ഒരുമാസം പിന്നിടുന്ന ഇഫ്ലു വിദ്യാർഥി പ്രതിഷേധം; സമരക്കാരെ അടിച്ചമർത്താൻ വർഗീയതയും പോലീസ് രാജും ആയുധമാക്കി യൂണിവേഴ്സിറ്റി

ഒരുമാസം പിന്നിടുന്ന ഇഫ്ലു വിദ്യാർഥി പ്രതിഷേധം; സമരക്കാരെ അടിച്ചമർത്താൻ വർഗീയതയും പോലീസ് രാജും ആയുധമാക്കി യൂണിവേഴ്സിറ്റി

'ഇൻക്വിലാബ് സിന്ദാബാദ്,' 'ആസാദി' എന്നീ മുദ്രാവാക്യങ്ങൾ പ്രതിഷേധക്കാർ കാമ്പസിനുള്ളിൽ മുഴക്കുന്നത് സമരത്തിന് പിന്നില്‍ ഗൂഢലക്ഷ്യങ്ങള്‍ ഉണ്ടെന്നതിന് തെളിവാണെന്നാണ് യൂണിവേഴ്സിറ്റി രജിസ്ട്രാറുടെ വാദം

സഹപാഠിക്ക് നേരിടേണ്ടി വന്ന ലൈംഗികാതിക്രമത്തിൽ നടപടി ആവശ്യപ്പെട്ടും അടിസ്ഥാന അവകാശങ്ങൾക്കും വേണ്ടി ഹൈദരാബാദിലെ ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജ് യൂണിവേഴ്സിറ്റിയിൽ വിദ്യാർഥികൾ സമരം ആരംഭിച്ചിട്ട് ഒരു മാസം പിന്നിടുന്നു. നിരാഹാര സമരം ഉൾപ്പെടെ ജനാധിപത്യ രീതിയിലാണ് പ്രതിഷേധമെങ്കിലും പ്രതികാരബുദ്ധിയോടെയാണ് സമരത്തിൽ പങ്കെടുക്കുന്ന വിദ്യാർഥികളെ യൂണിവേഴ്സിറ്റി അധികൃതർ നേരിടുന്നതെന്ന പരാതി വ്യാപകമാണ്. സമരം തുടങ്ങിയ ശേഷം വിദ്യാർഥികൾക്കെതിരെ എടുത്തിട്ടുള്ള 32 എഫ് ഐ ആറുകളും എണ്ണമറ്റ കാരണം കാണിക്കൽ നോട്ടീസുകളും ഈ വാദത്തെ സാധൂകരിക്കുകയും ചെയ്യുന്നു.

നിരാഹാര സമരം ഉൾപ്പെടെ നിരവധി സമരരീതികൾ വിദ്യാർഥികൾ സ്വീകരിച്ചിരുന്നു. എന്നാൽ ഇതിനെയെല്ലാം വൻ പോലീസ് സന്നാഹത്തെ അണിനിരത്തിയാണ് യൂണിവേഴ്സിറ്റി നേരിട്ടത്. കൂടാതെ സമരത്തെ വർഗീയമായി ചിത്രീകരിച്ച് പ്രതിഷേധത്തെ അമർച്ച ചെയ്യാനും യൂണിവേഴ്സിറ്റി പല ശ്രമങ്ങളും നടത്തിയതായി വിദ്യാർഥികൾ ചൂണ്ടിക്കാട്ടുന്നു. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരുന്നു ഒക്ടോബർ 14ന് ഇഫ്ലു രജിസ്ട്രാർ പ്രൊഫ. നരസിംഹ റാവു കേദാരി പോലീസിന് കൊടുത്ത പരാതി.

