'തിരഞ്ഞെടുപ്പ് പ്രചാരണം മൗലികാവകാശമല്ല'; കെജ്‌രിവാളിന് ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത് ഇഡി

'തിരഞ്ഞെടുപ്പ് പ്രചാരണം മൗലികാവകാശമല്ല'; കെജ്‌രിവാളിന് ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത് ഇഡി

ഹര്‍ജിയില്‍ വെള്ളിയാഴ്ച വിധിപറയാനിരിക്കെയാണ് ഇഡി നടപടി

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പ്രചാരണം നടത്താന്‍ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഹര്‍ജിയെ എതിര്‍ത്ത് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് ഇഡി. ഹര്‍ജിയില്‍ വെള്ളിയാഴ്ച വിധിപറയാനിരിക്കെയാണ് ഇഡി നടപടി. നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്നും തിരഞ്ഞെടുപ്പ് പ്രചാരണം മൗലികമോ, ഭരണഘടനാപരമോ ആയ അവകാശമല്ലെന്നും ഇഡി സത്യവാങ്മൂലത്തില്‍ പറയുന്നു.

ഒരു രാഷ്ട്രീയ നേതാവിനും പ്രചാരണത്തിന് വേണ്ടി ജാമ്യം ലഭിച്ചിട്ടില്ലെന്നും കെജ്‌രിവാളിനെ സ്വന്തം പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി പ്രചാരണത്തിന് ജയിലില്‍ നിന്ന് പുറത്തുവിടുന്നത് തെറ്റായ മാതൃക സൃഷ്ടിക്കുമെന്നും ഇഡി സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി.

ഇടക്കാല ജാമ്യ ഹര്‍ജിയില്‍ ചൊവ്വാഴ്ച വാദം പൂര്‍ത്തിയായിരുന്നു. കേസ് പരിഗണിക്കവെ, അരവിന്ദ് കെജ്‌രിവാള്‍ ഡല്‍ഹിയുടെ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയാണെന്നും സ്ഥിരം കുറ്റവാളിയല്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. ''തിരഞ്ഞെടുപ്പ് നടക്കുകയാണ്. അസാധാരണ സാഹചര്യമാണ് നിലനില്‍ക്കുന്നത്. അദ്ദേഹം ഒരു സ്ഥിരം കുറ്റവാളിയല്ല'', ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കര്‍ ദത്തയുമടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

മദ്യനയ അഴിമതിക്കേസില്‍ കെജ്‌രിവാളിന്റെ ജുഡീഷ്യല്‍ കസ്റ്റഡി ഡല്‍ഹി ഹൈക്കോടതി മേയ്‌ 20 വരെ നീട്ടിയിരുന്നു. നേരത്തെ, ലോക്‌സഭ തിരഞ്ഞെടുപ്പിനിടെ കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തതിനെ സുപ്രീംകോടതി ചോദ്യം ചെയ്തിരുന്നു. അറസ്റ്റ് ചെയ്യാന്‍ ഉത്തരവുകളൊന്നും ഇല്ലാതെ ക്രിമിനല്‍ നടപടികള്‍ ആരംഭിക്കാന്‍ സാധ്യമാണോയെന്നും കോടതി ചോദിച്ചിരുന്നു. ചോദ്യങ്ങള്‍ക്ക് ഇന്ന് ഉത്തരം നല്‍കണമെന്നും ബെഞ്ച് നിര്‍ദേശിച്ചിരുന്നു.

കെജ്‌രിവാളിന് ഇടക്കാല ജാമ്യം നല്‍കുന്നത് സാധാരണക്കാര്‍ക്ക് തെറ്റായ സന്ദേശം നല്‍കുമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഇന്ന് വാദിച്ചു. ആറ് മാസത്തിനിടെ ഒന്‍പത് തവണയാണ് ഇ ഡിയുടെ സമന്‍സ് കെജ്‌രിവാള്‍ അവഗണിച്ചതെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. അന്വേഷണത്തില്‍ സഹകരിക്കുകയും സമന്‍സുകള്‍ ഒഴിവാക്കുകയും ചെയ്തിരുന്നെങ്കില്‍ അരവിന്ദ് കെജ്‌രിവാള്‍ അറസ്റ്റിലാകുമായിരുന്നില്ല എന്തെങ്കിലും ദുരുപയോഗം ഉണ്ടാകുമോയെന്ന് പരിശോധിച്ചാണ് ഇടക്കാല ജാമ്യം അനുവദിക്കുകയെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു.

