ഡല്‍ഹി മന്ത്രി രാജ് കുമാര്‍ ആനന്ദ് രാജിവച്ച് പാര്‍ട്ടി വിട്ടു; അപ്രതീക്ഷിത നീക്കം  ഇ ഡി റെയ്‌ഡിന് പിന്നാലെ

ഡല്‍ഹി മന്ത്രി രാജ് കുമാര്‍ ആനന്ദ് രാജിവച്ച് പാര്‍ട്ടി വിട്ടു; അപ്രതീക്ഷിത നീക്കം ഇ ഡി റെയ്‌ഡിന് പിന്നാലെ

എഎപി സംഘടന ജനറല്‍ സെക്രട്ടറി സന്ദീപ് പഥകിന് രാജി സമര്‍പ്പിച്ചു

എൻഫോഴ്‌സ്മെന്റ് ഡയരക്ടറേറ്റി(ഇ ഡി)ന്റെ വേട്ടയാടലിൽ വലയുന്ന ആം ആദ്മി പാർട്ടിയെയും ഡൽഹി സർക്കാരിനെയും കൂടുതൽ പ്രതിസന്ധിയിലാക്കി മന്ത്രിയുടെ രാജി. തൊഴില്‍, സാമൂഹ്യക്ഷേമ മന്ത്രി രാജ് കുമാര്‍ ആനന്ദ് രാജിവെച്ച് പാർട്ടി വിട്ടു. ഇദ്ദേഹത്തിന്റെ വസതിയിൽ ഇ ഡി റെയ്‌ഡ് നടത്തിയതിനുപിന്നാലെയാണ് രാജി.

പാര്‍ട്ടിയില്‍ അഴിമതിക്കാര്‍ നിറഞ്ഞിരിക്കുകയാണെന്നും ദളിത്, ഒബിസി വിഭാഗങ്ങള്‍ക്ക് പാര്‍ട്ടി ബഹുമാനം നല്‍കുന്നില്ലെന്ന് ആരോപിച്ചാണ് രാജി. അദ്ദേഹം ആരോപിച്ചു. മന്ത്രി സ്ഥാനത്തിന് ഒപ്പം പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വവും പട്ടേല്‍ നഗറില്‍ നിന്നുള്ള എംഎല്‍എയായ രാജ് കുമാര്‍ ആനന്ദ് രാജിവെച്ചു. എഎപി സംഘടന ജനറല്‍ സെക്രട്ടറി സന്ദീപ് പഥകിനാണ് രാജി സമര്‍പ്പിച്ചിരിക്കുന്നത്.

മദ്യനയക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസാദിയും ജയിലിൽ കഴിയുന്നതിനിടെയുള്ള രാജ് കുമാര്‍ ആനന്ദിന്റെ രാജി എഎപിക്ക് കനത്ത തിരിച്ചടിയാണ്. അരവിന്ദ് കെജ്‌രിവാള്‍ അറസ്റ്റിലായതിന് ശേഷം എഎപിയില്‍ നിന്ന് രാജിവയ്ക്കുന്ന ആദ്യ നേതാവാണ് രാജ് കുമാര്‍. തങ്ങളുടെ എംഎല്‍എമാരെ ചാക്കിലാക്കാന്‍ ബിജെപി ശ്രമിക്കുന്നതായും പലരെയും സമീപിച്ചതായും എഎപി നേതാക്കള്‍ നേരത്തെ ആരോപിച്ചിരുന്നു.

മദ്യനയ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറസ്റ്റിലായതിന് ശേഷം എഎപിയില്‍ നിന്ന് രാജിവയ്ക്കുന്ന ആദ്യ നേതാവാണ് രാജ് കുമാര്‍

എഎപിക്കെതിരെ കടുത്ത ആരോപണങ്ങളാണ് രാജ് കുമാർ ഉന്നയിച്ചിരിക്കുന്നത്. പാര്‍ട്ടിയില്‍ പിന്‍സീറ്റ് ഡ്രൈവിങ്ങാണെന്നും സംഘടന അഴിമതിയില്‍ മുങ്ങിത്താണിരിക്കുകയാണ് എന്നും രാജ് കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

അറസ്റ്റ് ശരിവച്ച ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരായ അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിച്ചിരുന്നില്ല. അവധികള്‍ കഴിഞ്ഞ് തിങ്കളാഴ്ചയാണ് കോടതി വീണ്ടും പ്രവര്‍ത്തിക്കുക. അന്ന് കെജ്രിവാളിന്റെ ഹര്‍ജി പരിഗണിക്കുമെന്നാണ് കരുതുന്നത്. അതിനാല്‍ ഈ വാരാന്ത്യം കെജ്‌രിവാള്‍ തിഹാര്‍ ജയിലില്‍ കഴിയേണ്ടി വരും.

കെജ്രിവാളിന്റെ അപ്പീലില്‍ അടിയന്തര വാദം കേള്‍ക്കാന്‍ സുപ്രീം കോടതി പ്രത്യേക ബെഞ്ച് രൂപീകരിക്കില്ലെന്ന് വിവിധ ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സുപ്രീംകോടതി കലണ്ടര്‍ പ്രകാരം നാളെ ഈദുല്‍ ഫിത്തര്‍ അവധി. തൊട്ടടുത്ത ദിവസമായ വെള്ളിയാഴ്ച പ്രാദേശിക അവധിയും. തുടര്‍ന്ന് ഞായറാഴ്ച കൂടി കഴിഞ്ഞ് തിങ്കളാഴ്ചയാണ് കോടതി വീണ്ടും പ്രവര്‍ത്തിക്കുക.

കെജ്‌രിവാളിന്റെ അഭിഭാഷകനായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് സിങ് ഇന്ന് രാവിലെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് മുമ്പാകെ വിഷയം ഉന്നയിച്ച് അടിയന്തര വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്ന് വാദം കേള്‍ക്കുമോയെന്ന് കോടതി വ്യക്തമാക്കിയില്ല. പരിശോധിക്കാമെന്നാണ് ചീഫ് ജസ്റ്റിസ് അഭിഭാഷകനെ അറിയിച്ചത്.

ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മാര്‍ച്ച് 21 ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തതിനെതിരായ കെജ്രിവാളിന്റെ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു. അറസ്റ്റും റിമാന്‍ഡും നിയമപരമാണെന്നു നിരീക്ഷിച്ച കോടതി, കെജ്രിവാളിനെതിരെ ഗൂഢാലോചനയ്ക്ക് തെളിവുണ്ടെന്നും വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് കെജ് രിവാള്‍ സുപ്രീംകോടതിയെ സമീപിച്ചത്.

logo
The Fourth
www.thefourthnews.in