കലീമിന് ഇനി വിശ്രമകാലം; 
60ാം വയസില്‍ വിരമിച്ച് കുങ്കിയാന; ഹൃദ്യമായ യാത്രയയപ്പ് നല്‍കി തമിഴ്നാട് വനംവകുപ്പ്

കലീമിന് ഇനി വിശ്രമകാലം; 60ാം വയസില്‍ വിരമിച്ച് കുങ്കിയാന; ഹൃദ്യമായ യാത്രയയപ്പ് നല്‍കി തമിഴ്നാട് വനംവകുപ്പ്

വനംവകുപ്പിന്റെ സേവനത്തിൽ നിന്ന് വിരമിച്ച കലീം ഇനി ആന ക്യാമ്പിൽ വിശ്രമിക്കും

ഏഷ്യയിലെ ഏറ്റവും വലിയ താപ്പാനയായ ആനമല കലീമിന് ഇനി വിശ്രമകാലം. തമിഴ്നാടിന്റെ സൂപ്പർ സ്റ്റാർ കുങ്കിയാനയ്ക്ക് ഇനി നാട്ടിലിറങ്ങി പ്രശ്‌നമുണ്ടാക്കുന്ന ആനകളെ തളയ്ക്കേണ്ട ഉത്തരവാദിത്തമില്ല. ചൊവ്വാഴ്ച വനംവകുപ്പിന്റെ സേവനത്തിൽ നിന്ന് വിരമിച്ച കലീം ഇനി ആന ക്യാമ്പിൽ വിശ്രമിക്കും. ഗാർഡ് ഓഫ് ഹോണർ അടക്കമുള്ള ഔദ്യോഗിക ചടങ്ങുകളോടെയായിരുന്നു കലീമിന്റെ യാത്രയയപ്പ്. അഞ്ച് വനപാലകരും മറ്റ് ആനകളും ചേര്‍ന്നാണ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയത്. കരുത്തിന്റെയും ധൈര്യത്തിന്റെയും പ്രതീകമെന്നാണ് വനപാലകർ കലീമിനെ വിശേഷിപ്പിക്കുന്നത്.

ആനമല ആനത്താവളത്തിലെ ഏറ്റവും മുതിർന്ന താപ്പാനയായ കലീം, കഴിഞ്ഞ 30 വർഷമായി തമിഴ്നാട്, കേരളം, കർണാടക, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ നൂറോളം വിജയകരമായ ദൗത്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. കറുപ്പന്‍ എന്ന കാട്ടാനയെ പിടികൂടുക എന്നതായിരുന്നു കലീമിന്റെ അവസാനത്തെ ദൗത്യമെന്ന് കഴിഞ്ഞ 25 വർഷമായി ആനയുടെ പാപ്പാനായിരുന്ന മണി പറയുന്നു. എന്നാൽ ആന സത്യമംഗലം കടുവ സംരക്ഷണ കേന്ദ്രത്തിലേക്ക് അപ്രത്യക്ഷനായി. ഇത്രയധികം സാഹസികമായ ദൗത്യത്തിന് നേതൃത്വം നല്‍കിയ കലീം ഒരു ഇതിഹാസമായിരുന്നെന്നും സേവനത്തിന് നന്ദിയുണ്ടെന്നും സംസ്ഥാന പരിസ്ഥിതി സെക്രട്ടറി സുപ്രിയ സാഹു ട്വീറ്റ് ചെയ്തു.

തമിഴ്നാട് ആനമല കടുവ സംരക്ഷണ മേഖലയിലെ ഏറ്റവും വിശ്വസ്തനായ കുങ്കിയാന ആയിരുന്നു കലീം. നാട്ടിലിറങ്ങുന്ന കാട്ടാനകളെ തുരത്താനും അക്രമികളായ കാട്ടാനകളെ മെരുക്കുകയും കാടുകയറ്റുകയുമായിരുന്നു കലീമിന്റെ പ്രധാന ദൗത്യം. 99 ദൗത്യങ്ങള്‍ക്ക് കലീം നേതൃത്വം നല്‍കിയിട്ടുണ്ട്. 1972 ഡിസംബറില്‍ സത്യമംഗലം വനത്തില്‍ നിന്നാണ് കലീമിനെ പിടികൂടുന്നത്. പിന്നീട് പാപ്പാനായ പളനിചാമിയുടെ നേതൃത്വത്തില്‍ പരിശീലിപ്പിച്ചു. ഇപ്പോഴത്തെ പാപ്പാനായ മണിയുടെ അമ്മാവനായിരുന്നു പളനിചാമി. മറ്റ് കുങ്കികളെപ്പോലെ ഉയരമില്ലെങ്കിലും കലീമിന് അത്യാവശ്യം ശരീരഭാരവും നീളവുമുണ്ട്. ഏകദേശം അഞ്ച് ടണ്‍ ഭാരമാണ് കലീമിനുള്ളത്. പൊതുവെ ശാന്തനായ കലീം ബുദ്ധിമാനും അനുസരണയുള്ളവനുമാണെന്ന് മണി പറയുന്നു.

പൊള്ളാച്ചി വനത്തിലും ചിന്നത്തമ്പിയിലും നാശം വിതച്ച, ആറ് പേരെ കൊന്ന അരിസി രാജ എന്ന ആനയെ പിടികൂടാനുള്ള ഓപ്പറേഷന്റെ ഭാഗമായിരുന്നു കലീം. തിരുവനന്തപുരം പേപ്പാറയിൽ കൊലകൊല്ലിയെന്ന കാട്ടാനയെ മെരുക്കിയത് കലീമിന്റെ നേതൃത്വത്തിലാണ്. 15ദിവസത്തെ ശ്രമങ്ങൾക്കൊടുവിലാണ് കൊലകൊല്ലിയെ മെരുക്കാനായത്. തിരുവണ്ണാമലയിൽ രണ്ട് ദിവസത്തിൽ ആറ് ആനകളെ മെരുക്കിയതും കലീമിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. കൂടാതെ പശ്ചിമ ബംഗാളിലും കാട്ടാനകളെ ഓടിച്ചിട്ട് പിടിച്ചിട്ടുമുണ്ട് കലീം. ഓരോ ഭൂപ്രദേശത്തെക്കുറിച്ച് അറിയാനുള്ള കഴിവുണ്ട്. അതുകൊണ്ട് തന്നെ വെല്ലുവിളികളെ മറികടക്കാൻ കലീമിന് കഴിയുമായിരുന്നുവെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.

logo
The Fourth
www.thefourthnews.in