'തിരഞ്ഞെടുപ്പ് പ്രചാരണം മൗലികാവകാശമല്ല'; കെജ്‌രിവാളിന് ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത് ഇഡി
'ഷുഗര്‍ കൂട്ടാന്‍ കെജ്‌രിവാള്‍ ജയിലില്‍ മാങ്ങയും മധുരപലഹാരങ്ങളും കഴിക്കുന്നു'; ജാമ്യം ലഭിക്കാനുള്ള സൂത്രമെന്ന് ഇഡി

അതേസമയം, മോചനം ലഭിച്ചാല്‍ മുഖ്യമന്ത്രി എന്നതരത്തിലുള്ള ഔദ്യോഗിക ഇടപെടലുകള്‍ കെജ്‌രിവാള്‍ നടത്തില്ലെന്ന് ഞങ്ങള്‍ കരുതുന്നെന്നും തിരഞ്ഞെടുപ്പ് എന്നത് ഇല്ലായിരുന്നെങ്കില്‍ ഇടക്കാലജാമ്യം എന്നത് കോടതി പരിഗണിക്കുകയേ ഇല്ലായിരുന്നെന്ന് ജസ്റ്റിസ് ദീപാങ്കുര്‍ ദത്ത നിരീക്ഷിച്ചു. ഇടക്കാല ജാമ്യം ലഭിച്ചാല്‍ മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട ഫയലുകളൊന്നും കെകാര്യം ചെയ്യില്ലെന്ന് കെജ്‌രിവാള്‍ കോടതിയെ അറിയിച്ചു.

2022-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അരവിന്ദ് കെജ്‌രിവാള്‍ ഗോവയിലെ സപ്ത നക്ഷത്ര ഹോട്ടലില്‍ താമസിച്ചത് പ്രതികളുടെ ചെലവിലാണെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു. എഎപിയുടെ പ്രചാരണത്തിനായി അനധികൃത പണം സ്വീകരിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്ത ചന്‍പ്രീത് സിംഗിന്റെ ചെലവിലാണ് ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ കെജ്‌രിവാള്‍ താമസിച്ചതെന്നാണ് ഇഡിയുടെ ആരോപണം. ഇതിനു തങ്ങളുടെ പക്കല്‍ തെളിവുകളുണ്ടെന്നും ഇഡിക്കുവേണ്ടി ഹാജരായ അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു വാദിച്ചു.

'തിരഞ്ഞെടുപ്പ് പ്രചാരണം മൗലികാവകാശമല്ല'; കെജ്‌രിവാളിന് ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത് ഇഡി
'ജീവനും സ്വാതന്ത്ര്യവും പ്രധാനം, തിരഞ്ഞെടുപ്പിന് മുൻപ് എന്തിനായിരുന്നു കെജ്‌രിവാളിന്റെ അറസ്റ്റ്'; ഇ ഡിയോട് സുപ്രീംകോടതി

ഇഡിയുടെ അറസ്റ്റ് ചോദ്യം ചെയ്തുകൊണ്ടുള്ള കെജ്‌രിവാളിന്റെ ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കുര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ച് ഇ ഡി അഭിഭാഷകനോട് ചോദ്യങ്ങള്‍ ചോദിച്ചത്. അറസ്റ്റ് ചെയ്യാന്‍ ഉത്തരവുകളൊന്നും ഇല്ലാതെ ക്രിമിനല്‍ നടപടികള്‍ ആരംഭിക്കാന്‍ സാധ്യമാണോയെന്ന് കോടതി ചോദിച്ചു. കെജ്‌രിവാളിന്റെ കേസില്‍ ഇതുവരേയും അറ്റാച്ച്‌മെന്റ് നടപടികള്‍ ആരംഭിച്ചിട്ടില്ലെന്നും ജസ്റ്റിസ് ഖന്ന ചൂണ്ടിക്കാട്ടി. ജാമ്യത്തിന് അപേക്ഷിക്കുന്നതിന് പകരം, അറസ്റ്റിനും റിമാന്‍ഡിനും എതിരെയാണ് കെജ്‌രിവാള്‍ കോടതിയെ സമീപിക്കുന്നത്. ഈ സാഹചര്യത്തില്‍ പിഎംഎല്‍എ നിയമത്തിലെ സെക്ഷന്‍ 19 എങ്ങനെ വ്യാഖ്യാനിക്കുമെന്നും കോടതി ചോദിച്ചിരുന്നു.

logo
The Fourth
www.thefourthnews.in