പാര്‍ട്ടി നടപടി വൈകി; കെജ്‌രിവാളിന്റെ പിഎയ്‌ക്കെതിരേ ഡല്‍ഹി പോലീസിന് പരാതി നല്‍കി സ്വാതി മലിവാള്‍

പാര്‍ട്ടി നടപടി വൈകി; കെജ്‌രിവാളിന്റെ പിഎയ്‌ക്കെതിരേ ഡല്‍ഹി പോലീസിന് പരാതി നല്‍കി സ്വാതി മലിവാള്‍

സംഭവത്തില്‍ സ്വാതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. ഔദ്യോഗിക വസതിയില്‍ നടന്ന മൊഴിയെടുപ്പ് നാലു മണിക്കൂര്‍ നീണ്ടുനിന്നു

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പഴ്‌സണല്‍ സ്റ്റാഫ് ബൈഭവ് കുമാര്‍ ആക്രമിച്ച സംഭവത്തില്‍ ഡല്‍ഹി പോലീസിന് ഔദ്യോഗികമായി പരാതി നല്‍കി ആം ആദ്മി പാര്‍ട്ടി എംപി സ്വാതി മലിവാള്‍. സംഭവത്തില്‍ നടപടികള്‍ സ്വീകരിക്കുമെന്നും സ്വാതിക്ക് ആവശ്യമായ പിന്തുണ നല്‍കുമെന്നും ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിങ് പറഞ്ഞിരുന്നു. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും ബൈഭവ് കുമാറിനെതിരേ നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് സ്വാതി പോലീസിന് ഔദ്യോഗിക പരാതി നല്‍കിയത്.

നേരത്തെ സ്വാതിയുടെ ആരോപണം ആം ആദ്മി പാര്‍ട്ടി സ്ഥിരീകരിച്ചിരുന്നു. വിഷയത്തില്‍ ഗൗരവ അന്വേഷണം നടത്താനും കുറ്റക്കാരനെതിരേ കര്‍ശന നടപടി സ്വീകരിക്കാനും കെജ്രിവാള്‍ നിര്‍ദേശിച്ചതായി സഞ്ജയ് സിങ് അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതുവരെ ബൈഭവനെതിരേ സര്‍ക്കാര്‍ തലത്തില്‍ നടപടി സ്വീകരിച്ചിരുന്നില്ല. തുടര്‍ന്നാണ്് പരാതി നല്‍കിയത്.

സംഭവത്തില്‍ സ്വാതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. ഔദ്യോഗിക വസതിയില്‍ നടന്ന മൊഴിയെടുപ്പ് നാലു മണിക്കൂര്‍ നീണ്ടുനിന്നു. അതേസമയം ബൈഭവ് കുമാറിനെ ചോദ്യം ചെയ്യാന്‍ കേന്ദ്ര വനിതാ കമ്മീഷന്‍ വിളിപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ 11-ന് ഹാജരാകാനാണ് നിര്‍ദേശം.

തിങ്കളാഴ്ചയാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. കെജ്‌രിവാള്‍ ക്ഷണിച്ചതു പ്രകാരം അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ എത്തിയ സ്വാതി മലിവാളിനെ സ്വീകരണ മുറിയില്‍ വച്ച് ബൈഭവ് കുമാര്‍ ആക്രമിക്കുകയായിരുന്നു. ഉടന്‍ തന്നെ സ്വാതി മലിവാള്‍ പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു.

എന്നാല്‍ ഔദ്യോഗികമായി പരാതി നല്‍കിയിരുന്നില്ല. അതുകൊണ്ടു തന്നെ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിന്നുമില്ല. എന്നാല്‍ സംഭവത്തില്‍ 72 മണിക്കൂറിനകം റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര വനിതാ കമ്മീഷന്‍ ഡല്‍ഹി പോലീസിനോട് ആവശ്യപ്പെട്ടതോടെ തുടര്‍നടപടികളുടെ ഭാഗമായാണ് സ്വാതിയുടെ മൊഴിയെടുക്കാന്‍ ഡല്‍ഹി പോലീസ് തയാറായത്. പിന്നീട് മൊഴി നല്‍കിയ ശേഷമാണ് സ്വാതി ഔദ്യോഗിക പരാതി നല്‍കിയത്.

logo
The Fourth
www.thefourthnews.in