'ആദ്യ'മാവുകയെന്നത് ജീവിത ലക്ഷ്യമാക്കിയ ദ്രൗപദി മുർമു: കൗൺസിലറിൽ നിന്ന് രാജ്യത്തിന്റെ
 പ്രഥമ പൗരനിലേക്ക്

'ആദ്യ'മാവുകയെന്നത് ജീവിത ലക്ഷ്യമാക്കിയ ദ്രൗപദി മുർമു: കൗൺസിലറിൽ നിന്ന് രാജ്യത്തിന്റെ പ്രഥമ പൗരനിലേക്ക്

ഗവർണറാകുന്ന ആദ്യ ആദിവാസി വനിതയായിരുന്നു മുർമു

സ്വതന്ത്ര ഇന്ത്യ 75 വര്‍ഷം ആഘോഷിക്കുന്ന വേളയിൽ പുതിയൊരു ചരിത്ര മുഹൂർത്തത്തിന് കൂടി രാജ്യം സാക്ഷ്യം വഹിക്കുകയാണ്. ആദിവാസി വിഭാഗത്തിൽ നിന്നുള്ള ഇന്ത്യയുടെ ആദ്യ രാഷ്‌ട്രപതിയായിട്ടാണ് ദ്രൗപതി മുര്‍മു അധികാരമേൽക്കുന്നത്.

ആരാണ് ദ്രൗപദി മുർമു?

നിശ്ചയദാർഢ്യവും സംഘാടനമികവും കൈമുതലാക്കിയ നേതാവാണ് ദ്രൗപദി മുർമു. സന്താൾ വിഭാഗത്തിൽ നിന്നുള്ള മുർമു തന്റെ ഗോത്രത്തിന്റെ പോരാട്ടവീര്യം ജീവിതത്തിലുടനീളം അണയാതെ സൂക്ഷിച്ചു. ജീവിതത്തോട് നിരന്തരം കലഹിച്ചും പോരാടിയുമാണ് ദ്രൗപദി മുർമുവെന്ന തളരാത്ത പോരാളി റെയ്‌സീന കൊട്ടാരത്തിന്റെ പ്രൗഢിയിലേക്ക് എത്തുന്നതും. കടന്നെത്തിയ മേഖലകളിലെല്ലാം മുർമു ചരിത്രത്തിന്റെയും ഭാഗമായി.

തന്റെ ഗ്രാമത്തിൽ നിന്നുള്ള ആദ്യ ബിരുദധാരി. ആദിവാസി വിഭാഗത്തിൽ നിന്നുള്ള ആദ്യ വനിതാ ഗവർണർ, ഗോത്ര വര്‍ഗക്കാരിയായ ആദ്യ വനിത രാഷ്‌ട്രപതി. ജീവിതത്തില്‍ പുതിയ ചരിത്രം കുറിയ്ക്കുകയായിരുന്നു ദ്രൗപദി മുർമു.

വ്യവസായികളുടെ താല്‍പര്യത്തിനുതകുന്ന രീതിയിൽ ജാർഖണ്ഡിലെ ആദിവാസി ഭൂനിയമം ഭേദഗതി ചെയ്യാൻ 2016ൽ രഘുബർ ദാസിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ ശ്രമം നടത്തിയിരുന്നു. ചോട്ടനാഗ്പൂർ ടെനൻസി (സി.എൻ.ടി), സന്താൽ പർഗാന ടെനൻസി (എസ്.പി.ടി) എന്നീ നിയമങ്ങൾ അട്ടിമറിക്കുന്നതിനെതിരെ ആദിവാസി ജനത ശക്തമായി പ്രതിഷേധിച്ചു. അന്ന് സംസ്ഥാനത്തിന്റെ ഗവർണറായിരുന്ന മുർമു ഭേദഗതികളുടെ ഉദ്ദേശ്യലക്ഷ്യം എന്താണെന്ന് വിശദമാക്കാൻ സർക്കാരിനോട് ആവശ്യപ്പെടുകയും ബില്ല് ഒപ്പിടാതെ മടക്കുകയും ചെയ്തു. താൻ പ്രതിനിധാനം ചെയ്യുന്ന ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കാൻ വേണ്ടി അധികാരസ്ഥാനത്തിരുത്തിയ പാർട്ടിയോട് പോലും ശബ്ദമുയർത്തിയ ചരിത്രമാണ് മുർമുവിനുള്ളത്.

1958 ജൂൺ 20 ന് ഒഡിഷയിലെ മയൂര്‍ഭഞ്ജ് ജില്ലയിലെ ബൈദാപോസി ആദിവാസി മേഖലയിലാണ് ദ്രൗപദി മുർമുവിന്റെ ജനനം. പിന്നോക്ക വിഭാഗത്തിൽ നിന്നുള്ള ഏതൊരാളെയും പോലെ ജാതി വേർതിരിവുകളും, ദാരിദ്ര്യവും തന്നെയായിരുന്നു മുർമുവും നേരിട്ട വെല്ലുവിളി. എല്ലാ പ്രതിസന്ധികളെയും നിഷ്പ്രയാസം തരണം ചെയ്തുകൊണ്ടായിരുന്നു മുർമുവിന്റെ ജീവിത യാത്ര. ഇല്ലായ്മകളിൽ നിന്നുകൊണ്ട് തന്നെ അവർ ഉയർന്നു വന്നു. ഭുവനേശ്വറിലെ രമാദേവി വിമൻസ് കോളേജിൽ നിന്ന് ബിരുദം നേടി. രാഷ്ട്രീയപ്രവർത്തകയാകുന്നതിനു മുൻപ് അധ്യാപികയായിരുന്ന മുർമു റായ്രംഗ്പൂരിലെ ശ്രീ ഓറോബിന്ദോ ഇന്റഗ്രൽ എഡ്യൂക്കേഷൻ സെന്ററിലെ അധ്യാപികയായിരുന്നു. 1987 വരെ അധ്യാപനം തുടരുന്ന മുർമു ഈ സമയത്താണ് രാഷ്ട്രീയത്തിൽ ആകൃഷ്ടയാകുന്നതും ഭാരതീയ ജനത പാർട്ടിയുടെ ഭാഗമാകുന്നതും.

