസിനെ അപകീർത്തിപ്പെടുത്തുന്നുവെന്ന് ആരോപിച്ചാണ് കേസ്.

ഗുജറാത്ത് ആസ്ഥാനമായുള്ള ജസ്റ്റിസ് ഓൺ ട്രയൽ എന്ന എൻജിഒ സമർപ്പിച്ച ഹർജിയിൽ ജസ്റ്റിസ് സച്ചിൻ ദത്തയാണ് സമൻസ് പുറപ്പെടുവിച്ചത്. കേസ് സെപ്റ്റംബറിൽ വാദം കേൾക്കാൻ ലിസ്റ്റ് ചെയ്തു.

ബിബിസി പുറത്തുവിട്ട രണ്ട് ഭാഗങ്ങളുള്ള ഡോക്യുമെന്ററി ജുഡീഷ്യറി ഉൾപ്പെടെ രാജ്യത്തെ അപകീർത്തിപ്പെടുത്തിയെന്ന് എൻജിഒയ്ക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ വാദിച്ചു. ഡോക്യുമെന്ററി അപകീർത്തികരമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും അദ്ദേഹം വാദിച്ചു. തുടർന്നാണ് പ്രതികൾക്ക് നോട്ടീസ് അയക്കാൻ കോടതി പറഞ്ഞു.

ഗുജറാത്ത് കലാപത്തിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ പങ്ക് വെളിപ്പെടുത്തുന്ന ഡോക്യുമെന്ററി 'ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ' ബിബിസി പുറത്തുവിട്ടതിന് പിന്നാലെ രാജ്യത്ത് വലിയ വിവാദമാണ് ഉയർന്നത്. ജനുവരി 18നാണ് ബിബിസി അന്വേഷണത്മക ഡോക്യുമെന്ററിയുടെ ആദ്യഭാഗം പുറത്തുവിട്ടത്. 2002 ലെ ഗുജറാത്ത് കലാപത്തെ പറ്റി ബ്രിട്ടൻ നടത്തിയ അന്വേഷണത്തെ ആസ്പദമാക്കിയായിരുന്നു ഡോക്യുമെന്ററി. തുടർന്ന് രാജ്യത്തിന്റെ പലഭാഗങ്ങളിലും പ്രതിഷേധങ്ങൾ ഉയർന്നു.

ജനുവരി 21ന്, വിവരസാങ്കേതിക നിയമത്തിലെ വ്യവസ്ഥകൾ ഉപയോഗിച്ച് വിവാദ ഡോക്യുമെന്ററിയുടെ യൂട്യൂബ് ലിങ്കുകളും ട്വിറ്റർ പോസ്റ്റുകളും വീഡിയോകളും തടയാൻ കേന്ദ്രം നിർദ്ദേശിച്ചിരുന്നു.

ബിബിസി ഡോക്യുമെന്ററി പുറത്തുവിട്ടതിന് പിന്നാലെ, ഇന്ത്യയിലെ ബിബിസി ഓഫീസുകളിൽ മൂന്ന് ദിവസത്തോളം ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുകയും ജീവനക്കാരെ ചോദ്യം ചെയ്യുകയും ഉണ്ടായി. തുടർന്ന് രാജ്യത്തിന് പുറത്തും അന്താരാഷ്ട്രതലത്തിലും വിഷയം ചർച്ചയായിരുന്നു.

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in