'ഇത് പാർക്കല്ല, എന്റെ നേരെ ആക്രോശിക്കരുത്'; ഇലക്ടറല്‍ ബോണ്ട് കേസില്‍ മലയാളി അഭിഭാഷകന് ചീഫ് ജസ്റ്റിസിന്റെ താക്കീത്

'ഇത് പാർക്കല്ല, എന്റെ നേരെ ആക്രോശിക്കരുത്'; ഇലക്ടറല്‍ ബോണ്ട് കേസില്‍ മലയാളി അഭിഭാഷകന് ചീഫ് ജസ്റ്റിസിന്റെ താക്കീത്

എസ്‌ബിഐ സമർപ്പിച്ച വിവരങ്ങള്‍ അപൂർണമാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള ഹർജികള്‍ സുപ്രീംകോടതി പരിഗണിക്കവെയായിരുന്നു സംഭവം

ഇലക്ടറല്‍ ബോണ്ട് കേസുമായി ബന്ധപ്പെട്ട ഹർജികള്‍ ഭരണഘടനാ ബെഞ്ച് പരിഗണിക്കവെ സുപ്രീംകോടതിയില്‍ നാടകീയ സംഭവങ്ങള്‍. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് നേർക്ക് അഭിഭാഷകന്‍ മാത്യൂസ് നെടുമ്പാറ ആക്രോശിച്ചു. ഇലക്ടറല്‍ ബോണ്ട് റദ്ദാക്കിക്കൊണ്ടുള്ള സുപ്രധാന വിധിക്ക് പിന്നാലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) സമർപ്പിച്ച വിവരങ്ങള്‍ അപൂർണമാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള ഹർജികളായിരുന്നു കോടതിക്ക് മുന്നിലുണ്ടായിരുന്നത്.

ഇലക്ടറല്‍ ബോണ്ടുമായി ബന്ധപ്പെട്ട കേസുകള്‍ ന്യായമായവയല്ലെന്ന് വാദിച്ച മാത്യൂസും ചീഫ് ജസ്റ്റിസും വാഗ്വാദത്തില്‍ ഏർപ്പെട്ടു. ഇത് നയപരമായ കാര്യമാണെന്നും കോടതി ഇടപെടേണ്ടതില്ലെന്നും മാത്യൂസ് പറഞ്ഞതോടെയായിരുന്നു ചീഫ് ജസ്റ്റിസിന്റെ ഇടപെടലുണ്ടായത്.

വാദം നിർത്താനും താന്‍ പറയുന്നത് ശ്രദ്ധിക്കാനും ചീഫ് ജസ്റ്റിസ്‍ മാത്യൂസിനോട് പറഞ്ഞു. എന്നാല്‍ മാത്യൂസ് വാദം തുടരുകയും താന്‍ ഈ രാജ്യത്തെ പൗരാണെന്ന് പറഞ്ഞുകൊണ്ട് ശബ്ദമുയർത്തുകയുമായിരുന്നു.

"ഒരു സെക്കന്‍ഡ്, എനിക്ക് നേരെ ആക്രോശിക്കരുത്," ചീഫ് ജസ്റ്റിസ് നിർദേശിച്ചു. താന്‍ ആക്രോശിക്കുകയല്ലെന്നും മിതമായാണ് സംസാരിച്ചതെന്നുമായിരുന്നു മാത്യൂസിന്റെ മറുപടി.

"ഇത് ഹൈഡെ പാർക്കില്‍ നടക്കുന്ന ചർച്ചയല്ല, നിങ്ങള്‍ കോടതിയിലാണുള്ളത്. ചീഫ് ജസ്റ്റിസ് എന്ന നിലയില്‍ ഞാന്‍ എന്റെ തീരുമാനം വ്യക്തമാക്കി കഴിഞ്ഞു. നിങ്ങള്‍ക്ക് ഹർജി ഫയല്‍ ചെയ്യണമെങ്കില്‍ അത് ചെയ്യൂ. അതാണ് ഈ കോടതിയിലെ നിയമം," - ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

'ഇത് പാർക്കല്ല, എന്റെ നേരെ ആക്രോശിക്കരുത്'; ഇലക്ടറല്‍ ബോണ്ട് കേസില്‍ മലയാളി അഭിഭാഷകന് ചീഫ് ജസ്റ്റിസിന്റെ താക്കീത്
'കണക്കുകള്‍ വളച്ചൊടിക്കുന്നു, പുറത്തുനടക്കുന്നത് കോടതി അറിയുന്നില്ല'; ഇലക്ടറല്‍ ബോണ്ട് കേസിൽ കേന്ദ്രം സുപ്രീംകോടതിയില്‍

ചീഫ് ജസ്റ്റിസിന്റെ താക്കീതിന് ശേഷവും അഭിഭാഷകന്‍ വാദം തുടർന്നതോടെ ജസ്റ്റിസ് ബി ആർ ഗവായ് ഇടപെട്ടു. നീതി നിർവഹണ പ്രക്രിയ നിങ്ങള്‍ തടസപ്പെടുത്തുകയാണെന്ന് ജസ്റ്റിസ് ഗവായ് അഭിഭാഷകനോട് പറഞ്ഞു.

ജസ്റ്റിസ് ബി ആർ ഗവായിയുടെ വാക്കുകള്‍ക്ക് ശേഷവും മാത്യൂസ് തുടർന്നു. നിർദേശിച്ച നടപടിക്രമം പാലിക്കുന്നതുവരെ നിങ്ങളെ കേള്‍ക്കില്ല എന്ന് മാത്യൂസിനോട് കോടതി വ്യക്തമാക്കി. മാത്യൂസിന്റെ ആവശ്യം കോടതി അംഗീകരിക്കുകയും ചെയ്തില്ല. മുതിർന്ന അഭിഭാഷകരായ മുകുള്‍ റോത്തഗി, സുപ്രീംകോടതി ബാർ അസോസിയേഷന്‍ പ്രസിഡന്റ് ആദിഷ് അഗർവാല എന്നിവരുടെ വാദങ്ങളും കേള്‍ക്കാന്‍ കോടതി തയാറായില്ല.

logo
The Fourth
www.thefourthnews.in