ചെങ്കോല്‍ കൈമാറ്റത്തിന്റെ ചരിത്രത്തിലും കാണാം വിമർശനത്തിന്റെ ഏടുകൾ; നെഹ്‌റുവിനെ ചോദ്യം ചെയ്ത അണ്ണാദുരൈയുടെ ലേഖനം

ചെങ്കോല്‍ കൈമാറ്റത്തിന്റെ ചരിത്രത്തിലും കാണാം വിമർശനത്തിന്റെ ഏടുകൾ; നെഹ്‌റുവിനെ ചോദ്യം ചെയ്ത അണ്ണാദുരൈയുടെ ലേഖനം

രാജ്യത്തിന് സ്വാതന്ത്ര്യം നേടുന്നതിന്റെ തലേദിവസം മഠാധിപതി നെഹ്റുവിന് സ്വര്‍ണ്ണ ചെങ്കോല്‍ കൈമാറിയതിന് പിന്നിലെ ഉദ്ദേശ്യത്തെ ചോദ്യം ചെയ്യുന്നതായിരുന്നു അദ്ദേഹത്തിന്റെ ലേഖനം

ചരിത്രത്തിലെ ചെങ്കോല്‍ കൈമാറ്റവും പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ചെങ്കോല്‍ സ്ഥാപിക്കലും വലിയ വിവാദവും ചർച്ചയുമാകുന്നതിനിടെ ഡിഎംകെ സ്ഥാപകന്‍ അണ്ണാദുരൈ ചെങ്കോല്‍ കൈമാറ്റത്തെ നിശിതമായി വിമര്‍ശിച്ച ലേഖനം ചര്‍ച്ചയാവുകയാണ്.1947 ഓഗസ്റ്റ് 24 ന് 'ദ്രാവിഡ നാട്' എന്ന പ്രസിദ്ധീകരണത്തില്‍ അണ്ണാദുരൈ എഴുതിയ ലേഖനമാണ് ചര്‍ച്ചചെയ്യപ്പെടുന്നത്. രാജ്യത്തിന് സ്വാതന്ത്ര്യം നേടുന്നതിന്റെ തലേദിവസം മഠാധിപതി നെഹ്റുവിന് സ്വര്‍ണ്ണ ചെങ്കോല്‍ കൈമാറിയതിന് പിന്നിലെ ഉദ്ദേശ്യത്തെ ചോദ്യം ചെയ്യുന്നതായിരുന്നു അദ്ദേഹത്തിന്റെ ലേഖനം.

മഠാധിപതി നെഹറുവിന് ചെങ്കോല്‍ കൈമാറാനുള്ള നീക്കം അപ്രതീക്ഷിതവും അനാവശ്യവുമാണെന്നാണ് അണ്ണാദുരൈ ലേഖനത്തിലൂടെ വിമര്‍ശിച്ചത്. ഇതിന് പിന്നിലെ ആഴത്തിലുള്ള അര്‍ത്ഥ തലങ്ങളെക്കുറിച്ച് ചിന്തിച്ചാല്‍, അത് എത്ര അപകടമാണെന്ന് തിരിച്ചറിയാന്‍ സാധിക്കും അണ്ണാദുരൈ ലേഖനത്തില്‍ പറഞ്ഞു. അന്ന് ദ്രാവിഡ കഴകത്തിന്റെ ഭാഗമായിരുന്നു അണ്ണാദുരൈ. ഡിഎംകെ രൂപികരിക്കുന്നതിനും മുന്‍പാണ് അദ്ദേഹം ഈ ലേഖനമെഴുതുന്നത്.

മഠാധിപതി നെഹ്റുവിന് സമ്മാനിച്ചത് സംഭാവനയാണോ അതോ ഷെയറാണോ ലൈസന്‍സിനുള്ള ഫീസാണോ എന്ന് ആശ്ചര്യപ്പെടുന്നുവെന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ചെങ്കോലിനൊപ്പം മഠാധിപതിയെക്കൂടി അയക്കാനുള്ള ചിന്ത നെഹ്റുവിന് എങ്ങനെ വന്നുവെന്ന് അറിയില്ലെന്നും അണ്ണാദുരൈ ലേഖനത്തില്‍ പരിഹസിച്ചു. നെഹ്റുവിന് നല്‍കാന്‍ ഒരു ഉപദേശവും അണ്ണാദുരയ്ക്കുണ്ടായിരുന്നു. ലോക ചരിത്രത്തില്‍ അവഗാഹമുള്ള നെഹ്‌റുവിന് സുവര്‍ണ്ണ ക്ഷേത്രത്തില്‍ പ്രവേശനമുള്ള, പ്രജകളുടെ അധ്വാനത്താല്‍ തടിച്ചുകൊഴുത്ത രാജവംശത്തെക്കുറിച്ചും മതം മൂലധനമാക്കിയവരേക്കുറിച്ചും ധാരണകാണുമെന്നും അദ്ദേഹം ലേഖനത്തില്‍ പരാമര്‍ശിച്ചു.

