''പറ്റിപോയി,
അദ്ദേഹം മാപ്പ് പറഞ്ഞു'';
തേജസ്വി സൂര്യ വിമാനത്തിന്റെ വാതില്‍ തുറന്നെന്ന് സമ്മതിച്ച് വ്യോമയാനമന്ത്രി

''പറ്റിപോയി, അദ്ദേഹം മാപ്പ് പറഞ്ഞു''; തേജസ്വി സൂര്യ വിമാനത്തിന്റെ വാതില്‍ തുറന്നെന്ന് സമ്മതിച്ച് വ്യോമയാനമന്ത്രി

ഡിസംബര്‍ പത്തിന് ബോര്‍ഡിങ്ങിനിടെ ഒരു യാത്രക്കാരന്‍ അബദ്ധത്തില്‍ വിമാനത്തിന്റെ എമര്‍ജന്‍സി എക്‌സിറ്റ് തുറന്നെന്നായിരുന്നു ഇന്‍ഡിഗോ പുറത്തുവിട്ട വിവരം

പറന്നുകൊണ്ടിരിക്കെ ഇന്‍ഡിഗോ വിമാനത്തിന്റെ എമര്‍ജന്‍സി എക്‌സിറ്റ് തുറന്നത് തേജസ്വി സൂര്യയെന്ന് സമ്മതിച്ച് കേന്ദ്ര വ്യോമയാന മന്ത്രി. അബദ്ധത്തില്‍ സംഭവിച്ചതാണെന്നും അദ്ദേഹം മാപ്പ് പറഞ്ഞെന്നും വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. ചെന്നൈ വിമാനത്താവളത്തിൽ ഡിസംബർ 10നുണ്ടായ സംഭവം വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രി വിശദീകരണവുമായി രംഗത്തെത്തിയത്.

ഡിസംബര്‍ പത്തിന് ബോര്‍ഡിങ്ങിനിടെ ഒരു യാത്രക്കാരന്‍ അബദ്ധത്തില്‍ വിമാനത്തിന്റെ എമര്‍ജന്‍സി എക്‌സിറ്റ് തുറന്നെന്നായിരുന്നു ഇന്‍ഡിഗോ പുറത്തുവിട്ട വിവരം. വിമാനം റണ്‍വേയിലായിരുന്നപ്പോഴാണ് തേജസ്വി സൂര്യ എമര്‍ജന്‍സി എക്‌സിറ്റ് തുറന്നത്. ചെന്നൈയില്‍ നിന്ന് തിരുച്ചിറപ്പള്ളി വഴി തിരുവനന്തപുരത്തേക്ക് പറന്ന 6E7339 ഇൻഡിഗോ വിമാനത്തിലാണ് എം പി കാരണം ഗുരുതര സുരക്ഷാ വീഴ്ചയുണ്ടായത്. സംഭവം നടന്ന് ഒരു മാസത്തിന് ശേഷം വിവിധ കോണുകളിൽ നിന്നും വിമർശനം ഉയർന്നതിന് ശേഷമാണ് ഡിജിസിഎ ഇക്കാര്യം സ്ഥിരീകരിക്കുകയും അന്വേഷണം നടത്തുകയും ചെയ്യുന്നത്.

''ജാഗ്രത കാണിക്കേണ്ടത് പ്രധാനമാണ്, വസ്തുതകള്‍ നോക്കൂ. എമര്‍ജന്‍സി എക്‌സിറ്റ് അബദ്ധത്തില്‍ തുറന്നു. അതിന് അദ്ദേഹം ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. പിന്നീട് എല്ലാ പരിശോധനകളും നടത്തി. അതിനുശേഷം മാത്രമേ വിമാനം പറന്നുയരാന്‍ അനുവദിച്ചുള്ളൂ''- മന്ത്രി പറഞ്ഞു. കര്‍ശനമായ പരിശോധനകള്‍ക്ക് ശേഷം മാത്രമാണ് വിമാനം ലക്ഷ്യസ്ഥാനമായ തിരുച്ചിറപ്പള്ളിയിലേക്ക് പറന്നതെന്നും അത് കാരണം വിമാനം രണ്ട് മണിക്കൂറിലധികം വൈകിയെന്നും ഇന്‍ഡിഗോ അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. യാത്രക്കാരന്‍ വാതിലില്‍ കൈ അമര്‍ത്തിയപ്പോഴാണ് അബദ്ധത്തില്‍ വാതില്‍ തുറന്നതെന്നും ഇന്‍ഡിഗോ അധികൃതര്‍ പറഞ്ഞു. സംഭവം കൃത്യമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്നും ഡിജിസിഎ ഉദ്യോഗസ്ഥർ പറഞ്ഞു.

