ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ്: ഇവിഎമ്മിന് മാത്രം വേണ്ടത് 10,000 കോടി, 5 ഭരണഘടനാ ഭേദഗതിയും; കമ്മീഷന്റെ മറുപടി പുറത്ത്‌

ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ്: ഇവിഎമ്മിന് മാത്രം വേണ്ടത് 10,000 കോടി, 5 ഭരണഘടനാ ഭേദഗതിയും; കമ്മീഷന്റെ മറുപടി പുറത്ത്‌

ഈ വര്‍ഷം നടക്കാന്‍ പോകുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 11.80 ലക്ഷം പോളിങ് ബൂത്തുകള്‍ ആവശ്യമായി വരും

ലോക്‌സഭയിലേക്കും നിയമസഭയിലേക്കും ഒരുമിച്ച് തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ പുതിയ വോട്ടിങ് മെഷീനുകള്‍ വാങ്ങാന്‍ ഓരോ പതിനഞ്ചു വര്‍ഷത്തേക്കും 10,000 കോടി രൂപ വേണ്ടിവരുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഇവിഎമ്മുകളുടെ പരമാവധി ആയുസ് പതിനഞ്ചു വര്‍ഷമാണെന്നും ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുമ്പോള്‍ ഒരു സെറ്റ് മെഷീനുകള്‍ ഉപയോഗിച്ച് മൂന്നു തിരഞ്ഞെടുപ്പുകള്‍ വരെ നടത്താമെന്നും കേന്ദ്രസര്‍ക്കാരിന് അയച്ച കത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് പദ്ധതിയെ കുറിച്ചുള്ള വിവരങ്ങള്‍ ആരാഞ്ഞ കേന്ദ്ര നിയമകാര്യ കമ്മീഷന്‌ നല്‍കിയ മറുപടിയിലണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത് വ്യക്തമാക്കിയത്. ഒറ്റ തിരഞ്ഞെടുപ്പ് വിഷയത്തില്‍ കേന്ദ്ര നിയമ കമ്മീഷന്‍ റിപ്പോര്‍ട്ട് അടുത്തയാഴ്ച പുറത്തുവരാനിരിക്കെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ മറുപടിയുടെ വിശദാംശങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

ഈ വര്‍ഷം നടക്കാന്‍ പോകുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 11.80 ലക്ഷം പോളിങ് ബൂത്തുകള്‍ ആവശ്യമായി വരും. ലോക്‌സഭയിലേക്കും നിയമസഭയിലേക്കും തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുമ്പോള്‍ ഒരു പോളിങ് സ്‌റ്റേഷനിലേക്ക് രണ്ട് സെറ്റ് ഇവിഎം മെഷീനുകള്‍ വേണ്ടിവരും. മുന്‍കാല അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍, കേടായ യൂണിറ്റുകള്‍ മാറ്റിസ്ഥാപിക്കുന്നതിന് നിശ്ചിത ശതമാനം കണ്‍ട്രോള്‍ യൂണിറ്റുകള്‍ (സിയു), ബാലറ്റ് യൂണിറ്റുകള്‍ (ബിയു), വോട്ടര്‍-വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍ (വിവിപാറ്റ്) മെഷീനുകള്‍ എന്നിവ റിസര്‍വായി ആവശ്യമാണെന്ന് കമ്മീഷന്‍ വ്യക്തമാക്കി.

ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ്: ഇവിഎമ്മിന് മാത്രം വേണ്ടത് 10,000 കോടി, 5 ഭരണഘടനാ ഭേദഗതിയും; കമ്മീഷന്റെ മറുപടി പുറത്ത്‌
വോട്ടുനേട്ടം ഒരുലക്ഷം കവിഞ്ഞത് നാലു മണ്ഡലങ്ങളില്‍ മാത്രം; യുപിയില്‍ കോണ്‍ഗ്രസിനെ 'കറക്കുന്ന' കണക്കുകള്‍

ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുകയാണെങ്കില്‍ 46,75,100 ബാലറ്റ് യൂണിറ്റുകളും 33,63,300 കണ്‍ട്രോള്‍ യൂണിറ്റുകളും 36,62,600 വിവിപാറ്റുകളും വേണ്ടിവരുമെന്ന് കേന്ദ്ര നിയമ മന്ത്രാലയത്തിന് നല്‍കിയ മറുപടിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. പുതിയ യന്ത്രങ്ങളുടെ ഉല്‍പ്പാദനം, വെയര്‍ഹൗസ് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കല്‍, മറ്റ് ലോജിസ്റ്റിക് പ്രശ്‌നങ്ങള്‍ എന്നിവ കണക്കിലെടുത്ത് 2029-ല്‍ മാത്രമേ ഒരേസമയം തിരഞ്ഞെടുപ്പ് നടത്താന്‍ കഴിയൂ എന്ന് കമ്മീഷന്‍ വ്യക്തമാക്കി. ഒറ്റ തിരഞ്ഞെടുപ്പ് നടപ്പിലാക്കാന്‍ ഭരണഘടനയുടെ അഞ്ച് അനുച്ഛേദങ്ങളില്‍ ഭേദഗതിവരുത്തണമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

പാര്‍ലമെന്റിന്റെ കാലവധി സംബന്ധിച്ച അനുച്ഛേദം 83, രാഷ്ട്രപതി ലോക്സഭ പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട അനുച്ഛേദം 85, സംസ്ഥാന നിയമസഭകളുടെ കാലാവധിയുമായി ബന്ധപ്പെട്ട അനുച്ഛേദം 172, സംസ്ഥാന നിയമസഭകള്‍ പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട അനുച്ഛേദം 174, സംസ്ഥാനങ്ങളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട അനുച്ഛേദം 356 എന്നിവയാണ് ഭേദഗതി വരുത്തേണ്ടത്. ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് പദ്ധതിയെ സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അധ്യക്ഷതയില്‍ കേന്ദ്രസര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in