ഫെമ ലംഘനം: ബൈജൂസ് 9,000 കോടി അടയ്ക്കണം; ഇ ഡി നോട്ടീസ്

ഫെമ ലംഘനം: ബൈജൂസ് 9,000 കോടി അടയ്ക്കണം; ഇ ഡി നോട്ടീസ്

2011നും 2023നും ഇടയില്‍ ഏകദേശം 28,000 കോടി രൂപയുടെ നേരിട്ടുള്ള വിദേശ നിക്ഷേപമാണ് ബൈജൂസിന് ലഭിച്ചതെന്നാണ് ഇ ഡി പറയുന്നത്

ഫെമ ലംഘനം നിയമം ലംഘിച്ച് വിദേശത്ത് നിന്ന് 28000 കോടിയുടെ നിക്ഷേപം സ്വീകരിച്ചെന്ന് കണ്ടെത്തിയതിനേത്തുടര്‍ന്ന്‌ 9000 കോടി രൂപ പിഴയടയ്ക്കണം എന്നാവശ്യപ്പെട്ട് ബൈജൂസ് ലേണിങ് ആപ്പിന് നോട്ടീസയച്ച്‌ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്‌.

2011നും 2023നും ഇടയില്‍ ബൈജൂസിന് 28,000 കോടി രൂപയുടെ വിദേശ നിക്ഷേപം ലഭിച്ചതായാണ് ഇ ഡി കണ്ടെത്തല്‍. ഇതേ കാലയളവില്‍, നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ പേരില്‍ വിവിധ വിദേശ രാജ്യങ്ങളിലേക്ക് ബൈജൂസ് 9,754 കോടി രൂപ നല്‍കിയതായും ഇ ഡി പറഞ്ഞു.

കഴിഞ്ഞ ഏപ്രിലില്‍ ബൈജൂസിന്റെ ഓഫീസുകളിലും സ്ഥാപനവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലും ഇ ഡി റെയ്ഡ് നടത്തിയിരുന്നു. വിദേശ വിനിമയ ചട്ടം (ഫെമ) ലംഘിച്ചതിന് എതിരായുള്ള കേസിലാണ് അന്ന് പരിശോധന നടത്തിയത്.

അതേസമയം, റിപ്പോര്‍ട്ടുകള്‍ തള്ളി ബൈജൂസ് രംഗത്തെത്തി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റില്‍ നിന്ന് ഒരു നോട്ടീസും ലഭിച്ചിട്ടില്ലെന്ന് ബൈജൂസ് വക്താവ് പറഞ്ഞു.

ഇ ഡിയില്‍ നിന്ന് ഒരു ആശയവിനിമയവും നടന്നിട്ടില്ലെന്ന് ബൈജൂസിന്റെ അഭിഭാഷകന്‍ സുല്‍ഫിക്കര്‍ മേമന്‍ പറഞ്ഞു. 'ഉച്ചവരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റില്‍ നിന്ന് അത്തരത്തിലുള്ള ഒരു ആശയ വിനിമയവും നടന്നിട്ടില്ല. ഇത്തരം വാര്‍ത്തകള്‍ എവിടെനിന്നാണ് വരുന്നത് എന്ന് എനിക്ക് വ്യക്തതയില്ല'- അദ്ദേഹം പറഞ്ഞു.

logo
The Fourth
www.thefourthnews.in