നെഹ്റു പഠിച്ച കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ നോക്കുമോ എന്ന് ഭയക്കുന്ന മഠാധിപതികള്‍ ഒരു സ്വര്‍ണ്ണ ചെങ്കോല്‍ മാത്രമല്ല, സ്വയം സംരക്ഷിക്കാന്‍ നവരത്‌നങ്ങള്‍ പതിച്ച ചെങ്കോല്‍ പോലും നല്‍കും എന്നും അണ്ണാദുരൈ ലേഖനത്തിൽ പരിഹസിച്ചു. പുരാണത്തിലെ ശൈവ സന്യാസി ഒരു നുള്ള് പുണ്യഭസ്മത്തിന്റെ ശക്തിയാല്‍ കുറുക്കന്മാരെ കുതിരയാക്കിയതുപോലെ, സ്വര്‍ണ്ണമായി മാറിയ ഇരുമ്പ് കഷണമല്ല ചെങ്കോല്‍ എന്നും അദ്ദേഹം പറഞ്ഞു. മറ്റുള്ളവരുടെ അധ്വാനം കൈവശപ്പെടുത്തി, മഠാധിപതി അതിനെ ചെങ്കോല്‍ എന്ന് വിളിക്കുന്നത് അനുചിതമാണെന്നും അദ്ദേഹം ലേഖനത്തില്‍ കുറിച്ചു.

നെഹ്റുവിന്റെ ഗുഡ് ബുക്കിൽ ഇടംപിടിക്കാനാണ് മഠാധിപതി ആഗ്രഹിക്കുന്നതെന്നും, പുതിയ സര്‍ക്കാരുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്ന സന്ദേശം അറിയിക്കാനും ജനങ്ങളെ തന്റെ മന്ത്രത്തിന് കീഴിലാക്കാനുമാണ് മഠാധിപതി ആഗ്രഹിക്കുന്നതെന്നും അണ്ണാദുരൈ പറഞ്ഞു. ഈ സ്വര്‍ണ്ണമെല്ലാം ലൗകികകാര്യങ്ങളെല്ലാം ത്യജിച്ച ഒരു സന്യാസിയുടെ സമ്പത്തിന്റെ ഒരു ഭാഗം മാത്രണെന്നും അണ്ണാദുരൈ പറഞ്ഞു. മഠത്തില്‍, നവരത്‌നങ്ങളുടെ പെട്ടികളില്‍, നവരത്‌നങ്ങളേക്കാള്‍ വിലയേറിയ വിളകള്‍ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഫലഭൂയിഷ്ഠമായ നെല്‍പ്പാടങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മഠത്തിലെ സമ്പത്ത് സര്‍ക്കാര്‍ കണ്ടുകെട്ടുകയും ജനങ്ങളുടെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ഉപയോഗിക്കുകയും ചെയ്താല്‍, ചെങ്കോല്‍ ഒരു അലങ്കരിച്ച വസ്തുവായി നിലനില്‍ക്കില്ല, മറിച്ച് ജനങ്ങളുടെ ജീവിതനിലവാരമാണ് അത് ഉയര്‍ത്തുന്നതെന്നും ഡിഎംകെ സ്ഥാപകന്‍ നിശിതമായി വിമർശിച്ചു. ''രാജ്യത്തിന്റെ പാരമ്പര്യവുമായി ബന്ധപ്പെട്ടതാണ് ചെങ്കോല്‍. ചോള രാജവംശത്തിന്റെ കാലം മുതല്‍ ഇതിന് വലിയ പ്രാധാന്യമുണ്ടെന്നായിരുന്നു ചെങ്കോല്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചത്. ഇത് സ്ഥാപിക്കുന്നതിന്റെ ഉദ്ദേശ്യം അന്നും ഇന്നും വ്യക്തമാണ്. ബ്രിട്ടീഷുകാരില്‍ നിന്ന് അധികാരം ഏറ്റുവാങ്ങിയ അന്ന് ജവാഹര്‍ലാല്‍ നെഹ്റുവിന് തോന്നിയ വികാരമാണ് ചെങ്കോല്‍ പ്രതിഫലിപ്പിക്കുന്നത്'' - അമിത് ഷാ പറഞ്ഞു.

logo
The Fourth
www.thefourthnews.in