ഇന്ത്യയെക്കുറിച്ച് വ്ളോഗ് ചെയ്യുന്ന വിദേശ യൂട്യൂബർ 'മാഡ്‌ലി റോവർ'ക്കെതിരെ 
ബെംഗളൂരുവിൽ അതിക്രമം

ഇന്ത്യയെക്കുറിച്ച് വ്ളോഗ് ചെയ്യുന്ന വിദേശ യൂട്യൂബർ 'മാഡ്‌ലി റോവർ'ക്കെതിരെ ബെംഗളൂരുവിൽ അതിക്രമം

ചിക് പേട്ടിലെ 'സൺഡേ മാർക്കറ്റ് ' ചിത്രീകരണത്തിനിടെ തെരുവ് കച്ചവടക്കാരൻ യൂട്യൂബറെ തടയുകയായിരുന്നു

ബംഗളുരുവിൽ വിദേശ യൂട്യൂബർക്കു നേരെ തെരുവിൽ അതിക്രമം. ചിക് പേട്ടിലെ 'ചോർ ബസാറിൽ 'വ്ളോഗ് ചിത്രീകരിക്കുന്നതിനിടെയാണ് 'മാഡ്‌ലി റോവർ' എന്ന യൂട്യൂബ് ചാനലിന്റെ ഉടമയ്ക്കുനേരെ അതിക്രമമുണ്ടായത്. ചിക് പേട്ടിലെ  'സൺഡേ മാർക്കറ്റ് ' ചിത്രീകരണത്തിനിടെ തെരുവ് കച്ചവടക്കാരൻ യൂട്യൂബറെ തടയുകയായിരുന്നു.

തെരുവിലെ കാഴ്ചകൾ ചിത്രീകരിച്ചു നടന്നുനീങ്ങുന്നതിനിടെ യൂട്യൂബർ കുശലം പറഞ്ഞുകൊണ്ട് കച്ചവടക്കാരനുനേർക്ക് കൈനീട്ടുകയായിരുന്നു. കച്ചവടക്കാരൻ യൂട്യൂബറുടെ കൈപിടിച്ച് തിരിക്കുകയും തള്ളുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. തുടർന്ന് സ്ഥലത്തുനിന്ന് രക്ഷപ്പെട്ട യൂട്യൂബർ തനിക്കുണ്ടായ മോശം അനുഭവം തന്റെ ചാനലായ  'മാഡ്‌ലി റോവറി' ലൂടെയാണ് പങ്കുവച്ചത്.

വിദേശസഞ്ചാരിയോട് മോശമായി പെരുമാറിയതിനെ ചോദ്യം ചെയ്തും യൂട്യൂബറെ പിന്തുണച്ചും നിരവധി പേർ രംഗത്തെത്തി. മാഡ്‌ലി റോവറെ കയ്യേറ്റം ചെയ്ത തെരുവ് കച്ചവടക്കാരനെതിരെ കേസെടുക്കണമെന്ന ആവശ്യം ഉയരുകയാണ്. എന്നാൽ അദ്ദേഹം പോലീസിൽ പരാതി നൽകിയിട്ടില്ല.

'കം റ്റു ഇന്ത്യ ബ്രോ' (ഇന്ത്യയിലേക്ക് വരൂ) എന്ന ടാഗ് ലൈനോടെ ഇന്ത്യയെക്കുറിച്ച് മനോഹരങ്ങളായ വ്ളോഗുകൾ ചെയ്യുന്ന യൂട്യൂബറാണ് നെതർലാൻഡ് സ്വദേശിയായ മാഡ്‌ലി റോവർ. ഇദ്ദേഹത്തിന്റെ വ്ളോഗ് കണ്ട് ഇന്ത്യൻ ഗ്രാമങ്ങളും പട്ടണങ്ങളും കാണാനും ഇന്ത്യൻ ജീവിതം തൊട്ടറിയാനും നിരവധി പേർ വിദേശത്തുനിന്ന് എത്താറുണ്ട്.

ഒരിക്കൽ പോലും ഇന്ത്യയെ മോശമായി പരാമർശിക്കുന്ന ഉള്ളടക്കം മാഡ്‌ലി റോവർ പ്രചരിപ്പിച്ചിട്ടില്ല. ഇദ്ദേഹത്തിന് ഇന്ത്യയിൽ നിരവധി സബ്സ്ക്രൈബേർമാരുണ്ട്.

logo
The Fourth
www.thefourthnews.in