ഡല്‍ഹി ഓര്‍ഡിനന്‍സിന് പകരമുള്ള ബില്ലിന് ക്യാബിനറ്റ് അംഗീകാരം; ഉടന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും

ഡല്‍ഹി ഓര്‍ഡിനന്‍സിന് പകരമുള്ള ബില്ലിന് ക്യാബിനറ്റ് അംഗീകാരം; ഉടന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് ബില്ലിന് അനുമതി നല്‍കിയത്

ഡല്‍ഹി സര്‍വീസ് ഓര്‍ഡിനന്‍സിനു ബദലായി പുതിയ ബില്‍ അവതരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ക്യാബിനറ്റ് അനുമതി നല്‍കി. ഇന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് ബില്ലിന് അനുമതി നല്‍കിയത്. ബില്‍ ഉടന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നു സര്‍ക്കാരുമയി അടുത്ത വൃത്തങ്ങള്‍ ദേശീയ മാധ്യമങ്ങളോടു പറഞ്ഞു. പുതിയ ബില്‍ പ്രാബല്യത്തില്‍ വരുന്നതോടെ ഡല്‍ഹി സര്‍ക്കാര്‍ ഉദ്യോഗസ്ഥ നിയമനങ്ങളിലും ട്രാന്‍സ്ഫറുകളിലും കേന്ദ്രത്തിന് പൂര്‍ണ അധികാരം ലഭിക്കുമെന്നും അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി. നേരത്തെ നിയമനങ്ങളില്‍ ഡല്‍ഹി സര്‍ക്കാരിനുള്ള അധികാരം ശരിവച്ച സുപ്രീം കോടതി വിധി മറികടക്കാന്‍ കേന്ദ്രം ഓര്‍ഡിനന്‍സ് കൊണ്ടുവന്നിരുന്നു. ആറ് ആഴ്ചയ്ക്കകം പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിച്ച് ഓര്‍ഡിനന്‍സിന് നിയമസാധുത നല്‍കണമെന്ന ചട്ടം നിലനില്‍ക്കുന്നതിനാലാണ് പുതിയ ബില്‍ അവതരിപ്പിക്കാന്‍ ക്യാബിനറ്റിന്റെ അനുമതി തേടിയത്.

ഡല്‍ഹി, ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍, ലക്ഷദ്വീപ്, ദാമന്‍ ആന്‍ഡ് ദിയു, ദാദ്ര ആന്‍ഡ് നഗര്‍ ഹവേലി (സിവില്‍) സര്‍വീസസ് (ഡാനിക്‌സ്) കേഡറില്‍ നിന്നുള്ള ഗ്രൂപ്പ് എ ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിനായി നാഷണല്‍ ക്യാപിറ്റല്‍ സിവില്‍ സര്‍വീസ് അതോറിറ്റി രൂപീകരിക്കുമെന്നായിരുന്നു ഓര്‍ഡിനന്‍സില്‍ പറഞ്ഞിരുന്നത്. ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ ആരംഭിക്കാനും ഈ അതോറിറ്റിക്ക് അധികാരം കൈവരും.

ഡല്‍ഹിയിലെ ഭരണ നിര്‍വഹണം സംബന്ധിച്ച് ആം ആദ്മി പാര്‍ട്ടി സര്‍ക്കാരും ലഫ്റ്റനന്റ് ഗവര്‍ണറും തമ്മില്‍ വര്‍ഷങ്ങളായി തുടരുന്ന തര്‍ക്കമാണ് കോടതി കയറി ഒടുവില്‍ ഇപ്പോള്‍ വിവാദ ബില്‍ അവതരണത്തില്‍ എത്തി നില്‍ക്കുന്നത്. ഡല്‍ഹി രാജ്യ തലസ്ഥാനമാണെന്നതിനാല്‍ സംസ്ഥാനത്തെ സുപ്രധാന ഉദ്യോഗസ്ഥ നിയമനങ്ങള്‍ തങ്ങളുടെ പരിധിയിലായിരിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്.

എന്നാല്‍ ഡല്‍ഹി ഭരിക്കേണ്ടത് തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരായിരിക്കണമെന്നാണ് ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെ മറുവാദം. ഇതിനെ ചോദ്യം ചെയ്ത കേന്ദ്രം സമര്‍പ്പിച്ച ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി കേന്ദ്രത്തിന് അനുകൂലമായാണ് വിധിപറഞ്ഞത്. എന്നാല്‍ ഡല്‍ഹി സര്‍ക്കാര്‍ ഹൈക്കോടതി വിധിക്കെതിരേ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ചീഫ് ജസ്റ്റിസ്‌ ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഹര്‍ജി പരിഗണിക്കുകയും ഭരണപരമായ അധികാരം ഡല്‍ഹി സര്‍ക്കാരിനാണെന്ന് വിധിക്കുകയും ചെയ്തു. പോലീസ്, ഭൂമി, പൊതുസമാധാനം എന്നിവ ഒഴികെയുള്ള അധികാരങ്ങള്‍ സംസ്ഥാന സര്‍ക്കാരിനാണെന്നായിരുന്നു വിധി.

സുപ്രധാന വിധി വന്ന് ഒരാഴ്ച പിന്നിടുമ്പോഴേയ്ക്കും കേന്ദ്രം പുതിയ തന്ത്രമിറക്കി. സംസ്ഥാന സര്‍ക്കാരിന് കോടതി ഉത്തരവിലൂടെ ലഭിച്ച അധികാരങ്ങള്‍ മറികടക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കി. ഡല്‍ഹി സര്‍ക്കാരിന് കീഴിലുള്ള സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ളവരുടെ നിയമനം, സ്ഥലം മാറ്റം എന്നിവയ്ക്ക് പ്രത്യേക അതോറിറ്റി രൂപീകരിച്ചാണ് കേന്ദ്രം ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്. ഇതോടെ ഡല്‍ഹിയുടെ ഭരണം വീണ്ടും ലഫ്റ്റനന്റ് ഗവര്‍ണറുകെ കീഴിലായി. ഇതിനെതിരേ ഡല്‍ഹി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പുനപരിശോധനാ ഹര്‍ജി സമര്‍പ്പിച്ച സാഹചര്യത്തിലാണ് കേന്ദ്രം പുതിയ ബില്‍ അവതരിപ്പിക്കാനൊരുങ്ങുന്നത്.

logo
The Fourth
www.thefourthnews.in