നിശബ്ദ പ്രചാരണത്തിനിടെ സമൂഹമാധ്യമങ്ങളിലൂടെയുള്ള വോട്ട് അഭ്യര്‍ത്ഥന ചട്ടലംഘനം;  
ഇടപെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

നിശബ്ദ പ്രചാരണത്തിനിടെ സമൂഹമാധ്യമങ്ങളിലൂടെയുള്ള വോട്ട് അഭ്യര്‍ത്ഥന ചട്ടലംഘനം; ഇടപെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ത്രിപുരയില്‍ നിശബ്ദ പ്രചാരണത്തിനിടെ വോട്ട് അഭ്യര്‍ത്ഥിച്ച് ട്വീറ്റ് ചെയ്ത മൂന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
Updated on
2 min read

തിരഞ്ഞെടുപ്പ് പരസ്യപ്രചാരണം അവസാനിച്ച ശേഷം സമൂഹമാധ്യമങ്ങളിലൂടെ വോട്ട് അഭ്യര്‍ത്ഥിക്കുന്നത് ചട്ടലംഘനമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ത്രിപുരയില്‍ നിശബ്ദ പ്രചാരണ ദിവസം വോട്ട് അഭ്യര്‍ത്ഥിച്ച് ട്വീറ്റ് ചെയ്ത മൂന്ന് പാര്‍ട്ടികള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു. ബിജെപി, സിപിഎം, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്കാണ് നോട്ടീസ് അയച്ചത്. 48 മണിക്കൂര്‍ നിശബ്ദ പ്രചരണമെന്നത് സമൂഹമാധ്യമ ഇടങ്ങളിലെ പ്രചാരണത്തിനും ബാധകമാണെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു.

1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 126(1) ബി വകുപ്പിന്‌റെ ലംഘനമാണ് നടപടിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നു. എത്രയും വേഗത്തില്‍ തിരുത്തല്‍ നടപടിയുണ്ടാകണമെന്നാണ് നിര്‍ദേശം. മൂന്ന് പാര്‍ട്ടികളുടേയും ഔദ്യോഗിക അക്കൗണ്ടുകളില്‍ നിന്നാണ് നിശബ്ദ പ്രചാരണ മണിക്കൂറുകളില്‍ വോട്ട് അഭ്യര്‍ത്ഥിച്ചുള്ള ട്വീറ്റുകള്‍ വന്നത്. ഇക്കാര്യത്തില്‍ വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് മുന്‍പായി വിശദീകരണം നല്‍കണമെന്നും നിര്‍ദേശമുണ്ട്.

ജനപ്രാതിനിധ്യ നിയമത്തിലെ 126 (1) ബി വകുപ്പ് പ്രകാരം സിനിമ പ്രദര്‍ശനം, ടെലിവിഷന്‍, മറ്റ് സമാനമായ പ്രദര്‍ശനങ്ങള്‍ എന്നിവ ഉപയോഗിച്ച് നിശബ്ദ പ്രചാരണത്തിന്‌റെ മണിക്കൂറുകളില്‍ വോട്ട് അഭ്യര്‍ത്ഥിക്കുന്നത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണ്. സമൂഹമാധ്യമങ്ങളുടെ കാര്യത്തിലും ഇത് ബാധകമാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നു

1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 126(1) ബി വകുപ്പിന്‌റെ ലംഘനമാണ് നടപടിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

