വിദ്യാഭ്യാസം കച്ചവടമല്ല, ഫീസ് എല്ലാവര്‍ക്കും താങ്ങാന്‍ കഴിയുന്നതാവണം;  ഹെെക്കോടതി ഉത്തരവ് ശരിവെച്ച് സുപ്രീംകോടതി

വിദ്യാഭ്യാസം കച്ചവടമല്ല, ഫീസ് എല്ലാവര്‍ക്കും താങ്ങാന്‍ കഴിയുന്നതാവണം; ഹെെക്കോടതി ഉത്തരവ് ശരിവെച്ച് സുപ്രീംകോടതി

സ്വകാര്യ കോളേജുകളിലെ എംബിബിഎസ് കോഴ്‌സിന്റെ വാർഷിക ട്യൂഷൻ ഫീസ് 24 ലക്ഷം രൂപയായി വർധിപ്പിച്ച സംസ്ഥാന സർക്കാരിന്റെ തീരുമാനം ആന്ധ്രാപ്രദേശ് ഹൈക്കോടതി റദ്ദാക്കിയിരുന്നു

വിദ്യാഭ്യാസത്തെ കേവലം വില്‍പ്പന ചരക്കായി മാത്രം കാണരുതെന്ന് സുപ്രീംകോടതിയും. സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ ഫീസ് എല്ലാവര്‍ക്കും താങ്ങാന്‍ കഴിയുന്നതാകണമെന്നും ജസ്റ്റിസുമാരായ എംആർ ഷാ, എംഎം സുന്ദരേഷ് എന്നിവരുടെ ബെഞ്ച് തിങ്കളാഴ്ച വ്യക്തമാക്കി. സ്വകാര്യ കോളേജുകളിലെ എംബിബിഎസ് കോഴ്‌സിന്റെ വാർഷിക ട്യൂഷൻ ഫീസ് 24 ലക്ഷം രൂപയായി വർധിപ്പിച്ച സംസ്ഥാന സർക്കാരിന്റെ തീരുമാനം ആന്ധ്രാപ്രദേശ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ നാരായണ മെഡിക്കൽ കോളേജ് നൽകിയ ഹർജി തള്ളിക്കൊണ്ടായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം.

നാരായണ മെഡിക്കൽ കോളേജ് നൽകിയ ഹർജി തള്ളി സുപ്രീംകോടതി

വാര്‍ഷിക ഫീസ് ഉയര്‍ത്താനുള്ള സംസ്ഥാനത്തിന്റെ തീരുമാനം ന്യായീകരിക്കാനാവാത്തതാണ്. 2011ല്‍ നിശ്ചയിക്കപ്പെട്ട ഫീസിനേക്കാള്‍ ഏഴ് മടങ്ങ് കൂടുതലാണ് വർദ്ധിപ്പിച്ച ഫീസെന്നും കോടതി പറഞ്ഞു. കൂടാതെ, ആന്ധ്രപ്രദേശ് സർക്കാരിനും അപ്പീൽ നൽകിയ കോളേജിനും 2.5 ലക്ഷം രൂപ വീതം പിഴയും സുപ്രീം കോടതി ചുമത്തി. ഇത് നാഷണൽ ലീഗൽ സർവീസസ് അതോറിറ്റിക്കും സുപ്രീം കോടതിയുടെ മീഡിയേഷൻ ആൻഡ് കൺസിലിയേഷൻ പ്രോജക്ട് കമ്മിറ്റിക്കും നൽകാനും 2.5 ഉത്തരവിട്ടു.

ആന്ധ്രപ്രദേശ് സർക്കാരിനും അപ്പീൽ നൽകിയ കോളേജിനും 2.5 ലക്ഷം രൂപ വീതം പിഴ

വിദ്യാര്‍ത്ഥികളില്‍ നിന്നും ഈടാക്കിയ അധിക ഫീസ് അവർക്ക് തന്നെ തിരികെ നല്‍കണമെന്ന ഹൈക്കോടതി ഉത്തരവും സുപ്രീംകോടതി ശരിവെച്ചു. നിയമ വിരുദ്ധമായ സര്‍ക്കാര്‍ ഉത്തരവിന്റെ ഗുണഭോക്താക്കളായി മെഡിക്കല്‍ കോളേജുകള്‍ മാറികഴിഞ്ഞു. 2017ലായിരുന്നു വിദ്യാര്‍ത്ഥികളില്‍ നിന്നും അധിക ഫീസ് ഈടാക്കാനുളള സര്‍ക്കാര്‍ തീരുമാനം ഉണ്ടായത്. വിദ്യാര്‍ത്ഥികളില്‍ നിന്നും ഇത്തരത്തില്‍ നിയമ വിരുദ്ധമായി വാങ്ങിയെടുക്കുന്ന തുക മെഡിക്കല്‍ കോളേജുകള്‍ക്ക് കൈവശം വെക്കാന്‍ അവകാശമില്ലെന്നും കോടതി വിധിച്ചു.

സ്ഥാപനത്തിന്റെ സ്വഭാവം, കോഴ്‌സിന്റെ സ്വഭാവം, സ്ഥാപനത്തിന് ലഭ്യമായ അടിസ്ഥാന സൗകര്യങ്ങള്‍, വരവ് - ചെലവ് - നടത്തിപ്പ് അടക്കമുളള കാര്യങ്ങള്‍, സംവരണ വിഭാഗത്തിലെ കുട്ടികളുടെ ഫീസിലുള്ള ഇളവ് എന്നിവ ഫീസ് നിര്‍ണയിക്കുന്നതില്‍ ശ്രദ്ധിക്കേണ്ട ഘടകങ്ങളാണെന്നും കോടതി പറഞ്ഞു.

logo
The Fourth
www.thefourthnews.in