പത്താം നിലയില്‍ നിന്നും ലിഫ്റ്റ് താഴേക്ക് പതിച്ചു; അപകടത്തില്‍പ്പെട്ടത് പിഞ്ചുകുഞ്ഞുള്‍പ്പെടെ ആറ് പേര്‍

പത്താം നിലയില്‍ നിന്നും ലിഫ്റ്റ് താഴേക്ക് പതിച്ചു; അപകടത്തില്‍പ്പെട്ടത് പിഞ്ചുകുഞ്ഞുള്‍പ്പെടെ ആറ് പേര്‍

കൈക്കുഞ്ഞടക്കം ആറംഗ കുടുംബമായിരുന്നു അപകട സമയത്ത് ലിഫ്റ്റില്‍ ഉണ്ടായിരുന്നത്

ഡല്‍ഹിക്ക് സമീപം ഗാസിയാബാദില്‍ ലിഫ്റ്റ് പൊട്ടിവീണ് അപകടം. അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിന്റെ പത്താം നിലയില്‍ നിന്നാണ് നിയന്ത്രണം വിട്ട ലിഫ്റ്റ് ആറു പേരുമായി താഴേക്ക് പതിച്ചത്. ഗാസിയാബാദിലെ നന്ദ്ഗ്രാം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഔറ കമേലിയ സൊസൈറ്റിയില്‍ തിങ്കളാഴ്ച്ചയായിരുന്നു സംഭവം.

കൈക്കുഞ്ഞടക്കം ആറംഗ കുടുംബമായിരുന്നു അപകട സമയത്ത് ലിഫ്റ്റില്‍ ഉണ്ടായിരുന്നത്. രാത്രി കുടുംബാംഗങ്ങള്‍ ഒന്നിച്ച് പുറത്തിറങ്ങുകയും, താഴെയ്ക്ക് എത്താന്‍ ലിഫ്റ്റില്‍ കയറുകയും ചെയ്തതിന് പിന്നാലെയാണ് അപകടം ഉണ്ടായത്. ലിഫ്റ്റ് പത്താം നിലയില്‍ പുറപ്പെട്ട ലിഫ്റ്റ് ആദ്യം ഏഴാം നിലയിലേക്കും പിന്നീട് മൂന്നാം നിലയില്‍ കുടുങ്ങിയ ശേഷം സെക്കന്റുകള്‍കൊണ്ട് താഴത്തെ നിലയില്‍ പതിക്കുകയായിരുന്നു.

ലിഫിറ്റിലുണ്ടായിരുന്ന കുടുംബത്തിന്റെ നിലവിളി കേട്ടാണ് അപകട വിവരം പുറത്തറിഞ്ഞത്. 30 മിനുട്ടോളം ലിഫ്റ്റിനുളളില്‍ കുടുങ്ങിയ ഇവരെ സാങ്കേതിക വിദഗ്ദരെത്തിയാണ് പുറത്തെത്തിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. രണ്ട് ദിവസം മുന്‍പ് മാത്രം പ്രവര്‍ത്തനം ആരംഭിച്ച ലിഫ്റ്റാണ് അപകടത്തില്‍പ്പെട്ടത്.

സംഭവത്തെ തുടര്‍ന്ന് കുടുംബം മെയിന്റനന്‍സ് ലിഫ്റ്റ് ഏജന്‍സിക്കെതിരെ പോലീസില്‍ പരാതി നല്‍കി. അതേസമയം, ലിഫ്റ്റില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നുണ്ടെന്ന് കാണിച്ച് ലിഫ്റ്റിന് പുറത്ത് നോട്ടീസ് പതിച്ചിട്ടുണ്ടെന്നും താമസകാര്‍ക്ക് ഉപയോഗത്തിനായി കൈമാറിയിട്ടില്ലെന്നുമാണ് കമ്പനി അധികൃതരുടെ വാദം.

ഡല്‍ഹിയില്‍ ഈ വര്‍ഷം നടക്കുന്ന നാലമത്തെ ലിഫ്റ്റ് അപകടമാണ് കഴിഞ്ഞ ദിവസം ഗാസിയാബാദില്‍ ഉണ്ടായത്. ഏപ്രില്‍ 15 ന് നോയിഡയിലെ ഹോട്ടലില്‍ നടന്ന ലിഫ്റ്റ് അപകടത്തില്‍ ഒമ്പത് പേര്‍ക്ക് പരിക്കേറ്റിരുന്നു. അമിത ഭാരത്തെ തുടര്‍ന്നാണ് ലിഫ്റ്റ് തകരാറിലായത്. മൂന്നാം നിലയില്‍ നിന്നും നിയന്ത്രണമില്ലാതെ ലിഫ്റ്റ് ബേസ്‌മെന്റിലേക്ക് പതിക്കുകയായിരുന്നു.

ഏപ്രില്‍ 13ന് മുന്ന് കുട്ടികളും രണ്ട് പ്രായമായവരുമടക്കം രണ്ട് മണിക്കൂറാണ് ലിഫ്റ്റില്‍ കുടുങ്ങി കിടന്നത്. ലിഫ്റ്റില്‍ പരിധിയില്‍ കൂടുതല്‍ പേര്‍ കയറിയിരുന്നു. നോയിഡയിലെ ഫ്‌ളാറ്റിലായിരുന്നു സംഭവം.

മാര്‍ച്ച് 13 ന് ഗാസിയാബാദിലെ ഭാരത് സിറ്റി അപാര്‍ട്ട്‌മെന്റില്‍ രണ്ട് പെണ്‍കുട്ടികളും ലിഫ്റ്റില്‍ കുടുങ്ങിയിരുന്നു. ഏപ്രില്‍ 27 ഐഎംഎസ് എഞ്ചിനിയറിങ് കോളജിലെ പത്ത് കുട്ടികളാണ് ഹോസ്റ്റലിലെ ലിഫ്റ്റില്‍ കുടുങ്ങിയത്. ആറാം നിലയില്‍ നിന്നും നിയന്ത്രണം വിട്ട ലിഫ്റ്റ് താഴെ നിയയില്‍ പതിച്ചു. സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാരമായ പരിക്കുകളുണ്ടായിരുന്നു.

logo
The Fourth
www.thefourthnews.in