'ഞാന്‍ മോദിയുടെ ആരാധകന്‍, ഇന്ത്യയുടെ ഭാവിയിൽ ആവേശഭരിതൻ'; ന്യൂയോർക്കിൽ മോദി - മസ്ക് കൂടിക്കാഴ്ച

'ഞാന്‍ മോദിയുടെ ആരാധകന്‍, ഇന്ത്യയുടെ ഭാവിയിൽ ആവേശഭരിതൻ'; ന്യൂയോർക്കിൽ മോദി - മസ്ക് കൂടിക്കാഴ്ച

ഇന്ത്യയുടെ ഭാവിയെ ആവേശഭരിതനായാണ് നോക്കിക്കാണുന്നതെന്ന് ഇലോണ്‍ മസ്‌ക്

മൂന്ന് ദിവസത്തെ അമേരിക്കന്‍ പര്യടനത്തിനിടെ ട്വിറ്റര്‍ സിഇഒ ഇലോണ്‍ മസ്‌കുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. താന്‍ മോദിയുടെ വലിയ ആരാധകനാണെന്ന് പറഞ്ഞ മസ്‌ക്, അടുത്ത വര്‍ഷം രാജ്യം സന്ദര്‍ശിക്കുമെന്നും അറിയിച്ചു. ഇന്ത്യയുടെ ഭാവിയെ ആവേശഭരിതനായാണ് താൻ നോക്കിക്കാണുന്നതെന്നും സ്പേസ് എക്സ് മേധാവി ന്യൂയോര്‍ക്കിൽ കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു.

ലോകത്തെ ഏത് രാജ്യത്തേക്കാളും ഭാവിയുള്ളത് ഇന്ത്യയ്ക്കാണെന്ന് മസ്ക് പറഞ്ഞു. ''ഇന്ത്യയ്ക്ക് വേണ്ടി മികച്ച കാര്യങ്ങൾ ചെയ്യാൻ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്നയാളാണ് മോദി. ഈ പിന്തുണ ഞങ്ങളേയും നിക്ഷേപം നടത്താൻ പ്രേരിപ്പിക്കുന്നുണ്ട്. നിരവധി പുതിയ കമ്പനികൾക്ക് രാജ്യത്ത് പ്രവർത്തിക്കാൻ അവസരം നൽകുന്നയാളാണ് അദ്ദേഹമെന്ന് നിസ്സംശയം പറയാം'' - മസ്ക് പറഞ്ഞു.

സ്പേസ് എക്സിന്റെ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്ക് ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ പദ്ധതിയിടുന്നുണ്ട് . ഇന്റര്‍നെറ്റ് ലഭ്യതയില്ലാത്ത ഇന്ത്യയിലെ ഗ്രാമീണ ജനതയ്ക്ക് ഇത് സഹായകമാകുമെന്നും മസ്ക് വ്യക്തമാക്കി.

2015ൽ യുഎസ് സന്ദര്‍ശനത്തിനിടെ മോദി ടെസ്‌ലയുടെ കാലിഫോര്‍ണിയയിലെ ഫാക്ടറി സന്ദര്‍ശിച്ചിരുന്നു. ഇന്ത്യയിൽ ടെസ്‌ല ഫാക്ടറി തുറക്കാൻ ശ്രമങ്ങൾ നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകൾക്കിടെയാണ് മോദി -മസ്ക് കൂടിക്കാഴ്ച. ഇന്ത്യന്‍ വിപണിയില്‍ താത്പര്യമുണ്ടെന്നും ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയില്‍ ഫാക്ടറി സ്ഥാപിക്കുന്ന സ്ഥലത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും നേരത്തെ വാള്‍സ്ട്രീറ്റ് ജേർണലിന് നല്‍കിയ അഭിമുഖത്തില്‍ മസ്ക് വ്യക്തമാക്കിയിരുന്നു. മോദി - മസ്ക് കൂടിക്കാഴ്ച ഇത് വേഗത്തിലാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

അമേരിക്കന്‍ ജ്യോതിശാസ്ത്രജ്ഞന്‍ നീല്‍ ഡി ഗ്രാസ് ടൈസണ്‍, പ്രൊഫസര്‍ നാസിം നിക്കോളാസ് തലേബ്, എഴുത്തുകാരന്‍ റോബര്‍ട്ട് തുര്‍മാന്‍, നിക്ഷേപകനായ റേ ഡാലിയോ എന്നിവരുമായും പ്രധാനമന്ത്രി മോദി ന്യൂയോര്‍ക്കില്‍ കൂടിക്കാഴ്ച നടത്തി.

യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെയും ക്ഷണപ്രകാരം ജൂണ്‍ 21 മുതല്‍ 24 വരെയാണ് പ്രധാനമന്ത്രി മോദി യുഎസ് സന്ദര്‍ശിക്കുന്നത്. നൊബേല്‍ സമ്മാന ജേതാക്കള്‍, സാമ്പത്തിക വിദഗ്ധര്‍, കലാകാരന്മാര്‍, ശാസ്ത്രജ്ഞര്‍, സംരംഭകര്‍, അക്കാദമിക് വിദഗ്ധര്‍, ആരോഗ്യ വിദഗ്ധര്‍ തുടങ്ങി വിവിധ മേഖലകളിലുള്ളവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.

logo
The Fourth
www.thefourthnews.in