രാഷ്ട്രീയ ജീവിതം

ബിജെപിയുടെ ഭാഗമായി രാഷ്ട്രീയ ജീവിതം ആരംഭിക്കുന്ന ദ്രൗപദി മുർമു ബിജെപിയുടെ പട്ടിക മോർച്ച വൈസ് പ്രസിഡന്റായിരിക്കെ, 1997 ലാണ് റായ്രംഗ്പൂർ കൗൺസിലറായി തിരഞ്ഞെടുക്കപ്പെടുന്നത്. 'ആദ്യ' തവണ തന്നെ വൈസ് ചെയർപേഴ്‌സനാവുകയും ചെയ്തു. ഇതോടെ മുർമു രാഷ്ട്രീയ പ്രവർത്തകയെന്ന നിലയിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.

മുർമു നിയമസഭയിലെത്തുന്നത് 2000 ത്തിൽ റായ്രംഗ്പൂർ നിയമസഭയിൽ നിന്നാണ്. 2000 - 2005 കാലയളവിൽ നവീൻ പട്നായിക് നയിച്ച ബിജു ജനതാദൾ- ബിജെപി സഖ്യ സർക്കാരിൽ മുർമു മന്ത്രിയായി. നിയമസഭയിലെത്തിയ ആദ്യ തവണ തന്നെ മന്ത്രിയായതും മുർമുവിന്റെ നേട്ടമാണ്. സ്വതന്ത്ര ചുമതലയുള്ള വാണിജ്യ ഗതാഗത മന്ത്രിയായിരുന്നു. പിന്നീട് ഫിഷറീസ് മന്ത്രിയായി. മികച്ച നിയമസഭാ സാമാജികന് ഒഡിഷ സർക്കാർ നൽകുന്ന നിളകാന്ത അവാർഡ് 2007 ൽ മുര്‍മു നേടി.

2009ൽ ബിജെഡി- ബിജെപി സഖ്യം തെറ്റിപ്പിരിഞ്ഞു. ഒഡിഷയിൽ നവീൻ പട്നയിക്കിന്റെ പ്രഭാവം അലയടിച്ചപ്പോഴും ജനങ്ങൾ മുർമുവിനൊപ്പമായിരുന്നു. റായ് രംഗ്പൂരിൽ നിന്ന് എം എൽ എയായി മുർമു തിരഞ്ഞെടുക്കപ്പെട്ടു. പക്ഷെ ഇതെ വര്‍ഷം ലോക്സഭ തിരഞ്ഞെടുപ്പില്‍ മയൂര്‍ഭഞ്ച് മണ്ഡലത്തില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

2010-ൽ ബി.ജെ.പിയുടെ മയൂർഭഞ്ച് (വെസ്റ്റ്) യൂണിറ്റിന്റെ ജില്ലാ പ്രസിഡന്റായി മുർമു സ്ഥാനമേറ്റു. പിന്നീട് 2013 ലും ഇതെ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അതേ വർഷം തന്നെ ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടീവിലും (എസ്.ടി. മോർച്ച) അംഗമായി.

2015ൽ എൻ ഡി എ സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വന്നപ്പോൾ, മുർമുവിനെ ജാർഖണ്ഡിന്റെ ഗവർണറായി നിയമിച്ചു. ഒരു സംസ്ഥാനത്തിന്റെ ഗവർണറാകുന്ന ആദ്യ ആദിവാസി വനിതയായിരുന്നു മുർമു. ജാർഖണ്ഡിലെ ഭരണം ഒട്ടും എളുപ്പമായിരുന്നില്ല. അടിക്കടിയുള്ള സർക്കാർ മാറ്റം വലിയ പ്രതിസന്ധി സൃഷ്‌ടിച്ചു. ഇതിനെയെല്ലാം അതിജീവിച്ച് തന്‍റെ കാലാവധി പൂർത്തിയാക്കി. ബിജെപി സർക്കാർ മാറി യുപിഎ മുന്നണിയിലുള്ള ജെഎംഎം ഭരണം പിടിച്ചപ്പോഴും മുർമു ജാർഖണ്ഡ് ഗവർണറായി 2021 വരെ തുടർന്നു.

പ്രതിസന്ധികള്‍ നിറഞ്ഞ വ്യക്തി ജീവിതം

വ്യക്തിജീവിതത്തിലെ വിഷമഘട്ടമായിരുന്നു 2009 മുതൽ 2015 വരെയുള്ള കാലഘട്ടം. ആറ് വർഷത്തിനുള്ളിൽ മുർമുവിന് ഏറ്റവും അടുത്ത മൂന്ന് കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടു. 2009 ൽ മൂത്ത മകൻ ലക്ഷ്മൺ മുർമു മരണപെട്ടു. 2013 ൽ ഇളയ മകൻ സിപ്പൻ മുർമുവിനെയും 2014 ൽ ഹൃദയാഘാതം മൂലം ഭർത്താവ് ശ്യാം ചരണിനെയും ദ്രൗപദി മുർവിന് നഷ്ടമായിരുന്നു. ഏക മകളായ ഇതിശ്രീ മാത്രമാണ് മുർമുവിന്റെ കൂടെയുള്ളത്.

logo
The Fourth
www.thefourthnews.in