കടുത്ത പ്രതിഷേധം, എന്നിട്ടും വിടാതെ ഏജന്‍സികള്‍; പ്രതിപക്ഷ നേതാക്കളുടെ വീടുകളില്‍ വ്യാപക റെയ്ഡ്, ബിജെപിയുടെ ഇ ഡി പ്ലാന്‍

കടുത്ത പ്രതിഷേധം, എന്നിട്ടും വിടാതെ ഏജന്‍സികള്‍; പ്രതിപക്ഷ നേതാക്കളുടെ വീടുകളില്‍ വ്യാപക റെയ്ഡ്, ബിജെപിയുടെ ഇ ഡി പ്ലാന്‍

തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍ എംപി മഹുവ മൊയ്ത്രയുടെ വീട്ടില്‍ സിബിഐയും ആം ആദ്മി പാർട്ടി എംഎല്‍എ ഗുലാബ് സിങ് യാദവിന്റെ വീട്ടില്‍ ഇ ഡിയും റെയ്ഡ് നടത്തി

മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധം ശക്തമായി തുടരുന്നതിനിടെയും പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നത് തുടര്‍ന്ന് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍. തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍ എംപി മഹുവ മൊയ്ത്രയുടെ വീട്ടില്‍ സിബിഐയും ആം ആദ്മി പാർട്ടി എംഎല്‍എ ഗുലാബ് സിങ് യാദവിന്റെ വീട്ടില്‍ ഇ ഡിയും റെയ്ഡ് നടത്തി.

പാര്‍ലമെന്റില്‍ ചോദ്യത്തിന് പണം വാങ്ങിയെന്ന കേസിലാണ് മഹുവയുടെ വസതിയില്‍ സിബിഐ റെയ്ഡ് നടത്തിയത്. കേസില്‍ മഹുവയ്ക്ക് എതിര എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് സിബിഐ സംഘം റെയ്ഡിന് എത്തിയത്. മഹുവ മൊയ്ത്രയ്‌ക്കെതിരായ എല്ലാ കേസുകളും അന്വേഷിച്ച് ആറുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് സിബിഐയ്ക്ക് ലോക്‌പാല്‍ നിര്‍ദേശം നല്‍കിയിരുന്നു.

ലോക്‌സഭയില്‍ അദാനിക്കെതിരെ ചോദ്യങ്ങള്‍ ചോദിക്കുന്നതിന് വ്യവസായിയായ ദര്‍ശന്‍ ഹീരനന്ദാനിയില്‍നിന്ന് പാരിതോഷികങ്ങളും പണവും കൈപ്പറ്റിയെന്നും ലോക്‌സഭ പോര്‍ട്ടലിലെ തന്റെ ലോഗ് ഇന്‍ ഐഡിയും പാസ്‍വേര്‍ഡും വ്യവസായിക്ക് കൈമാറിയെന്നുമായിരുന്നു മഹുവയ്‌ക്കെതിരായ ആരോപണം. തുടര്‍ന്ന് പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റി ഹിയറിങ് നടത്തുകയും മഹുവയെ പുറത്താക്കാന്‍ ശിപാര്‍ശ ചെയ്യുകയുമായിരുന്നു.

ഡല്‍ഹി മദ്യനയ കേസിലാണ് എഎപി മട്ടിയാല എംഎല്‍എ ഗുലാബ് സിങ് യാദവിന്റെ ഡല്‍ഹിയിലെ വസതിയില്‍ ഇ ഡി പരിശോധന നടത്തിയത്. എഎപിയുടെ ഗുജറാത്ത് ഘടകത്തിന്റെ ചാര്‍ജ് കൂടിയുള്ള നേതാവാണ് അദ്ദേഹം. രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ഏകാധിപത്യത്തിന്റെ പാതയിലാണെന്ന് എഎപി ആരോപിച്ചു. എഎപിയുടെ നാല് പ്രധാനപ്പെട്ട നേതാക്കള്‍ ഇപ്പോള്‍ അഴിമതി കേസില്‍ ജയിലിലാണ്. ഗുജറാത്തില്‍ എഎപി മത്സരിക്കുന്നുണ്ടെന്നും ഇത് മുന്‍കൂട്ടി കണ്ട് പ്രവര്‍ത്തനങ്ങളെ തടയാനാണ് ഗുലാബ് സിങിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയതെന്നുമാണ് എഎപിയുടെ ആരോപണം.