എമർജൻസി വാതിൽ തുറന്ന് പരിഭ്രാന്തി സൃഷ്ടിച്ചത് തേജസ്വിയാണെന്ന വെളിപ്പെടുത്തലിന് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തിയിരുന്നു. എന്തുകൊണ്ടാണ് കൂടുതൽ നടപടി സ്വീകരിക്കാത്തതെന്നും പ്രതിപക്ഷ നേതാക്കൾ ചോദിച്ചു. കുട്ടിക്കളി മാറാത്തവർക്ക് വലിയ ഉത്തരവാദിത്വം നൽകിയതിന്റെ ഫലമാണിതെന്ന് കോൺഗ്രസ് വിമർശിച്ചു.

എംപിയുടെ ഉദ്ദേശ്യം എന്തായിരുന്നു? മാപ്പ് പറഞ്ഞതിന് ശേഷം എന്തിനാണ് അദ്ദേഹത്തെ പിന്‍സീറ്റിലേക്ക് മാറ്റിയത്, ദുരന്തമുണ്ടായാല്‍ ആരെയാണ് കുറ്റപ്പെടുത്തുകയെന്നും കോണ്‍ഗ്രസ് നേതാക്കൾ ചോദിച്ചു. വിമാനം റണ്‍വേയിലായിരിക്കുമ്പോഴാണ് സംഭവിച്ചത്. ടേക്ക് ഓഫ് ചെയ്തുകഴിഞ്ഞാണ് ഇത് സംഭവിച്ചതെങ്കില്‍ മാപ്പ് പറഞ്ഞാല്‍ മതിയാവുമായിരുന്നോ ശിവസേന എം പി പ്രിയങ്ക ചതുര്‍വേദി ചോദിച്ചു.

അടിയന്തര സാഹചര്യത്തിൽ തുറക്കേണ്ട വാതിലിനെ കുറിച്ച് എയർഹോസ്റ്റസ് വിശദീകരിച്ചതിന് പിന്നാലെയാണ് തേജസ്വി സൂര്യ എമർജൻസി വാതിൽ തുറന്നതെന്നാണ് റിപ്പോർട്ടുകൾ. ബിജെപി തമിഴ്‌നാട് അധ്യക്ഷൻ കെ അണ്ണാമലയും വിമാനത്തിൽ തേജസ്വി സൂര്യക്കൊപ്പം ഉണ്ടായിരുന്നു . 

സഹയാത്രികരുടെ പരാതിയെ തുടർന്നാണ് വ്യോമയാന മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചത്. തിരുച്ചിറപ്പള്ളിയില്‍ നടന്ന യുവമോര്‍ച്ചാ യോഗത്തില്‍ പങ്കെടുക്കാന്‍ ചെന്നൈയിൽ നിന്ന് യാത്ര തിരിച്ചതായിരുന്നു തേജസ്വി സൂര്യ എം പി. യാത്രാ മദ്ധ്യേ വിമാനത്തിന്റെ എമർജൻസി ഡോർ തുറക്കാൻ ശ്രമിച്ച എം പി പരിഭ്രാന്തി പരത്തിയതായാണ് സഹയാത്രക്കാരൻ നൽകിയ പരാതിയിലുള്ളത്.

logo
The Fourth
www.thefourthnews.in