'മൃദുസമീപനം വേണ്ട'; സാഹചര്യ തെളിവുകള്‍ പരിഗണിച്ചും അഴിമതിക്കാരെ ശിക്ഷിക്കാമെന്ന് സുപ്രീംകോടതി

'മൃദുസമീപനം വേണ്ട'; സാഹചര്യ തെളിവുകള്‍ പരിഗണിച്ചും അഴിമതിക്കാരെ ശിക്ഷിക്കാമെന്ന് സുപ്രീംകോടതി

നേരിട്ട് കൈക്കൂലി വാങ്ങുകയോ ആവശ്യപ്പെടുകയോ ചെയ്തതിന്റെ തെളിവില്ലെങ്കിലും അഴിമതി നിരോധന നിയമ പ്രകാരം ശിക്ഷിക്കാമെന്നാണ് ഭരണഘടനാ ബെഞ്ചിന്റെ വിധി

അഴിമതി നിരോധന നിയമവുമായി ബന്ധപ്പെട്ട കേസില്‍ നേരിട്ടുള്ള തെളിവില്ലെങ്കിലും നിയമപ്രകാരം പൊതുപ്രവർത്തകരെ ശിക്ഷിക്കാമെന്ന് സുപ്രീംകോടതി. അഴിമതിക്കാരായ പൊതുപ്രവർത്തകരോട് കോടതികള്‍ക്ക് മൃദുസമീപനം പാടില്ല. നേരിട്ട് കൈക്കൂലി വാങ്ങുകയോ ആവശ്യപ്പെടുകയോ ചെയ്തതിന്റെ തെളിവില്ലെങ്കിലും അഴിമതി നിരോധന നിയമ പ്രകാരം ശിക്ഷിക്കാമെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് അബ്ദുൽ നസീ‍‍‍ർ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് സുപ്രധാന വിധി.

പരാതിക്കാരൻ മരിക്കുകയോ കൂറുമാറുകയോ ചെയ്താലും മുൻ മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ പ്രതിക്കെതിരെ വിചാരണ തുടരാം

പരാതിക്കാരൻ മരിക്കുകയോ കൂറുമാറുകയോ ചെയ്താലും മുൻ മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ പ്രതിക്കെതിരെ വിചാരണ തുടരാം. പ്രാഥമിക തെളിവുകളുടെ അഭാവത്തിൽ വാക്കാലുള്ളതോ രേഖകളോ ആയ തെളിവുകൾ വീണ്ടും നൽകാൻ മറ്റേതെങ്കിലും സാക്ഷിയെ അനുവദിക്കാം. അഴിമതി നിരോധന നിയമത്തിലെ 7,13(1)(ഡി) വകുപ്പുകൾ പ്രകാരം വിചാരണ തുടരാവുന്നതാണ്. കൂടാതെ, പൊതുപ്രവർത്തകനോ ഉദ്യോ​ഗസ്ഥനോ ആവശ്യപ്പെടാതെ നൽകുന്ന കൈക്കൂലി സ്വീകരിക്കുന്നതും കുറ്റകരമാണെന്ന് ബെഞ്ച് വ്യക്തമാക്കി.

അഴിമതി, പൊതുപ്രവർത്തനത്തെയും കൃത്യനിർവഹണത്തെയും സാരമായി ബാധിക്കുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു

പൊതുപ്രവർത്തന രംഗത്തും സർക്കാർ ഉദ്യോഗസ്ഥർക്കിടയിലും വർധിച്ചുവരുന്ന അഴിമതി പൊതുപ്രവർത്തനത്തെയും കൃത്യനിർവഹണത്തെയും സാരമായി ബാധിക്കുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഇത് സത്യസന്ധരായ ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുകയും ചെയ്യുന്നതിനാൽ കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥരെ തക്കതായ നിയമനടപടികള്‍ക്ക് വിധേയമാക്കണമെന്നും കോടതി നിർദേശിച്ചു. അഴിമതിക്കേസുകളില്‍ മുൻപ് സുപ്രീംകോടതി നടത്തിയ പ്രസ്താവനകള്‍ സസൂക്ഷ്മം നിരീക്ഷിച്ച ശേഷമാണ് ബെഞ്ചിന്റെ നിർദേശം.

logo
The Fourth
www.thefourthnews.in