മദ്യനയ അഴിമതി കേസ്: കെജ്‌രിവാളിന്റെ ഐഫോൺ പരിശോധിക്കാൻ ആപ്പിളിന്റെ സഹായം തേടി ഇ ഡി

മദ്യനയ അഴിമതി കേസ്: കെജ്‌രിവാളിന്റെ ഐഫോൺ പരിശോധിക്കാൻ ആപ്പിളിന്റെ സഹായം തേടി ഇ ഡി

ഓരോ ദിവസവും അഞ്ചുമണിക്കൂറോളമാണ് ഇ ഡി കെജ്‌രിവാളിനെ ചോദ്യം ചെയ്യുന്നത്

മദ്യനയ അഴിമതിക്കേസിൽ ഇ ഡിയുടെ കസ്റ്റഡിയിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ മൊബൈൽ ഫോൺ പരിശോധിക്കാൻ ഐഫോൺ നിർമാതാക്കളായ ആപ്പിളിന്റെ സഹായം തേടി അന്വേഷണ സംഘം. ഐഫോണിന്റെ പാസ്‌വേഡ് പങ്കുവയ്ക്കാൻ കെജ്‌രിവാൾ തയ്യാറാകാതിരുന്നതോടെയാണ് ഇ ഡി ആപ്പിളിനെ സമീപിച്ചത്. കെജ്‌രിവാളിനെ അറസ്റ്റ് ചെയ്ത മാർച്ച് 21ന് അദ്ദേഹത്തിന്റെ വസതിയിൽനിന്ന് നാല് മൊബൈൽ ഫോണുകൾ ഇ ഡി പിടിച്ചെടുത്തിരുന്നു.

ഫോണിന്റെ പാസ്‌വേഡ് ഇ ഡിക്ക് കൈമാറുക വഴി ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർന്നേക്കുമെന്ന ആശങ്ക കെജ്‌രിവാൾ പ്രകടിപ്പിച്ചതായി ആം ആദ്മി പാർട്ടിയുടെ മുതിർന്ന നേതാക്കൾ പറഞ്ഞു. കെജ്‌രിവാളിന്റെ ഐഫോണിലേക്ക് ആക്‌സസ് ലഭിക്കുന്നതിന് ഫോണിൻ്റെ നിർമാതാക്കളായ ആപ്പിളുമായി ഇഡി ഔദ്യോഗികമായി ബന്ധപ്പെട്ടുവെന്നാണ് വിവരം.

മദ്യനയ അഴിമതി കേസ്: കെജ്‌രിവാളിന്റെ ഐഫോൺ പരിശോധിക്കാൻ ആപ്പിളിന്റെ സഹായം തേടി ഇ ഡി
'വ്യക്തികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് കരുതുന്നു'; കെജ്‌രിവാളിന്റെ അറസ്റ്റിൽ ആശങ്ക രേഖപ്പെടുത്തി യുഎന്നും

ഓരോ ദിവസവും അഞ്ചുമണിക്കൂറോളമാണ് ഇ ഡി കെജ്‌രിവാളിനെ ചോദ്യം ചെയ്യുന്നത്. മദ്യനയത്തിന്റെ കരട് തയ്യാറാക്കുന്ന വേളയിൽ കൈവശമുണ്ടായിരുന്ന ഫോൺ നിലവിൽ തന്റെ പക്കലില്ലെന്ന് കെജ്‌രിവാൾ അറിയിച്ചിരുന്നു. പിടിച്ചെടുത്ത ഐഫോൺ ഉപയോഗിക്കാൻ തുടങ്ങിയിട്ട് ഒരുവർഷം മാത്രമേ ആകുന്നുള്ളുവെന്നും അദ്ദേഹം ഇ ഡിയോട് പറഞ്ഞു. ഏപ്രിൽ ഒന്നിന് കഴിയുന്ന കസ്റ്റഡി കാലാവധി നാലുദിവസത്തേക്ക് കൂടി നീട്ടികിട്ടാനുള്ള നീക്കവും ഇ ഡി നടത്തുന്നുണ്ട്. അല്ലാത്തപക്ഷം ജുഡീഷ്യൽ കസ്റ്റഡി ആവശ്യപ്പെട്ടേക്കും.

മദ്യനയ അഴിമതിക്കേസിൽ കുറ്റം രജിസ്റ്റർ ചെയ്തിട്ടുള്ള സി ബി ഐയും കെജ്‌രിവാളിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടേക്കും. ഇ ഡിയുടെ റിമാൻഡ് റിപ്പോർട്ട് പ്രകാരം, മദ്യനയ കരട് ഉപയോഗിച്ച് അനധികൃതമായി 100 കോടി രൂപ സമ്പാദിക്കുകയും അതിൽ 45 കോടി 2021-22ലെ ഗോവ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വിനിയോഗിക്കുകയും ചെയ്തു. കസ്റ്റഡി സമയത്ത്, കെജ്‌രിവാളിനെയും ജയിലിൽ കഴിയുന്ന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ മുൻ പേഴ്സണൽ സെക്രട്ടറി സി അരവിന്ദിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്തിരുന്നു. കേജ്‌രിവാളിൻ്റെ വസതിയിൽ മദ്യനയം സംബന്ധിച്ച കരട് മന്ത്രിമാരുടെ സമിതി റിപ്പോർട്ട് അരവിന്ദിന് കൈമാറിയെന്നാണ് റിമാൻഡ് അപേക്ഷ. കേസുമായി ബന്ധമുള്ള ഒന്നോ രണ്ടോ പ്രധാന വ്യക്തികളെ കൂടി മുഖ്യമന്ത്രിയോടൊപ്പം ചോദ്യം ചെയ്തിരുന്നെങ്കിലും പേരുകൾ വെളിപ്പെടുത്തിയിട്ടില്ല.

മദ്യനയ അഴിമതി കേസ്: കെജ്‌രിവാളിന്റെ ഐഫോൺ പരിശോധിക്കാൻ ആപ്പിളിന്റെ സഹായം തേടി ഇ ഡി
മദ്യനയ അഴിമതിക്കേസില്‍ അടുത്ത എഎപി മന്ത്രിയും കുരുക്കിലേക്ക്? ഇഡിക്കു മുന്നില്‍ ഹാജരായി കൈലാഷ് ഗെഹ്ലോട്ട്

മദ്യനയ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഡൽഹി മന്ത്രി കൈലാഷ് ഗെഹ്‌ലോട്ടിനെയും ഇ ഡി ചോദ്യം ചെയ്തിരുന്നു. അഞ്ചുമണിക്കൂറാണ് ചോദ്യം ചെയ്യൽ നീണ്ടത്. കേസിലെ മറ്റൊരു കുറ്റാരോപിതനായ ആം ആദ്മി മുൻ കമ്മ്യൂണികേഷൻ ഇൻ ചാർജ് വിജയ് നായർക്ക് തന്റെ ഔദ്യോഗിക വസതി ഉപയോഗിക്കാൻ കൈലാഷ് അനുമതി നൽകിയെന്നാണ് ഇ ഡി ആരോപിക്കുന്നത്. മദ്യനയത്തിന്റെ കരട് തയ്യാറാക്കിയ സമിതിയിലും കൈലാഷ് അംഗമായിരുന്നു.

logo
The Fourth
www.thefourthnews.in