കടുത്ത പ്രതിഷേധം, എന്നിട്ടും വിടാതെ ഏജന്‍സികള്‍; പ്രതിപക്ഷ നേതാക്കളുടെ വീടുകളില്‍ വ്യാപക റെയ്ഡ്, ബിജെപിയുടെ ഇ ഡി പ്ലാന്‍
ബില്ലുകളിൽ തീരുമാനം വൈകല്‍: രാഷ്ട്രപതിക്കെതിരെ അസാധാരണ നീക്കവുമായി കേരളം സുപ്രീംകോടതിയില്‍

അതേസമയം, അരവിന്ദ് കെജ്‌രിവാളിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് സിബിഐ കോടതിയെ സമീപിക്കും. മദ്യനയ അഴിമതിയില്‍ സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അന്വേഷണം നടത്തുന്നത്. ഡല്‍ഹി ഉപമുഖ്യമന്ത്രി മനിഷ് സിസോദിയയെ അറസ്റ്റ് ചെയ്തത് സിബിഐയാണ്. 2023- ഏപ്രിലില്‍ സിബിഐ അരവിന്ദ് കെജ്‌രിവാളിനെ ഒന്‍പത് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. സിബിഐ കൂടി കേസില്‍ കൂടുതല്‍ ഇടപെടുന്നതോടെ കെജ്‌രിവാളിനും എഎപിക്കും കൂടുതല്‍ പ്രതിസന്ധി നേരിടേണ്ടിവരും.

പഞ്ചാബിലും എഎപി നേതാക്കളെ ലക്ഷ്യമിട്ട് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ രംഗത്തുണ്ട്. സാസ് നഗര്‍ എംഎല്‍എയും വ്യവസായിയുമായ കുല്‍വന്ദ് സിങിന്റെ മൊഹാലിയിലെ വീട്ടിലും ഇ ഡി റെയ്ഡ് നടത്തി. മൂന്നു ഐഎഎസ് ഓഫീസര്‍മാരേയും അന്വേഷണ ഏജന്‍സി ചോദ്യം ചെയ്തു.

ഡല്‍ഹി മദ്യനയ കേസിന് സമാനമായ അഴിമതി പഞ്ചാബിലും നടന്നിട്ടുണ്ടെന്നും ഇഡി അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇ ഡി നീക്കം. പഞ്ചാബിലെ മദ്യനയത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയില്‍ പരാതി എത്തിയിരുന്നു.

മദ്യശാലകള്‍ക്ക് ലൈസന്‍സ് ലഭിക്കാനായി നല്‍കുന്ന 75,000 രൂപ റീഫണ്ട് ചെയ്യില്ലെന്ന സര്‍ക്കാര്‍ നിലപാടിന് എതിരെയാണ് പെറ്റീഷന്‍. മദ്യശാലയ്ക്കായി അപേക്ഷ നല്‍കിയവരിലൊരാളാണ് പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. നേരത്തെയുണ്ടായിരുന്ന 35,000 രൂപയില്‍നിന്നാണ് ഈ ഫീസ് 75,000 രൂപയാക്കി വര്‍ധിപ്പിച്ചത്.

എക്‌സൈസ് ഫിനാന്‍സ് കമ്മീഷണര്‍ കെ എ പി സിന്‍ഹ, കമ്മീഷണര്‍ വരുണ്‍ റോജം, ജോയിന്റ് കമ്മീഷണര്‍ നരേഷ് ദുബെ എന്നിവരെയാണ് ചോദ്യം ചെയ്തത്. പഞ്ചാബ് സര്‍ക്കാരിന്റെ പുതിയ മദ്യനയം രൂപീകരിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഉദ്യോഗസ്ഥരാണ് ഇവര്‍. നിലവില്‍ ഡല്‍ഹി മദ്യനയക്കേസില്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി ഉപമുഖ്യമന്ത്രി മനിഷ് സിസോദിയയുമായി ഈ ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നാണ് ഇഡി ആരോപിക്കുന്നത്. ഇതോടെ, പഞ്ചാബിലും ഡല്‍ഹിയിലെ എഎപി സര്‍ക്കാര്‍ നേരിട്ട സാഹചര്യം രൂപപ്പെടാനുള്ള സാധ്യതകള്‍ വര്‍ധിച്ചു.

