കഴിഞ്ഞ 10 വര്‍ഷത്തില്‍ നടന്നത് ജനകേന്ദ്രീകൃത വികസനം, ജിഎസ്ടി ഒരു രാജ്യം ഒരു നികുതി സാധ്യമാക്കി: ധനമന്ത്രി

കഴിഞ്ഞ 10 വര്‍ഷത്തില്‍ നടന്നത് ജനകേന്ദ്രീകൃത വികസനം, ജിഎസ്ടി ഒരു രാജ്യം ഒരു നികുതി സാധ്യമാക്കി: ധനമന്ത്രി

ഈ ജനുവരിയില്‍ ജിഎസ്ടിയിലൂടെ മാത്രം 1,72,129 കോടിയാണ് വരുമാനം ലഭിച്ചതെന്നും ഇത് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ പ്രതിമാസ വരുമാനമാണെന്നും ധനമന്ത്രി

രാജ്യത്തെ സമ്പദ്‌വ്യവസ്ഥയ്ക്ക് ശരിയായ മാനം കൊണ്ടുവരാന്‍ ജിഎസ്ടിക്കായെന്നു ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ഒരു രാജ്യം ഒരു നികുതി എന്ന ലക്ഷ്യം സാധ്യമാക്കാന്‍ ജിഎസ്ടി കൊണ്ടുവന്നതിലൂടെ കഴിഞ്ഞെന്നും അതുവഴി നികുതി വരുമാനത്തില്‍ ഗണ്യമായ ഉയര്‍ച്ച ഉണ്ടായെന്നും ഉദാഹരണ സഹിതം ധനമന്ത്രി വ്യക്തമാക്കി.

ഈ ജനുവരിയില്‍ ജിഎസ്ടിയിലൂടെ മാത്രം 1,72,129 കോടിയാണ് വരുമാനം ലഭിച്ചതെന്നും ഇത് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ പ്രതിമാസ വരുമാനമാണെന്നും ധനമന്ത്രി അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 10.4 ശതമാനത്തിന്റെ വരുമാനവളര്‍ച്ചയാണ് ജിഎസ്ടിയിലൂടെ കൈവരിച്ചതെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

2023-24 സാമ്പത്തിക വര്‍ഷത്തില്‍ പ്രതിമാസ വരുമാനം 1.70 ലക്ഷം കോടിയില്‍ കൂടുതല്‍ ലഭിക്കുന്നത് ഇത് മൂന്നാം തവണയാണെന്നും 2023 ഏപ്രിലിനും 2024 ജനുവരിക്കുമിടയില്‍ നികുതി വരുമാന നിരക്കില്‍ 11.6 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയതെന്നും ധനമന്ത്രി പറഞ്ഞു. ഈ പത്തുമാസക്കാലയളവില്‍ ജിഎസ്ടി വഴിമാത്രം 16.69 ലക്ഷം കോടിയുടെ വരുമാനം ലഭിച്ചുവെന്നും ധനമന്ത്രി പാര്‍ലമെന്റിനെ അറിയിച്ചു. വരുന്ന സാമ്പത്തിക വര്‍ഷം ഇത് 20 ലക്ഷം കോടിയായി ഉയരുമെന്നു പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.

കഴിഞ്ഞ പത്തു വര്‍ഷം രാജ്യത്ത് ജനകേന്ദ്രീകൃത വികസനമാണ് നടന്നതെന്നും ഇതു തുടരാനാകുമെന്നാണ് പ്രതീക്ഷയെന്നും ധനമന്ത്രി പറഞ്ഞു. എല്ലാ തരത്തിലുള്ള അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ നടപ്പാക്കാനായെന്നും നിര്‍മല പറഞ്ഞ. രാജ്യത്തിന്റെ എല്ലാ മൂലകളിലേക്കും സാമ്പത്തിക വളര്‍ച്ച എത്തിക്കാനായി. സമ്പദ് മേഖലയെ ശക്തിപ്പെടുത്താനായതാണ് കഴിഞ്ഞ പത്തുവര്‍ഷത്തെ ഏറ്റവും വലിയ നേട്ടമെന്നും ധനമന്ത്രി പറഞ്ഞു.

logo
The Fourth
www.thefourthnews.in