കര്‍ഷകരെ പൂട്ടാന്‍ 'യുദ്ധസന്നാഹമൊരുക്കി' ഡല്‍ഹി പോലീസ്; പുതുതായി വാങ്ങുന്നത് 30,000 കണ്ണീര്‍വാതക ഷെല്ലുകള്‍

കര്‍ഷകരെ പൂട്ടാന്‍ 'യുദ്ധസന്നാഹമൊരുക്കി' ഡല്‍ഹി പോലീസ്; പുതുതായി വാങ്ങുന്നത് 30,000 കണ്ണീര്‍വാതക ഷെല്ലുകള്‍

ഗ്വാളിയോറിലെ ബിഎസ്എഫിൻ്റെ ടിയർ സ്മോക്ക് യൂണിറ്റിൽനിന്നാണ് കൂടുതല്‍ കണ്ണീര്‍വാതക ഷെല്ലുകള്‍ വാങ്ങുന്നത്‌

കർഷക സമരത്തിന്റെ ഭാഗമായി കർഷകർ രാജ്യതലസ്ഥാനത്തേക്ക് കടക്കുന്നത് തടയാൻ വന്‍ സന്നാഹങ്ങളൊരുക്കി ഡല്‍ഹി പോലീസ്. പ്രക്ഷോഭ സാഹചര്യം കണക്കിലെടുത്ത്‌ മുപ്പത്തിനായിരത്തിലധികം കണ്ണീർവാതക ഷെല്ലുകൾക്ക് ഡൽഹി പോലീസ് ഓർഡർ നൽകിയതായി റിപ്പോർട്ട്. 'ദില്ലി ചലോ' മാർച്ച് തടയാൻ വൻ സന്നാഹങ്ങളാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. ഇതിനകം തന്നെ വൻതോതിൽ കണ്ണീർ വാതക ഷെല്ലുകൾ കൈവശമുള്ള പോലീസ്, ഗ്വാളിയോറിലെ ബിഎസ്എഫിൻ്റെ ടിയർ സ്മോക്ക് യൂണിറ്റിൽനിന്നാണ് കൂടുതൽ എണ്ണത്തിന് ഓർഡർ നൽകിയിരിക്കുന്നത്.

വിളകൾക്ക് മിനിമം താങ്ങുവില (എംഎസ്പി) നിയമപരമായി ഉറപ്പുതരണം, വായ്പ എഴുതിത്തള്ളൽ എന്നിവ ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് കേന്ദ്ര സർക്കാരിനെതിരെ കർഷകർ സമരം ചെയ്യുന്നത്. എന്നാൽ ഇവരെ ഡൽഹിയിലേക്ക് പ്രവേശിക്കാൻ അനുവദിക്കാതെ അതിർത്തി മേഖലകളിൽ പോലീസ് തടഞ്ഞിരുന്നു. അതിനായി മുള്ളുവേലികൾ, വലിയ കോൺക്രീറ്റ് ബാരിക്കേഡുകൾ, കണ്ണീർ വാതകം എന്നിവ ഉപയോഗിച്ച് തടഞ്ഞിരുന്നു. ഡ്രോണുകൾ ഉപയോഗിച്ചും കണ്ണീർ വാതക പ്രയോഗം പോലീസ് നടത്തിയിരുന്നു.

കര്‍ഷകരെ പൂട്ടാന്‍ 'യുദ്ധസന്നാഹമൊരുക്കി' ഡല്‍ഹി പോലീസ്; പുതുതായി വാങ്ങുന്നത് 30,000 കണ്ണീര്‍വാതക ഷെല്ലുകള്‍
ഗ്രാമങ്ങളിൽ നിന്ന് കൂടുതൽ പേർ സമരത്തിന്, ചര്‍ച്ചയിൽ പ്രതീക്ഷയെന്ന് നേതാക്കള്‍; സംഘര്‍ഷങ്ങളില്‍ നൂറോളം പേര്‍ക്ക് പരുക്ക്

അഞ്ചോ അതിലധികമോ ആളുകളുടെ സമ്മേളനം, ഘോഷയാത്രകൾ, റാലികൾ, ആളുകളെ കടത്തിക്കൊണ്ടു പോകുന്ന ട്രാക്ടർ-ട്രോളികളിൽ പ്രവേശിക്കൽ എന്നിവ നിരോധിച്ചുകൊണ്ട് ഒരു മാസത്തേക്ക് സിആർപിസി 144ാം വകുപ്പ് പ്രകാരം നിരോധന ഉത്തരവുകൾ പുറപ്പെടുവിച്ചു. സംയുക്ത കിസാൻ മോർച്ച (രാഷ്ട്രീയേതര വിഭാഗം), കിസാൻ മസ്ദൂർ മോർച്ച എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് 'ദില്ലി ചലോ' എന്ന പേരിൽ മാർച്ച് സംഘടിപ്പിക്കുന്നത്.

ബിജെപി സർക്കാർ കൊണ്ടുവന്ന മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് 2020ൽ നടന്ന കർഷക സമരം അവസാനിപ്പിക്കുമ്പോൾ കർഷകർക്ക് കേന്ദ്രം നൽകിയ ഉറപ്പുകളിൽ താങ്ങുവില നടപ്പിലാക്കുമെന്നും, കേസുകൾ പിൻവലിക്കുമെന്നും പറഞ്ഞിരുന്നു. ഇത് രണ്ടും വൈകുന്നതിനെതിരെ ഏറെക്കാലമായി കർഷക സംഘടനകൾ പല തരം പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in