കാമ്പസിൽ ലൈംഗികാതിക്രമങ്ങൾക്ക് എതിരായി പ്രവർത്തിക്കേണ്ട സെൻസിറ്റൈസേഷൻ, പ്രിവൻഷൻ ആൻഡ് റിഡ്രസൽ ഓഫ് സെക്ഷ്വൽ ഹാസ്‌മെന്റ് (സ്പാർഷ്) കമ്മിറ്റിയിൽ വിദ്യാർഥികളെ ഉൾപ്പെടുത്തി ചട്ടപ്രകാരം പുനഃക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഒക്ടോബർ 16ന് സമരം തുടങ്ങുന്നത്

സമരക്കാർക്ക് പിന്നിൽ ചില സംഘങ്ങൾ ഉണ്ടെന്നും അവരുടേത് ഗൂഢലക്ഷ്യങ്ങളാണെന്നുമാണ് രജിസ്ട്രാർ പരാതിയിൽ പറയുന്നത്. 'ഇൻക്വിലാബ് സിന്ദാബാദ്,' 'ആസാദി' എന്നീ മുദ്രാവാക്യങ്ങൾ പ്രതിഷേധക്കാർ കാമ്പസിനുള്ളിൽ മുഴക്കുന്നുവെന്ന കാര്യത്തെ മുന്നിൽനിർത്തി ഈ വാദം സമർത്ഥിക്കാനും അദ്ദേഹം ശ്രമിക്കുന്നുണ്ട്. "പലസ്തീൻ വിഷയത്തിൽ ഒക്ടോബർ 18ന് കാമ്പസിലെ മുസ്ലിം സ്റ്റുഡന്റസ് ഫെഡറേഷന്റെ നേതൃത്വത്തിൽ ഒരു അക്കാദമിക ചർച്ച നടത്താൻ തീരുമാനിച്ചിരുന്നു. ഇതിന് അനുവാദം ലഭിക്കാത്തതിനെ തുടർന്ന് പരിപാടി നടന്നില്ല. എന്നിട്ടും നിരവധി തവണ സമരത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്കുള്ള മറുപടികളിൽ നടക്കാത്ത പലസ്തീൻ അനുകൂല പരിപാടിയുടെ കാര്യമെടുത്തിടുകയും സമരത്തിനൊരു വർഗീയ ചായ്‌വ് നൽകാൻ ശ്രമം നടത്തുകയും ചെയ്തിരുന്നു. ഇവയെല്ലാം പ്രതിഷേധത്തെ വർഗീയമായി ചിത്രീകരിക്കാൻ ഉള്ള അധികൃതരുടെ നീക്കത്തിന്റെ ഭാഗമാണ്." എംഎ ഒന്നാം വർഷ വിദ്യാർഥി ദ ഫോർത്തിനോട് പറഞ്ഞു.

"സംസാരിച്ച് പ്രശ്നം പരിഹരിക്കാൻ നാല് തവണ ശ്രമിച്ചെങ്കിലും അംഗീകരിക്കാനാകാത്ത ഉപാധികൾ വിദ്യാർഥികൾ മുന്നോട്ടുവച്ചു എന്നാണ് രജിസ്ട്രാർ പരാതിയിൽ പറയുന്നത്. വിദ്യാർത്ഥികളുമായി തുറന്ന ചർച്ച നടത്തണമെന്നായിരുന്നു ഞങ്ങൾ ആദ്യം ആവശ്യപ്പെട്ടിരുന്നത്. ഇതിന് വഴങ്ങാൻ അവർ കൂട്ടാക്കിയില്ല. ക്ലോസ്ഡ് ഡോർ ചർച്ച നടത്താമെന്ന് വിദ്യാർഥികൾ സമ്മതിച്ചെങ്കിലും അത് റെക്കോർഡ് ചെയ്യണമെന്ന ആവശ്യത്തോട് മുഖംതിരിക്കുന്ന സമീപനമാണ് അധികൃതർ സ്വീകരിച്ചത്. ഇതൊക്കെയാണ് പരാതിയിൽ അദ്ദേഹം പറയുന്ന 'അംഗീകരിക്കാനാകാത്ത ഉപാധികൾ'. പ്രശ്നങ്ങൾ പരിഹരിക്കാനോ ഞങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാനോ പ്രശ്നപരിഹാര ശ്രമം നടത്തിയെന്ന് അവകാശപ്പെടുന്നവർ പലപ്പോഴും ഭീഷണിയുടെ സ്വരത്തിലാണ് വിദ്യാർത്ഥികളോട് സംസാരിച്ചിരുന്നത്. ചർച്ചയെന്ന പേരിൽ വിളിക്കുമ്പോഴെല്ലാം അവിടെയുള്ള വിദ്യാർത്ഥികളുടെ ദൃശ്യങ്ങൾ പകർത്താൻ കാമ്പസിലെ സെക്യൂരിറ്റി ജീവനക്കാരും ഉണ്ടാകും. വിദ്യാർത്ഥികളെ തിരിച്ചറിഞ്ഞ് അവർക്കെതിരെ നടപടിയെടുക്കുകയാണ് ഈ ചിത്രീകരണങ്ങൾക്ക് പിന്നിൽ. അതിനുപുറമെ പോലീസ് ഇനിയും വരുമെന്ന് പറഞ്ഞ് പേടിപ്പിക്കാനുള്ള ശ്രമങ്ങളും ഉണ്ടായിട്ടുണ്ട്."- എംഎ ഒന്നാം വർഷ വിദ്യാർഥി പ്രതികരിച്ചു.

