'ഇന്ത്യയുടെ പ്രതിച്ഛായ വർധിച്ചുവെന്നത് വെറും അവകാശവാദം'; റിപ്പോർട്ട് പുറത്ത്

'ഇന്ത്യയുടെ പ്രതിച്ഛായ വർധിച്ചുവെന്നത് വെറും അവകാശവാദം'; റിപ്പോർട്ട് പുറത്ത്

ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ സ്ഥാനം മോദി ഉയർത്തിയെന്ന അവകാശവാദത്തെ 'മരീചിക' എന്നാണ് വിശേഷിപ്പിച്ചത്

ആഗോളതലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായ വർധിക്കാൻ കഴിഞ്ഞ പത്ത് വർഷത്തെ നരേന്ദ്ര മോദി ഭരണം സഹായിച്ചുവെന്ന ബിജെപിയുടെ വാദത്തെ ഖണ്ഡിക്കുന്ന റിപ്പോർട്ടുമായി അക്കാദമിക്‌ വിദഗ്ദർ. ജോർജ്ടൗൺ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർ ഇർഫാൻ നൂറുദ്ദീനും നെതർലൻഡ്‌സിലെ ഗ്രോനിംഗൻ യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ഡോ. റിതുംബ്ര മനുവിയും ചേർന്നാണ് ‘ദി മോദി മിറേജ്: ഇല്യൂഷൻസ് ആൻഡ് റിയാലിറ്റി ഓഫ് ഇന്ത്യാസ്‌ ഗ്ലോബൽ സ്റ്റാൻഡിംഗ് ആൻഡ് റെപ്യൂട്ടേഷൻ’ എന്ന റിപ്പോർട്ട് തയാറാക്കിയത്. അതുപ്രകാരം, ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ സ്ഥാനം മോദി ഉയർത്തിയെന്ന അവകാശവാദത്തെ 'മരീചിക' എന്നാണ് വിശേഷിപ്പിച്ചത്.

ഇതുവരെ ലഭ്യമായ സർവേകളുടെയും വോട്ടെടുപ്പുകളുടെയും അടിസ്ഥാനത്തിലായിരുന്നു റിപ്പോർട്ട് തയാറാക്കിയത്. 2023-ൽ 23 രാജ്യങ്ങളിലായി പ്യൂ ഗ്ലോബൽ ആറ്റിറ്റ്യൂഡ്‌സ് നടത്തിയ സർവേ പ്രകാരം, 46 ശതമാനം ആളുകൾക്ക് ഇന്ത്യയെക്കുറിച്ച് “അനുകൂല” വീക്ഷണമുണ്ടെന്ന് പറയുന്നു.

നേരെമറിച്ച്, 34% പേർ അനുകൂലമല്ലാത്ത അഭിപ്രായങ്ങളും പ്രകടിപ്പിച്ചു. സർവേയിൽ പങ്കെടുത്ത 12 രാജ്യങ്ങളിൽ, 40 ശതമാനം പേർക്കും നരേന്ദ്ര മോദിയിൽ വിശ്വാസമില്ല. 2008-ൽ നടത്തിയ സമാനമായ പ്യൂ സർവേയിൽ, ഇന്ത്യയ്ക്ക് പോസിറ്റീവ് ആയ പ്രതിച്ഛായയായിരുന്നു പൊതുവെ ഉണ്ടായിരുന്നത്. പ്രത്യേകിച്ചും യൂറോപ്യന്മാർക്കിടയിൽ. എന്നാൽ 15 വർഷത്തിന് ശേഷം, അതിൽ വലിയ ഇടിവുണ്ടായതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ വർഷത്തെ സർവേ പ്രകാരം, 23 ശതമാനം അമേരിക്കക്കാർ മാത്രമാണ് ഇന്ത്യയുടെ സ്വാധീനം വർധിച്ചതായി വിശ്വസിക്കുന്നത്. 64 ശതമാനം പേർ സമീപ വർഷങ്ങളിൽ മാറ്റങ്ങളൊന്നുമില്ലെന്ന് കരുതുന്നവരാണ്. മറ്റൊരു സർവേയിൽ 40 ശതമാനം അമേരിക്കക്കാരും മോദിയെക്കുറിച്ച് കേട്ടിട്ടില്ലെന്നാണ് അഭിപ്രായപ്പെട്ടത്. കൂടാതെ 37 ശതമാനം അമേരിക്കക്കാർക്ക് അദ്ദേഹത്തിന് ശരിയായ തീരുമാനങ്ങൾ എടുക്കുന്ന കഴിവ് കുറവോ അല്ലെങ്കിൽ ഇല്ലെന്നോ ആണ് സർവേയിൽ പ്രതികരിച്ചത്.

2024 മാർച്ചിൽ യുഗൊവ് നടത്തിയ വോട്ടെടുപ്പ് പ്രകാരം, അമേരിക്കക്കാർക്കിടയിൽ ഏറ്റവും ജനപ്രീതിയുള്ള വിദേശ രാഷ്ട്രീയക്കാരുടെ പട്ടികയിൽ റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിംഗിനും പിന്നിൽ 26-ാം സ്ഥാനത്താണ് മോദി. സർവേ പ്രകാരം 51 ശതമാനം അമേരിക്കക്കാരും മോദിയെക്കുറിച്ച് കേട്ടിട്ടുണ്ട്. അവരിൽ 22 ശതമാനം പേർക്ക് മാത്രമാണ് അദ്ദേഹത്തെ കുറിച്ച് നല്ല കാഴ്ചപ്പാട് ഉണ്ടായിരുന്നത്.

ഇന്ത്യയുടെ പ്രതിച്ഛായ മോദി വർധിപ്പിച്ചുവെന്ന് പ്രചരിപ്പിക്കുന്നതിൽ ഇന്ത്യൻ മാധ്യമങ്ങളും പങ്കാളികളാണെന്നും റിപ്പോർട്ടിൽ പറയുന്നു. “ഇന്ത്യയുടെ ആഭ്യന്തര പിന്നോക്കാവസ്ഥയുടെയും അടിച്ചമർത്തലുകളും ഇന്ത്യയുടെ അന്തർദേശീയ പ്രശസ്തിയെ പിന്നോട്ടടിച്ചതിന് കാരണമായി. അതേസമയം ഇന്ത്യയുടെ സ്വാധീനം വർധിക്കണമെങ്കിൽ മനുഷ്യാവകാശങ്ങളോടും ജനാധിപത്യ മര്യാദകളോടുമുള്ള സമീപനത്തിൽ മാറ്റം വരണമെന്നും റിപ്പോർട്ടിൽ പറയുന്നു.

logo
The Fourth
www.thefourthnews.in