കടുത്ത പ്രതിഷേധം, എന്നിട്ടും വിടാതെ ഏജന്‍സികള്‍; പ്രതിപക്ഷ നേതാക്കളുടെ വീടുകളില്‍ വ്യാപക റെയ്ഡ്, ബിജെപിയുടെ ഇ ഡി പ്ലാന്‍
'പണം വന്ന വഴി അന്വേഷിക്കണം, മദ്യനയത്തിലെ അഴിമതിപ്പണം ലഭിച്ചത് ബിജെപിക്ക്'; ഇ ഡിയെ വെല്ലുവിളിച്ച് എഎപി

പ്രതിപക്ഷത്തിന്റെ പ്രതിഷേധ പ്രകടനങ്ങളെ ബിജെപി ഗൗനിക്കുന്നില്ലെന്നാണ് അന്വേഷണ ഏജന്‍സികളുടെ ഇന്നത്തെ നീക്കങ്ങളില്‍നിന്ന് ലഭിക്കുന്ന സൂചന. കെജ്‌രിവാളിന്റെ അറസ്റ്റിന് എതിരെയാണ് നിലവില്‍ പ്രതിപക്ഷ നേതാക്കള്‍ വിമര്‍ശനം നടത്തുന്നതും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നതും. ഇതിലൂടെ ഇലക്ടറല്‍ ബോണ്ട് വെളിപ്പെടുത്തലുകള്‍ക്ക് എതിരെയുള്ള ചര്‍ച്ചകള്‍ വഴിതെറ്റിച്ചു വിടാമെന്ന് ബിജെപി കണക്കുകൂട്ടുന്നു. വ്യവസായ സ്ഥാപനങ്ങളില്‍ നിന്ന് ഇലക്ടറല്‍ ബോണ്ട് വഴി ഏറ്റവും കൂടുതല്‍ പണം ലഭിച്ചത് ബിജെപിക്കാണെന്ന് വ്യക്തമായിരുന്നു.

എസ്ബിഐ കൈമാറിയ ഇലക്ടറല്‍ ബോണ്ടിന്റെ ന്യൂമറിക് നമ്പര്‍ അടക്കമുള്ള പൂര്‍ണവിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടതിന് പിന്നാലെയാണ് അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്യുന്നത്. ഇതിലൂടെ ചര്‍ച്ച വഴിമാറ്റി വിടാന്‍ ബിജെപിക്ക് സാധിച്ചു. എന്നാല്‍, ഇത് മനസ്സിലാക്കിയ എഎപി ഇന്ന് ഇലക്ടറല്‍ ബോണ്ട് വിഷയം വീണ്ടും ചര്‍ച്ചയാകുന്ന തരത്തിലുള്ള പ്രതികരണം നടത്തി.

മദ്യനയ കേസില്‍ മാപ്പുസാക്ഷിയായ ശരത് ചന്ദ്ര റെഡ്ഡിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇഡി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്. അര്‍ബിന്ദോ ഫാര്‍മ മേധാവിയായ ശരത്ചന്ദ്ര റെഡ്ഡി, ബിജെപിക്ക് ഇലക്ടറല്‍ ബോണ്ടുവഴി നാലര കോടി രൂപ നല്‍കിയിട്ടുണ്ടെന്ന് എഎപി നേതാവും ഡല്‍ഹി മന്ത്രിയുമായി അതിഷി സിങ് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ബിജെപിക്ക് ഇലക്ടറല്‍ ബോണ്ട് വഴി ലഭിച്ച പണത്തെ കുറിച്ച് അന്വേഷിക്കാന്‍ ഇ ഡിയെ അതിഷി വെല്ലുവിളിക്കുകയും ചെയ്തു. ഇതോടെ, ഇലക്ടറല്‍ ബോണ്ട് വിഷയത്തില്‍ നിന്ന് തെന്നിമാറാനുള്ള ബിജെപിയുടെ നീക്കത്തെ എഎപി വീണ്ടും പ്രതിരോധിച്ചു.

കെജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതിപക്ഷം രാജ്യവ്യാപക പ്രതിഷേധങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍, അഴിമതി വിരുദ്ധ പ്രതിച്ഛായ സൃഷ്ടിക്കാനുള്ള ബിജെപിയുടെ നീക്കമാണ് തുടരെത്തുടരെയുള്ള അറസ്റ്റുകളും റെയ്ഡുകളും എന്ന വിലയിരുത്തലുമുണ്ട്. അഴിമതിക്കാരെ പിടിക്കുന്നതിനെ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ദുരുപയോഗം ചെയ്യുകയാണെന്ന തരത്തിലാണ് പ്രതിപക്ഷം പ്രചരിപ്പിക്കുതെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാദം. മോദിയുടെ ഈ വാദം വരുംദിവസങ്ങളില്‍ ബിജെപി കൂടുതല്‍ ശക്തമായി ഉയര്‍ത്തിക്കാട്ടും.

logo
The Fourth
www.thefourthnews.in