സമരം ഇതുവരെ

ക്യാംപസിൽ ലൈംഗികാതിക്രമങ്ങൾക്ക് എതിരായി പ്രവർത്തിക്കേണ്ട സെൻസിറ്റൈസേഷൻ, പ്രിവൻഷൻ ആൻഡ് റിഡ്രസൽ ഓഫ് സെക്ഷ്വൽ ഹാസ്‌മെന്റ് (സ്പാർഷ്) കമ്മിറ്റിയിൽ വിദ്യാർഥികളെ ഉൾപ്പെടുത്തി ചട്ടപ്രകാരം പുനഃക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഒക്ടോബർ 16ന് സമരം തുടങ്ങുന്നത്. ഒരുദിവസം കഴിഞ്ഞപ്പോഴാണ് കോളേജിനുള്ളിൽ വച്ച് വിദ്യാർത്ഥിനിക്ക് ലൈംഗികാതിക്രമം നേരിടേണ്ടി വന്നത്. ഇതോടെ പ്രതിഷേധം ശക്തമായി. വിദ്യാർഥികൾ പറയുന്നതനുസരിച്ച്, ബോധരഹിതയായ പെൺകുട്ടിയെ യൂണിവേഴ്സിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചപ്പോൾ ജീവനക്കാർ വളരെ നിസ്സംഗതയോടെയാണ് പെരുമാറിയത്. കൂടാതെ ആക്രമണത്തെ കുറിച്ച് പെൺകുട്ടി പറഞ്ഞ കാര്യങ്ങളെ ഗൗരവത്തിലെടുക്കാതിരിക്കുകയും സംഭവം പുറത്തറിയിക്കുന്നതിനെ നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്ന സമീപനവും ജീവനക്കാരിൽനിന്ന് ഉണ്ടായതായി ഇഫ്ലു വിദ്യാർഥി കൂട്ടായ്മ നവംബർ ഒൻപതിന് പുറത്തിറക്കിയ പ്രസ്താവനയിൽ ആരോപിക്കുന്നു.

