പ്രധാനമന്ത്രിക്കെതിരായ ദുഃശകുന പരാമര്‍ശം: രാഹുല്‍ നേരിട്ട് ഹാജരാകണം, നോട്ടീസയച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പ്രധാനമന്ത്രിക്കെതിരായ ദുഃശകുന പരാമര്‍ശം: രാഹുല്‍ നേരിട്ട് ഹാജരാകണം, നോട്ടീസയച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

നവംബര്‍ 25 മുമ്പ് ഹാജരാകണമെന്നാണ് നിര്‍ദേശം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ദുഃശകുന പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ നടത്തിയ പരാമര്‍ശത്തില്‍ രാഹുലിനെതിരേ ബിജെപി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് കമ്മീഷന്‍ നോട്ടീസയച്ചത്. നവംബര്‍ 25 മുമ്പ് ഹാജരാകണമെന്നാണ് നിര്‍ദേശം. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ലോകകപ്പ് ഫൈനല്‍ പരാജയവുമായി കൂട്ടിച്ചേര്‍ത്തായിരുന്നു മോദിക്കെതിരായ രാഹുലിന്റെ ഒളിയമ്പ്.

ഫൈനലില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മികച്ച രീതിയില്‍ കളിച്ചുവരികയായിരുന്നെന്നും പിന്നീട് ദുഃശകുനം എത്തിയതോടെയാണ് കളി ഇന്ത്യയുടെ കൈകളില്‍ നിന്ന് വഴുതുകയായിരുന്നുവെന്നുമായിരുന്നു രാഹുലിന്റെ പരാമര്‍ശം. അഹമ്മദാബാദില്‍ തന്റെ പേരിലുള്ള സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ കാണാന്‍ മോദി എത്തിയത് വ്യംഗ്യമായി സൂചിപ്പിച്ചായിരുന്നു രാഹുലിന്റെ പരിഹാസം.

മത്സരത്തിനിടെയാണ് മോദി സ്‌റ്റേഡിയത്തില്‍ എത്തിയത്. അതിനു ശേഷമാണ് ഇന്ത്യക്ക് തിളങ്ങാനാകാതെ പോയതെന്നായിരുന്നു പരിഹാസം. ഇതിനു പുറമേ കഴിഞ്ഞ ഒമ്പതു വര്‍ഷമായി മുടങ്ങിക്കിടക്കുന്ന നെയ്ത്തുകാരുടെ ഗ്രാന്‍ഡ് വിഹിതം സംബന്ധിച്ചും മോദിക്കെതിരേ രാഹുല്‍ പരാമര്‍ശം നടത്തിയിരുന്നു. സാധാരണക്കാരുടെ പണം തട്ടുന്ന പോക്കറ്റടിക്കാരോടാണ് മോദിയെ രാഹുല്‍ ഉപമിച്ചത്.

''പോക്കറ്റടിക്കാര്‍ ഒറ്റയ്ക്ക് വരില്ല, എല്ലായ്‌പ്പോഴും മൂന്നു പേരുടെ കൂട്ടമായാണ് വരുന്നത്. ഒരാള്‍ മുന്നില്‍ക്കൂടി വരുമ്പോള്‍ മറ്റൊരാള്‍ പിന്നില്‍ നിന്ന് വരും. മൂന്നാമത്തെയാള്‍ അകലത്തു നിന്നാകും വരിക. അതേപോലെയാണ് നിങ്ങളുടെ പണം തട്ടാന്‍ മോദിയും സംഘവും വരുന്നത്. മോദി ടെലിവിഷനില്‍ നിങ്ങളുടെ മുന്നില്‍ക്കൂടി വന്ന് നോട്ട് നിരോധനത്തെയും വര്‍ഗീയതയെയും കുറിച്ച് സംസാരിച്ച് നിങ്ങളുടെ ശ്രദ്ധതിരിക്കും. അതേസമയം ആദാനി പിന്നിലൂടെ വന്ന് നിങ്ങളുടെ പണം അപഹരിക്കും''- എന്നായിരുന്നു മോദിയുടെ പരാമര്‍ശം.

ഇതിനെതിരേയാണ് ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. രാഹുലിന്റെ പരാമര്‍ശങ്ങള്‍ കേവലം വ്യക്തിഹത്യ മാത്രം ഉദ്ദേശിച്ചുള്ളതല്ലെന്നും രാജ്യത്തിന്റെ പ്രധാനമന്ത്രിയെ പൊതുജനമധ്യത്തില്‍ അപമാനിക്കുകയെന്ന ഉദ്ദേശത്തോടെ കരുതിക്കൂട്ടി നടത്തിയ പരാമര്‍ശങ്ങളാണതെന്നും ബിജെപി പരാതിയില്‍ ആരോപിച്ചു.

logo
The Fourth
www.thefourthnews.in