നോട്ടീസ് ലഭിച്ചതിന്‌റെ അടിസ്ഥാനത്തില്‍ ത്രിപുര കോണ്‍ഗ്രസ് ട്വീറ്റ് നീക്കം ചെയ്തു. ത്രിപുരയിലെ ജനങ്ങള്‍ തീര്‍ച്ചയായും കോണ്‍ഗ്രസിന് വോട്ടു ചെയ്യും, ഇത്തവണ കോണ്‍ഗ്രസ് അധികാരത്തിലെത്തും എന്ന ട്വീറ്റാണ് നീക്കം ചെയ്തത്. സുരക്ഷിതവും സുന്ദരവുമായി ഭാവിക്ക് ബിജെപിക്ക് വോട്ട് ചെയ്യൂ എന്നതായിരുന്നു ബിജെപി ട്വീറ്റ്. ത്രിപുര ബിജെപി - ഐപിഎഫ്ടി ഭരണത്തിന് കീഴില്‍ തകര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ബിജെപിയെ പരാജയപ്പെടുത്തി ജനങ്ങളുടെ സര്‍ക്കാരിനെ തിരഞ്ഞെടുക്കണമെന്നുമായിരുന്നു സിപിഎം ട്വീറ്റ്.

ഇതാദ്യമായാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അവസാന മണിക്കൂറുകളിലെ സമൂഹമാധ്യമ ഉപയോഗത്തിന്‌റെ പേരില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് നോട്ടീസ് അയക്കുന്നത്

വോട്ട് ചെയ്യാന്‍ ജനങ്ങളോട് ആവശ്യപ്പെടുന്ന പരസ്യപ്രചാരണത്തിന് സമാനമായാണ് ഇത്തരത്തില്‍ സമൂഹമാധ്യമങ്ങളിലൂടെയുള്ള ഇടപെടലുകളെ കണക്കാക്കുന്നതെന്ന് ഇലക്ഷന്‍ കമ്മീഷന്‍ വ്യക്തമാക്കുന്നു. അടുത്ത ദിവസം നടക്കുന്ന നാഗാലാന്‍ഡ്, മേഘാലയ തിരഞ്ഞെടുപ്പുകളിലും 2024ലെ പൊതു തിരഞ്ഞെടുപ്പിലും പുതിയ നിര്‍ദേശം ബാധകമാക്കും. നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ നടപടികള്‍ നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.

കഴിഞ്ഞ വര്‍ഷത്തെ നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഇത്തരത്തില്‍ ചട്ടലംഘനമുണ്ടായിരുന്നുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തല്‍

ഇതാദ്യമായാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അവസാന മണിക്കൂറുകളിലെ സമൂഹമാധ്യമ ഉപയോഗത്തിന്‌റെ പേരില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് നോട്ടീസ് അയക്കുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ നേരത്തെ തന്നെ തിരഞ്ഞെടുപ്പ് സമയത്തെ സമൂഹമാധ്യമ ഇടപെടലുകള്‍ സംബന്ധിച്ച് ആശങ്കയറിയിച്ചിരുന്നു. വ്യാജ വാര്‍ത്തകള്‍ സൃഷ്ടിച്ചുള്ള തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനെതിരെ നിയമനടപടികളിലേക്ക് കടക്കാന്‍ കമ്മീഷന്‍ ലക്ഷ്യമിടുന്നുണ്ട്.

കഴിഞ്ഞ വര്‍ഷത്തെ നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഇത്തരത്തില്‍ ചട്ടലംഘനമുണ്ടായിരുന്നുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്. ട്വിറ്റര്‍, ഫേസ്ബുക്ക്, യൂട്യൂബ് എന്നിവ വഴിയാണ് ഇത്തരത്തില്‍ ചട്ടലംഘനം നടന്നത്. ഗോവയില്‍ 25 കേസുകളും ഗുജറാത്തില്‍ അഞ്ച്, ഹിമാചലില്‍ എട്ട്, പഞ്ചാബില്‍ മൂന്ന് കേസുകളുമാണ് 126 (1) ബിയുടെ ലംഘനമായികണ്ടെത്തിയത്. 45 പോസ്റ്റുകളില്‍ 17 എണ്ണം ട്വിറ്റര്‍ നീക്കം ചെയ്തു. 22 എണ്ണം ഫേസ്ബുക്കും 6 എണ്ണം യൂട്യൂബും നീക്കം ചെയ്തു.

logo
The Fourth
www.thefourthnews.in