ക്യാംപസിൽ മുന്നൂറോളം സിസിടിവി കാമറകളും നൂറ്റിമുപ്പതിലധികം സെക്യൂരിറ്റി ജീവനക്കാരും ഉണ്ടായിട്ടും പ്രതിസ്ഥാനത്തുള്ളവരെ കണ്ടെത്താൻ യൂണിവേഴ്സിറ്റിയുടെ ഭാഗത്തുനിന്ന് ആത്മാർത്ഥമായ ശ്രമം ഉണ്ടാവാതിരുന്നതോടെയാണ് പ്രതിഷേധം ശക്തമാകുന്നത്. തുടർന്ന് നടന്ന സമരങ്ങളെ പോലീസിനെ വിന്യസിച്ചും വിദ്യാർഥികളെ കായികമായി നേരിടാൻ അവരെ അനുവദിച്ചുമാണ് അധികൃതർ നേരിട്ടത്. 'കുറ്റവാളികളെ ഉടൻ കണ്ടെത്തി ശിക്ഷിക്കുക, വിദ്യാർത്ഥികളുടെ സുരക്ഷയിൽ വീഴ്ചവരുത്തിയ വൈസ് ചാൻസലറെയും മുഴുവൻ പ്രോക്‌ടോറിയൽ ബോർഡിനെയും നീക്കം ചെയ്യുക' എന്നിങ്ങനെ വിദ്യാർഥികൾ മുന്നോട്ടുവച്ച ആവശ്യങ്ങൾ നിറവേറ്റാൻ തയാറാകാതിരുന്നതോടെയാണ് നവംബർ അഞ്ചിന് വിദ്യാർഥികൾ നിരാഹാരസമരം ആരംഭിച്ചത്.

ഒടുവിൽ സമരക്കാരുടെ ആവശ്യങ്ങളിലൊന്നായ യൂണിവേഴ്സിറ്റി പ്രോക്ടർ ടി സാംസണിനെ മാറ്റണമെന്ന ഉപാധി അംഗീകരിച്ചതിനെ തുടർന്ന് ഇക്കഴിഞ്ഞ പതിനഞ്ചിന് വിദ്യാർഥികൾ നിരാഹാര സമരം അവസാനിപ്പിച്ചിരുന്നു. എന്നാൽ മറ്റ് ഉപാധികൾ അംഗീകരിക്കും വരെ സമരം ശക്തമായി തുടരുമെന്ന തീരുമാനത്തിലാണ് വിദ്യാർഥികൾ. ക്യാംപസിനുള്ളിലെ സമരത്തിന് പുറമെ വിദ്യാർഥികളുടെ രക്ഷിതാക്കൾ ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്.

  • യുജിസി ചട്ടങ്ങൾ അനുസരിച്ച് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി പ്രതിനിധികളെ ഉപയോഗിച്ച് ഐസിസി പുനഃസംഘടിപ്പിക്കുക

  • ഐസിസിയിൽനിന്ന് ലൈംഗികാതിക്രമ ആരോപണം നേരിടുന്ന ഫാക്കൽറ്റി അംഗങ്ങളെ ഒഴിവാക്കുക. യുജിസി ചട്ടങ്ങൾ പ്രകാരം മുതിർന്ന അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫിനെ പുറത്താക്കുക.

  • സ്റ്റുഡന്റ് യൂണിയൻ തിരഞ്ഞെടുപ്പ് ഉടനടി നടത്തുക.

  • വിദ്യാർഥികൾക്ക് നേരെയുള്ള കാരണം കാണിക്കൽ നോട്ടീസ് പിൻവലിക്കുക

  • കാമ്പസിലെ പോലീസ് സാന്നിധ്യം അവസാനിപ്പിക്കുക. സെക്യൂരിറ്റി ജീവനക്കാരുടെ പീഡനവും വിദ്യാർത്ഥികളുടെ സമ്മതമില്ലാതെ അവരുടെ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതും തടയുക.

  • കാമ്പസിലുള്ള തങ്ങളുടെ കുട്ടികളെ കാണാൻ മാതാപിതാക്കൾക്ക് അനുവാദം നൽകുക

  • കാമ്പസിലെ നിരീക്ഷണ സംവിധാനങ്ങളുടെ ഓഡിറ്റ് നടത്തുക

എന്നീ ആവശ്യങ്ങളാണ് നവംബർ 14ന് സമർപ്പിച്ച റിട്ട് ഹർജിയിൽ രക്ഷിതാക്കൾ മുന്നോട്ടുവച്ചിരിക്കുന്നത്.

logo
The Fourth
www.thefourthnews.in